റസലിനെ വീഴ്ത്തിയതിന് പിന്നിലെ ബുദ്ധി ആരുടേത്?; മറുപടി നല്‍കി ധോണി

By Web TeamFirst Published Apr 22, 2021, 2:17 PM IST
Highlights

ഓഫ് സൈഡില്‍ ഫീല്‍ഡര്‍മാനെ നിര്‍ത്തി ലെഗ് സ്റ്റംപില്‍ പന്തെറിയാനുള്ള തന്ത്രം ആരുടേതാണെന്നായിരുന്നു മത്സരശേഷം എല്ലാവര്‍ക്കും അറിയേണ്ടത്. ഇക്കാര്യം മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ അവതാരകന്‍ അലന്‍ വില്‍കിന്‍സ് ധോണിയോട് ചോദിക്കുകയും ചെയ്തു.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ പോരാട്ടത്തില്‍ കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നടത്തിയ വെടിക്കെട്ട് ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടിയതാണ്. 22 പന്തില്‍ 54 റണ്‍സടിച്ച റസല്‍ കൊല്‍ക്കത്തയെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സാം കറന്‍റെ പന്തില്‍ റസല്‍ ബൗള്‍ഡായി. ഓഫ് സൈഡില്‍ ഫീല്‍ഡ‍ര്‍മാരെ നിരത്തി നിര്‍ത്തി കറന്‍ ലെഗ് സ്റ്റംപിലെറിഞ്ഞ പന്ത് റസല്‍ ലീവ് ചെയ്തെങ്കിലും ബൗള്‍ഡാവുകയായിരുന്നു.

അത് റസലിന് പോലും കുറച്ചുനേരത്തെക്ക് വിശ്വസിക്കാനായില്ല. പുറത്തായതിനുശേഷം നിരാശയോടെ ഡ്രസ്സിംഗ് റൂമിന്‍റെ പടിക്കെട്ടില്‍ തലകുമ്പിട്ടിരിക്കുന്ന റസലിനെയും കാണാമായിരുന്നു. ഓഫ് സൈഡില്‍ ഫീല്‍ഡര്‍മാനെ നിര്‍ത്തി ലെഗ് സ്റ്റംപില്‍ പന്തെറിയാനുള്ള തന്ത്രം ആരുടേതാണെന്നായിരുന്നു മത്സരശേഷം എല്ലാവര്‍ക്കും അറിയേണ്ടത്. ഇക്കാര്യം മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ അവതാരകന്‍ അലന്‍ വില്‍കിന്‍സ് ധോണിയോട് ചോദിക്കുകയും ചെയ്തു.

എന്നാല്‍ അത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നായിരുന്നു ധോണിയുടെ മറുപടി. സംഭവിച്ചു കഴിഞ്ഞാല്‍ വേണമെങ്കില്‍ നമുക്ക് അത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ അത് അങ്ങനെയല്ല. അതിന് തൊട്ട് മുന്‍ ഓവറില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞ പന്തുകളില്‍ റസല്‍ സ്കോര്‍ ചെയ്തിരുന്നു. അതുകൊണ്ട് ലെഗ് സ്റ്റംപില്‍ എറിഞ്ഞു എന്നൊക്കെ പറയാം. അന്നാല്‍ അങ്ങനെയല്ല, അത് അപ്രതീക്ഷതമായി സംഭവിച്ചതാണ്.

തുടക്കത്തില്‍ തന്നെ മുന്‍നിരയെ പുറത്താക്കിയാല്‍ ഇതുപോലെ ചില അപകടങ്ങളുണ്ടെന്നും റസലിന്‍റെ ഇന്നിംഗ്സിനെക്കുറിച്ച് തമാശയായി ധോണി പറഞ്ഞു. തുടക്കത്തിലെ മുന്‍നിരയെ പുറത്താക്കിയാല്‍ വമ്പനടിക്കാരായ കളിക്കാര്‍ക്ക് കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ അവസരം ലഭിക്കും. അപ്പോള്‍ ഇങ്ങനെ ചില അപകടങ്ങളുമുണ്ട്. അത് തന്നെയാണ് റസലും ചെയ്തത്. അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആകെയുള്ള ഒരേയൊരു സാധ്യത ജഡേജ മാത്രമായിരുന്നു. അവസാന ഓവറുകളില്‍ കൊല്‍ക്കത്ത് ബാറ്റ് ചെയ്യാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മറ്റൊന്നാകുമായിരുന്നുവെന്നും ധോണി പറഞ്ഞു.

കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 220 റണ്‍സടിച്ചപ്പോള്‍ പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ 31/5 എന്ന നിലയില്‍ തകര്‍ന്നിട്ടു റസലിന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും(24 പന്തില്‍ 40), പാറ്റ് കമിന്‍സിന്‍റെയും(34 പന്തില്‍ 66*) ബാറ്റിംഗ് മികവില്‍ കൊല്‍ക്കത്ത 202 റണ്‍സടിച്ചു.

Also Read: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!