Latest Videos

കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കും; ലൊക്കേഷന്‍ മാപ്പുകള്‍ക്ക് ഫീസും വരുന്നു

By Web TeamFirst Published Feb 7, 2020, 1:19 PM IST
Highlights

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് മുന്നോടിയായ ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ ബന്ധപ്പെട്ട നിയമങ്ങളില്‍ എഴുതിചേര്‍ക്കും. 50 കോടി രൂപ അധിക വരുമാനമാണ് ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം: താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് ചുമത്തുന്ന വാര്‍ഷിക ആഡംബര കെട്ടിട നികുതി പുതുക്കുന്നു. 

278.7 - 464.50 ചതുരശ്ര മീറ്റര്‍ - 5000 രൂപ
464.51 -  696.75 ചതുരശ്ര മീറ്റര്‍ - 7500 രൂപ
696.76 - 929 ചതുരശ്ര മീറ്റര്‍ - 10000 രൂപ
929 ചതുരശ്ര മീറ്ററിന് മുകളില്‍ - 12500 രൂപ 

ഈ നിലയിലാണ് പുതിയ നികുതി ഈടാക്കുക. അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ഉള്ള നികുതി മുന്‍കൂറായി ഒരുമിച്ചടച്ചാല്‍ ആകെ നികുതിയില്‍ 20 ശതമാനം ഇളവ് അനുവദിക്കും. ഇതില്‍ നിന്ന് 16 കോടി രൂപ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് മുന്നോടിയായ ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ ബന്ധപ്പെട്ട നിയമങ്ങളില്‍ എഴുതിചേര്‍ക്കും. 50 കോടി രൂപ അധിക വരുമാനമാണ് ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പോക്കുവരവിനുള്ള ഫീസും പുതുക്കിയിട്ടുണ്ട്.

എട്ട് കോടി അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ് ഏര്‍പ്പെടുത്തും. കൂടാതെ തണ്ടപ്പേര്‍ പകര്‍പ്പിനായി ഇനി 100 രൂപ ഫീസ് നല്‍കേണ്ടി വരും. എന്നാല്‍, സര്‍ക്കാര്‍ ഭവനപദ്ധതികള്‍ക്കായി നല്‍കുന്ന തണ്ടപ്പേര്‍ പകര്‍പ്പുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. 

അതേസമയം, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രധാനം വാഹനങ്ങളുടെ നികുതിയിലെ വര്‍ദ്ധനവാണ്. രണ്ട് ലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വിലവരുന്ന കാറുകള്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ നികുതിയില്‍ രണ്ട് ശതമാനവുമാണ് വര്‍ദ്ധനവ് വരുത്തിയത്.

വാഹനങ്ങളുടെ നികുതി വര്‍ദ്ധനവ് വഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കണ്‍സ്ട്രക്ഷന്‍ വാഹനങ്ങളുടെയും നികുതിയിലും രണ്ട് ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയുടെ ബസുകളുടെ നികുതിയും സീറ്റിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കും.

ഇത്തരം വാഹനങ്ങളുടെ ത്രൈമാസ നികുതി, 20 സീറ്റുകള്‍ വരെയുള്ള വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് 50 രൂപയും ഇരുപതില്‍ കൂടുതല്‍ സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് 100 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം തല വിസ്തീര്‍ണം അടിസ്ഥാനപ്പെടുത്തി നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. 

മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെ ത്രൈമാസ നികുതി, അയല്‍ സംസ്ഥാനങ്ങളിലെ നികുതിയേക്കാള്‍ കൂടുതലായതിനാല്‍ ചരക്കുവാഹനങ്ങളുടെ നികുതിയില്‍ 25 ശതമാനം കുറവ് വരുത്തി. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയവയുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമാക്കി നിജപ്പെടുത്തിയിട്ടുമുണ്ട്.

click me!