കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി

By Web TeamFirst Published Feb 7, 2020, 5:57 PM IST
Highlights

എന്നാല്‍, കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് പ്രതിപക്ഷ എംഎൽഎ വിടി ബൽറാം രംഗത്തെത്തി

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അ‍ഞ്ച് കോടി രൂപയാണ് നീക്കിവച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെഎം മാണിയുടെ മകനും രാജ്യസഭാംഗവുമായ ജോസ് കെ മാണി.

"സംസ്ഥാന ബജറ്റിൽ കെഎം മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു," എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് കെഎം മാണി. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തവണ മന്ത്രിയായ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. 

എന്നാല്‍, കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് പ്രതിപക്ഷ എംഎൽഎ വിടി ബൽറാം രംഗത്തെത്തി. കോഴ ആരോപണ കാലത്ത് കെഎം മാണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന 'എന്‍റെ വക 500' ക്യാംപെയ്നെ പരാമർശിച്ചായിരുന്നു വിടി ബൽറാമിന്റെ പരിഹാസം.

ബജറ്റ് പ്രസംഗത്തിന് പിന്നാലെ വി ടി ബല്‍റാം എന്‍റെ വക 500' ക്യാമ്പയി'നെയാണ് ട്രോളിയിരിക്കുന്നത്. കെഎം മാണി ഫൗണ്ടേഷന് വേണ്ടി നീക്കിവച്ച 5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച്, ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ എന്നായിരുന്നു ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ച ചോദ്യം.

click me!