
അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച് മിന്നുന്ന പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധമാൻ സാഹ പുറത്തെടുത്തത്. ലഖ്നൗവിനെതിരെ 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സാഹ 43 പന്തില്‍ 81 റണ്‍സടിച്ചശേഷമാണ് പുറത്തായത്. എന്നാല്‍, തിളങ്ങുന്ന പ്രകടനം നടത്തിയ സാഹയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളാണ് കിട്ടുന്നതെന്ന് മാത്രം. കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളില്‍ ഒന്ന് പുറത്തെത്ത സാഹ ടീം ബൗളിംഗിനായി ഇറങ്ങിയപ്പോള്‍ പാന്‍റ്സ് തിരിച്ചിട്ടാണ് എത്തിയത്.
സ്വന്തം ടീമിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോലും ഈ സംഭവത്തെ കുറിച്ച് ട്രോള്‍ വന്നു. രണ്ട് ഓവറുകള്‍ക്ക് ശേഷം സാഹ ഫീല്‍ഡ് വിടുകയും പാന്‍റ്സ് ശരിയാക്കി തിരിച്ചെത്തുകയും ചെയ്തു. ഈ സമയം കെ എസ് ഭരത്താണ് വിക്കറ്റ് കീപ്പറായത്. അതേസമയം, സാഹയുടെ ഇന്നിംഗ്സ് കണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ എല്‍ രാഹുലിന്‍റെ പകരക്കാരനായി വേറൊരാളെ ഇനി തിരയേണ്ടെന്നും സാഹയെ പരിഗണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിന് തുടര്‍ന്നുളള മത്സരങ്ങളിലും അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്. ശ്രീകര്‍ ഭരത് ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും ഭരത്തിന് മികവ് കാട്ടാനായിരുന്നില്ല.
ഈ സാഹചര്യത്തില്‍ സാഹയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. റിഷഭ് പന്തിന്‍റെ വരവോടെയാണ് സാഹ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താവുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കീപ്പര്‍മാരിലൊരാളാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയിലിറങ്ങി റിഷഭിനെപ്പോലെ വെടിക്കെട്ട് ഇന്നിംഗ്സ് കളിക്കാനാവാഞ്ഞതായിരുന്നു സാഹ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമായത്. പിന്നീട് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയ സാഹയുടെ രാജ്യാന്തര കരിയര്‍ അവസാനിച്ചുവെന്നുവരെ വിധിയെഴുത്തുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!