Latest Videos

Kerala Budget 2022 : കേരള ബജറ്റിൽ പെട്രോളിനും മദ്യത്തിനും ലോട്ടറിക്കും വില വർധിക്കാൻ സാധ്യത

By Web TeamFirst Published Mar 9, 2022, 12:07 PM IST
Highlights

സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള നികുതികൾ ഉയർത്തുന്നതിന് പുറമെ, നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള വഴികളും അവലംബിക്കും

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടുത്ത കേരള ബജറ്റിൽ നികുതി ഉയർത്തിയേക്കും. കൂടുതൽ കടമെടുത്ത് വികസന പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സംസ്ഥാനം ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതും അടുത്ത വർഷം മുതൽ കേന്ദ്ര വിഹിതം കുറയുന്നതും സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ നികുതി വർധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികൾ സർക്കാരിന് മുന്നിലില്ല.

സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള നികുതികൾ ഉയർത്തുന്നതിന് പുറമെ, നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള വഴികളും അവലംബിക്കും. അടുത്ത വർഷം മുതൽ ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കിട്ടുന്ന ഡിവിസീവ് പൂളിൽ നിന്നുള്ള വിഹിതം കുറയും. ജിഎസ്ടി നഷ്ടപരിഹാരം ജൂൺ മുതൽ കിട്ടില്ല. ധനക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര ഗ്രാന്റും കുറയും. 15000 കോടി രൂപവരെ സംസ്ഥാനത്തിന് കേന്ദ്ര വിഹിതം കുറയാൻ ഇത് കാരണമാകും.

നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഇത് 3.67 ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കിഫ്ബി വഴി 70000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ പറയുന്നത് പ്രകാരം 66000 കോടി രൂപയാണ് ചെലവ്. ഇതിന് വേണ്ടിയും കടമെടുക്കേണ്ടി വരും. 

സ്റ്റാമ്പ്, രജിസ്ട്രേഷൻ, മദ്യം, പെട്രോൾ, ബാർ, ലോട്ടറി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം ഉയർത്താനുള്ള നിർദ്ദേശം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളിലെ ചെലവും ഉയരും. സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് മറ്റ് സംസ്ഥാനങ്ങൾ ചെലവാകുന്ന തുകയുടെ ദേശീയ ശരാശരി 3600 കോടിയും കേരളം ചെലവാക്കുന്നത് 12000 കോടി രൂപയുമാണ്..

കഴിഞ്ഞ ബജറ്റിൽ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപ.എന്നാൽ ജനുവരി അവസാനം വരെ എത്തിയ  തുക കേന്ദ്ര ഗ്രാന്‍റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വർഷം വന്ന വരുമാനത്തിൽ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെൻഷനും പലിശയും നൽകാനാണ്. ശമ്പള പരിഷ്ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് മാസം ശമ്പളം നൽകാൻ ചെലവഴിച്ചത് 23000 കോടിയെങ്കിൽ ഈ സാമ്പത്തിക വർഷം ഇതുവരെ 38000 കോടി രൂപ കടന്നു.

click me!