
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ BR-111ഭാഗ്യക്കുറിയ്ക്ക് റെക്കോഡ് വില്പന. നാളെ (സെപ്റ്റംബർ 26) ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. ബമ്പറിന്റെ ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റുകൾ). തൃശൂർ ജില്ല വില്പനയിൽ രണ്ടാം സ്ഥാനത്തും(10,62,000), തിരുവനന്തപുരം ജില്ല(8,64,100) മൂന്നാം സ്ഥാനത്തുമാണ്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് വില്പന (2,71,400) നടന്നത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്.
ജില്ലാ ലോട്ടറി ഓഫീസുകളും സബ്ഓഫീസുകളും മുഖേന അംഗീകൃത ഏജൻസികളും വില്പനക്കാരും വില്പന നടത്തിയ ടിക്കറ്റുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക. നാളെ ഉച്ചയ്ക്ക് 1.30ന് ഗോർഖി ഭവനിൽ നടക്കുന്ന നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിയ്ക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അധ്യക്ഷത വഹിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാ സമിതി ചെയർപേഴ്സണും കാട്ടാക്കട എം.എൽ.എയുമായ എം.ആർ. ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ , എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർ ഷാജു പി.എ. സ്വാഗതവും ജോയിന്റ് ഡയറക്ടർ അനിൽ കുമാർ കെ.എസ്. നന്ദിയും പറയും.
സമ്മാനഘടന ഇങ്ങനെ
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്
നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്
ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്
ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്
എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്
ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
ആകെ 125.54 കോടി രൂപയാണ് സമ്മാന തുക. 10,000-ന് മുകളിലുള്ള എല്ലാ സമ്മാനത്തിനും ഏജന്റ് കമ്മീഷനായ 10% കുറച്ച ശേഷമുള്ള തുകയുടെ 30% ഇൻകം ടാക്സ് ആയി ഈടാക്കുന്നതാണ്. ഇൻകം ടാക്സ് കുറച്ച ശേഷമുള്ള തുകയാണ് സമ്മാനാർഹർക്ക് ലഭിക്കുക. 10,000 രൂപയ്ക്കു മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ആധാർ കാർഡ്, പാൻ കാർഡ് (ഇവ ലിങ്ക് ചെയ്തിരിക്കണം) ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം അറ്റസ്‌റ്റുചെയ്ത കോപ്പിയും ഫോട്ടോയും സഹിതം തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ഡയറക്ട്രേറ്റ് സമ്മനവിഭാഗത്തിൽ 90 ദിവസത്തിനകം സമർപ്പിയ്ക്കണം. പതിനായിരം രൂപയിൽ താഴെ സമ്മാനതുക ലഭിച്ച ടിക്കറ്റുകൾ അതത് ജില്ലാ ഭാഗ്യക്കുറി ഓഫീസിലാണ് സമർപ്പിക്കേണ്ടത് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.statelottery.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
നറുക്കെടുപ്പിനു ശേഷം സമ്മാനം ലഭിച്ചു എന്ന പേരില്‍ രജിസ്ട്രേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, ജി എസ് ടി, ടാക്‌സ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി ഫോൺ മുഖേനയോ കത്തിലൂടെയോ പണം നൽകുകയോ ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ ടി പി , യുപിഐ പിന്‍ , ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഡയറക്ടർ അറിയിച്ചു.