സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്നു: മുല്ലപ്പള്ളി

Web Desk   | Asianet News
Published : Feb 07, 2020, 03:56 PM IST
സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്നു: മുല്ലപ്പള്ളി

Synopsis

കേരളം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കേരളം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്ന് വിമര്‍ശിച്ച മുല്ലപ്പളളി, ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രസ്താവന

വസ്തുവില്‍പ്പനയും വാഹനവിപണിയും തകര്‍ന്ന് കിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടികള്‍ സ്വീകരിച്ച ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. കേരളം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കിഫ്ബി, അതിവേഗ റെയില്‍, ജലപാത തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്നം വില്‍ക്കുന്നു. അതിവേഗ റെയിലിന്റെ സര്‍വെ നടത്താന്‍ കേന്ദ്രത്തില്‍ നിന്നു അനുമതി കിട്ടിയതിനെയാണ് പദ്ധതിക്ക് അനുമതി കിട്ടിയെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളം ഇല്ലതാനും. 50,000 കോടിയുടെ അടങ്കല്‍ പ്രതീക്ഷിക്കുന്ന അതിവേഗ റെയിലിന് എവിടെ നിന്നു പണം കിട്ടുമെന്നു വ്യക്തമല്ല. കിഫ്ബിയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടും അയ്യായിരം കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് നാലുവര്‍ഷം കൊണ്ടു നടപ്പായത്. കിഫ്ബിക്ക് ഇതുവരെ സ്വരൂപിച്ച മൂലധനം എത്രയാണെന്നു ധനമന്ത്രിവെളിപ്പെടുത്തണം. ജലപാത ഉടനേ തുറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.

നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കാര്‍ഷിക മേഖലയ്ക്കും 57.5 ലക്ഷം തൊഴില്‍രഹിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസം ലഭിക്കുന്ന ഒരു നടപടിയും സ്വീകരിച്ചില്ല. നികുതി സമാഹരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിന്റെ പഴി മറ്റുള്ളവരില്‍ ചാരാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ 55 ശതമാനം ജി.എസ്.ടിക്കു പുറത്താണ്. നികുതി സമാഹരിക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാരാണിത്. ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതല്ലാതെ ഒരു നടപടിയും ബജറ്റിലില്ല. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്കും ധൂര്‍ത്തിനും ഒരു നിയന്ത്രണവുമില്ല. സി.പി.എമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ധനമന്ത്രി ചെലവ് ചുരുക്കലിനെക്കുറിച്ച് മറക്കുന്നു. തോറ്റ എം.പിയേയും മറ്റു പലരേയും കാബിനറ്റ് പദവിയും മറ്റും നല്‍കി കുടിയിരുത്തുമ്പോള്‍ ധനമന്ത്രി ബജറ്റ് പ്രസംഗം ഓര്‍ക്കാറില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

PREV
click me!

Recommended Stories

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതി, ബജറ്റ് തുക ഇരട്ടിയാക്കി