
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 10 കോടി രൂപയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജൻ്റ് മധുസൂദനൻ എസ് ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനും ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജൻ്റ് ഫർസാന ആർ ആണ് രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക.
അതേസമയം, ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. 41,73,410 ടിക്കറ്റുകളുടെ വില്പന നടന്നു. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കേരള ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് സമ്മർ ബമ്പറിന്റേതായി വിറ്റുപോയത്. ഒരു ടിക്കറ്റിന്റെ വില 250 രൂപയാണ്. ഇതിലൂടെ 90 കോടിയുടെ വിറ്റുവരവാണ് നടന്നത്. എന്നാല്‍ ഈ തുകയില്‍ നിന്നും ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാകും സർക്കാരിലേക്ക് എത്തുക.