Latest Videos

'തല'യുടെ തലകുലുക്കലിന്‍റെ അര്‍ഥമെന്ത്? ചാഹറിന്‍റെ മങ്കാദിങ് ശ്രമം ധോണിക്ക് ദഹിച്ചില്ലേ- വീഡിയോ വൈറല്‍

By Web TeamFirst Published May 24, 2023, 4:40 PM IST
Highlights

സിഎസ്‌കെ പേസര്‍ ദീപക് ചാഹര്‍ ടൈറ്റന്‍സിന്‍റെ ഇംപാക്‌ട് പ്ലെയര്‍ വിജയ് ശങ്കറിനെ റണ്ണൗട്ടാക്കാനാണ് ശ്രമിച്ചത്

ചെന്നൈ: ഐപിഎല്ലില്‍ വന്‍ വിവാദമുയര്‍ത്തിയ മങ്കാദിങ് സംഭവങ്ങള്‍ മുമ്പായിട്ടുണ്ട്. 2019 സീസണില്‍ ജോസ് ബട്‌ലറെ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കിയത് വലിയ വിവാദമായിരുന്നു. ക്രിക്കറ്റിന്‍റെ നീതിക്ക് അനുചിതമോ അശ്വിന്‍റെ നടപടി എന്ന വിമര്‍ശനം അന്ന് ശക്തമായിരുന്നു. എങ്കിലും ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ട്രൈക്ക് ബാറ്ററെ റണ്ണൗട്ടാക്കുന്ന നിയമം ക്രിക്കറ്റില്‍ പതിറ്റാണ്ടുകളായുണ്ട്. പതിനാറാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തിലുമൊരു മങ്കാദിങ് ശ്രമം നടന്നു. 

സിഎസ്‌കെ പേസര്‍ ദീപക് ചാഹര്‍ ടൈറ്റന്‍സിന്‍റെ ഇംപാക്‌ട് പ്ലെയര്‍ വിജയ് ശങ്കറിനെ നോണ്‍ട്രൈക്കില്‍ റണ്ണൗട്ടാക്കാനാണ് ശ്രമിച്ചത്. പന്തെറിയാനായി എത്തിയപ്പോള്‍ ശങ്കര്‍ ക്രീസ് വിട്ടിറങ്ങി എന്ന് തോന്നിച്ച ചാഹര്‍ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിജയ് ശങ്കറിന്‍റെ ബാറ്റ് നേരിയ ഇഞ്ചുകളോളം ക്രീസിനുള്ളിലുണ്ടായിരുന്നു. ഈ സമയം സിഎസ്‌കെ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ പ്രതികരണമാണ് വൈറലായത്. ചാഹറിന്‍റെ ശ്രമം കണ്ട് ധോണിക്ക് ചിരി വന്നു. രസകരമായി ധോണി തലകുലുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ചാഹറിന്‍റെ നീക്കം ധോണിക്ക് ഇഷ്‌ടമായില്ലേ എന്ന് ചോദിക്കുന്ന ആരാധകരുണ്ട്. മങ്കാദിങ് ശ്രമം പാഴായി തിരിഞ്ഞുനടക്കുമ്പോള്‍ ചാഹറിന് പോലും ചിരിയടക്കാനായില്ല എന്നതാണ് വസ്‌തുത. 

pic.twitter.com/jv2lRVF7om

— Nihari Korma (@NihariVsKorma)

പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിങ് ആദ്യമായി പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. 1948ലായിരുന്നു ഈ സംഭവം. ബൗണിന്‍റെ പുറത്താകലിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചത്. ക്രിക്കറ്റില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ട പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിലേക്ക് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (MCC- Marylebone Cricket Club) കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു. 

Read more: പത്താം ഫൈനല്‍ പ്രവേശം ആഘോഷിച്ച് സിഎസ്‌കെ, അതും ഡിജെ സ്റ്റൈലില്‍ ലിഫ്റ്റില്‍ വരെ- വീഡിയോ

click me!