Latest Videos

Kerala Budget 2022 : പ്രതീക്ഷയുടെ ഡബിൾ ബെല്ലടിക്കുമോ ബാലഗോപാൽ; ബജറ്റിൽ കണ്ണുവച്ച് കെഎസ്ആർടിസി

By Web TeamFirst Published Mar 10, 2022, 11:15 PM IST
Highlights

കഴിഞ്ഞ ബജറ്റിൽ ആയിരം കോടി രൂപ കെ എസ് ആർ ടി സി അനുവദിച്ചിരുന്നു

തിരുവനന്തപുരം: കേരള ബജറ്റ് വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കെ എസ് ആർ ടി സി (K S R T C). ബജറ്റിൽ കെ എസ് ആർ ടി സി പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ലഭിക്കുമെന്നാണ്. കൊവിഡിന് മുൻപ് പെൻഷന് മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ സഹായം തേടിയതെങ്കിൽ ഇപ്പോൾ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആർ ടി സി. ഇതിനെല്ലാം പരിഹാരമാണ് ബാലഗോപാൽ തുറക്കുന്ന ബജറ്റ് പെട്ടിയിൽ (Kerala Budget 2022) കെ എസ് ആർ ടി സി സ്വപ്നം കാണുന്നത്.

കഴിഞ്ഞ ബജറ്റിൽ ആയിരം കോടി രൂപ കെ എസ് ആർ ടി സി ക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ വഴിയാണ്. എന്നാൽ കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ നൽകുന്ന പണമാണ് പെൻഷനായി വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ അധികമായി നൽകിയ 50 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ബസുകൾ നടപ്പ് സാമ്പത്തിക വർഷം വാങ്ങിയത്.

മൂവായിരം കെ എസ് ആർ ടി സി ബസുകൾ സിഎൻജിയിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 300 കോടി രൂപയാണ് ഇതിന് വേണ്ടത്. പക്ഷെ നൂറ് കോടി മാത്രാമാണ് അനുവദിച്ചത്. 2016 ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. അതിനുള്ള പണവും ബാലഗോപാലിന്‍റെ ബജറ്റ് പെട്ടിയിലുണ്ടാകുമെന്നാണ് കെ എസ് ആർ ടി സിയുടെ പ്രതീക്ഷ.

ബജറ്റിനെ കുറിച്ച് കെ എൻ ബാലഗോപാൽ പറഞ്ഞത്

കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ കടുത്ത മ്പത്തിക മരവിപ്പുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത് മറികടക്കാൻ സാധിക്കുന്ന തരത്തിലുള്ള ബജറ്റാകും പ്രഖ്യാപിക്കുകയെന്നാണ് കരുതുന്നത്. ജനത്തിന്റെ ദൈനംദിന ജീവിതത്തിൽ കടുത്ത ബാധ്യത ഏൽപ്പിക്കാതെ, എന്നാൽ സംസ്ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് വർധനവുകൾക്ക് ബജറ്റിൽ ശുപാർശയുണ്ടായേക്കും. വരുമാനം വർധിപ്പിക്കേണ്ടതിനാൽ സംരംഭക മേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്കും അതേപോലെ കുടുംബശ്രീ വഴിയുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്. മൃഗസംരക്ഷണ-പരിപാലന മേഖലയെ കൂടുതൽ കാര്യക്ഷമമാക്കിയേക്കും. എന്നാൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പെട്രോളിനും ഡീസലിനും നികുതി വർധിപ്പിക്കില്ല. ഇന്ധന വില വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ, മാവേലി സ്റ്റോറുകൾ വഴിയുള്ള ഇടപെടൽ ഉണ്ടാകും.

കോഴി വില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന മാഫിയകളുടെ ചൂഷണം നേരിടാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഫാം ഉടമകൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായം ലഭിച്ചേക്കും. യുക്രൈൻ - റഷ്യ സംഘർഷം പലചരക്ക് സാധനങ്ങളുടെയാകെ വില ഉയർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിപണിയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ഹോട്ടലുടമകളുടെ ഭാഗത്തുമുണ്ട്.

കേരളത്തിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ നികുതി വരുമാനം ഉയർത്താനുള്ള ശ്രമങ്ങൾക്ക് ബജറ്റിൽ ഇടംലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വലിയ സാമ്പത്തിക പ്രയാസത്തിന്റെ പടിവാതിൽക്കലാണ് കേരളം നിൽക്കുന്നത്. കൂടുതൽ നിക്ഷേപം എത്തിച്ചും തൊഴിലവസരങ്ങൾ വർധിപ്പിച്ചുമല്ലാതെ സംസ്ഥാന സർക്കാരിന് മുന്നോട്ട് പോവുക എളുപ്പവുമല്ല.

അതിനാൽ തന്നെ രൗദ്രഭാവം പൂണ്ട് നിൽക്കുന്ന കടലിൽ മുങ്ങാതിരിക്കാൻ പണിപ്പെടുന്ന കപ്പലിന്റെ അമരത്ത് നിൽക്കുന്ന കപ്പിത്താന്റെ മുഖമാണ് കെഎൻ ബാലഗോപാൽ എന്ന ധനകാര്യ മന്ത്രിക്ക്. തന്റെ ആദ്യ സമ്പൂർണ ബജറ്റിനായി ബാലഗോപാൽ നാളെയിറങ്ങുമ്പോൾ, അദ്ദേഹത്തിന് കേരളത്തിന്റെ തലവര മാറ്റാൻ കഴിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

click me!