Latest Videos

Kerala Budget 2022 : 'ദീർഘകാല ലക്ഷ്യമുള്ള ബജറ്റ്, വിലക്കയറ്റം നിയന്ത്രിക്കും': ധനമന്ത്രി

By Web TeamFirst Published Mar 11, 2022, 8:43 AM IST
Highlights

''വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. കേരളത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്. അതിനാൽ ഭരണ പക്ഷത്തിനൊപ്പം  പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നു''

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. കേരളത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്. അതിനാൽ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനായി സഭയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. ബജറ്റവതരണം കാണാൻ കുടുംബാംഗങ്ങളും സഭയിലേക്ക് എത്തുന്നുണ്ട്. 

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണ്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും. മുൻഗാമിയായ തോമസ് ഐസക്കിൽ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിൻറെ ബജറ്റ് അവതരണം. 

കേന്ദ്രവിഹിതത്തിലുണ്ടാകുന്നത് വൻ കുറവ്, റവന്യു വരവിലും മെച്ചമില്ല, ജൂൺ മുതൽ ജിഎസ്ടി നഷ്ടപരിഹാരവുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനിൽക്കാൻ ബജറ്റിൽ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്.
61 മിനുട്ടിൽ തീർത്ത ആദ്യ ബജറ്റിൽ കൊവിഡ് പാക്കേജായിരുന്നു മുഖ്യ ആകർഷണം. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞെങ്കിലും മഹാരോഗം ഉണ്ടാക്കിയ പ്രശ്നങ്ങൾ സമസ്ത മേഖലയിലും തുടരുന്നു. മാന്ദ്യം മാറ്റി ഉണർവ്വേകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകും. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നിലമെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം. ക്ഷേമപെൻഷനുകൾ കൂട്ടി വരുന്ന ഇടത് ബജറ്റ് രീതി ആവർത്തിക്കുമോ എന്നുള്ളത് മറ്റൊരു ആകാംക്ഷ.

Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ് Kerala Budget 2022-23 

 

click me!