
മുംബൈ: ഒറ്റ മത്സരം കൊണ്ട് മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രിയങ്കരനായി മാറി മലയാളി താരം വിഷ്ണു വിനോദ്. മുംബൈ തകരുമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. 20 പന്തിൽ 30 റൺസാണ് വിഷ്ണു നേടിയത്. മത്സരത്തിന് ശേഷം ഡ്രെസിംഗ് റൂമിലും വിഷ്ണു വിനോദ് സ്റ്റാറായി. മികച്ച പ്രകടനം പുറത്തെടുത്തതിന് താരത്തെ ടീം ആദരിക്കുകയും ചെയ്തു.
മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനിയാണ് വിഷ്ണുവിനെ ക്ഷണിച്ചത്. രണ്ട് യുവതാരങ്ങൾക്ക് ടീമിന്റെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നൽകാനുണ്ടെന്ന് പറഞ്ഞുകൊണ്ട് നിത അംബാനി ആദ്യം വിളിച്ചത് വിഷ്ണു വിനോദിനെയാണ്. കീറോൺ പൊള്ളാർഡ് ആണ് വിഷ്ണുവിന് ബാഡ്ജ് കുത്തി നൽകിയത്. പിന്നാലെ വിഷ്ണുവിനോട് മറുപടി പ്രസംഗം നടത്താൻ ടീം അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ ആരോ ഒരാൾ പ്രസംഗം ഹിന്ദിയിൽ വേണണെന്നും പറയുന്നുണ്ടായിരുന്നു.
ഇതിനോട് ചിരിച്ച ശേഷം വിഷ്ണു ഇംഗ്ലീഷിലാണ് മറുപടി പറഞ്ഞത്. ഇങ്ങനെയൊരു അവസരം നൽകിയതിന് നന്ദിയുണ്ടെന്ന് വിഷ്ണു പറഞ്ഞു. അവസരം കിട്ടുമ്പോൾ തന്റെ 100 ശതമാനവും നൽകുമെന്നും വിഷ്ണു കൂട്ടിച്ചേർത്തു. മത്സരത്തിൽ സിംഗിളുകളിൽ തുടങ്ങിയ വിഷ്ണു അൽസാരി ജോസഫിനെ സിക്സ് അടിച്ചാണ് ടോപ് ഗിയറിട്ടത്.
പിന്നീട് മുഹമ്മദ് ഷമിയെ സിക്സിനും ഫോറിനും പായിച്ചത് രോമാഞ്ചമുണർത്തുന്ന കാഴ്ചയായി. ഒടുവിൽ 20 പന്തിൽ 30 റൺസുമായാണ് വിഷ്ണു കളം വിട്ടത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലിൽ വിഷ്ണു വിനോദിന് ഒരു അവസരം ലഭിക്കുന്നത്. 2014ൽ ആർസിബിക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ, 19 റൺസ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!