ഐപിഎല്‍ റണ്‍വേട്ടയില്‍ ചരിത്രം കുറിച്ച് കോലി

By Web TeamFirst Published Apr 23, 2021, 9:50 AM IST
Highlights

രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് 6000 തികക്കുന്ന ആദ്യ ബാറ്റ്സ്മാനാവാന്‍ കോലിക്ക് 51 റണ്‍സ് കൂടി വേണമായിരുന്നു. ബാംഗ്ലൂര്‍ ഇന്നിംഗ്സിന്‍റെ പതിമൂന്നാം ഓവറില്‍ അര്‍ധസെഞ്ചുറി പിന്നിട്ടാണ് കോലി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

മുംബൈ: ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്  ഇതുവരെ കിരീടങ്ങളൊന്നും നേടിക്കൊടുക്കാനായിട്ടില്ലെങ്കിലും റണ്‍വേട്ടയില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി. രാജസ്ഥാന്‍ റോയല്‍സിനെതിരെ 47 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ഒപ്പം ഐപിഎല്ലില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്സ്മാനുമായി.

രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് 6000 തികക്കുന്ന ആദ്യ ബാറ്റ്സ്മാനാവാന്‍ കോലിക്ക് 51 റണ്‍സ് കൂടി വേണമായിരുന്നു. ബാംഗ്ലൂര്‍ ഇന്നിംഗ്സിന്‍റെ പതിമൂന്നാം ഓവറില്‍ അര്‍ധസെഞ്ചുറി പിന്നിട്ടാണ് കോലി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 5448 റണ്‍സുമായി ഐപിഎല്‍ റണ്‍വേട്ടയില്‍ സുരേഷ് റെയ്നയാണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 5428 റണ്‍സുമായി ശിഖര്‍ ധവാന്‍ മൂന്നാമതും 5384 റണ്‍സുള്ള ഡേവിഡ് വാര്‍ണര്‍ നാലാമതും 5368 റണ്‍സുമായി മുംബൈ നായകന്‍ രോഹിത് ശര്‍മ അഞ്ചാമതുമാണ്.

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കോലിയുടെ അര്‍ധസെഞ്ചുറിയുടെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ(101*) സെഞ്ചുറിയുടെയും മികവില്‍ പത്ത് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ 16.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ സീസണില്‍ നാലു ജയവുമായി തോല്‍വി അറിയാത്ത ഒരേയൊരു ടീമെന്ന നേട്ടവും ബാംഗ്ലൂര്‍ സ്വന്തമാക്കി.

Also Read: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!