പ്രതീക്ഷകളെല്ലാം കൊവിഡ് കവർന്നെടുത്തു; ഒടുവിൽ തബലയില്‍ വിസ്മയം തീര്‍ത്ത കലാകാരൻ ഭാ​ഗ്യം വിൽക്കാനിറങ്ങി

Web Desk   | Asianet News
Published : Jan 07, 2021, 04:15 PM ISTUpdated : Jan 07, 2021, 04:17 PM IST
പ്രതീക്ഷകളെല്ലാം കൊവിഡ് കവർന്നെടുത്തു; ഒടുവിൽ തബലയില്‍ വിസ്മയം തീര്‍ത്ത കലാകാരൻ ഭാ​ഗ്യം വിൽക്കാനിറങ്ങി

Synopsis

കലാകാരന്മാരെ സംബന്ധിച്ച് ഉത്സവ സീസണായിരുന്നു പ്രധാന വരുമാനം. എല്ലാ പ്രതീക്ഷകളും കൊവിഡ് കവര്‍ന്നെടുത്തപ്പോള്‍ ഒന്നു പതറിയെങ്കിലും പിന്നീട് പോരാടാന്‍ രാജൻ തീരുമാനിച്ചു. 

ചാരുംമൂട്: ലാസ്യതാളലയ വിന്യാസത്തിലൂടെ തബലയില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍ വരുമാനം വഴിമുട്ടിയപ്പോള്‍ കണ്ടെത്തിയത് ഭാഗ്യക്കുറി വില്‍പന. കേരളത്തിലെ ഏറ്റവും മികച്ച തബലിസ്റ്റുകളിൽ ഒരാളായ നൂറനാട് രാജനാണ് കലയില്‍നിന്ന് ഭാഗ്യക്കുറി വില്‍പനക്കിറങ്ങിയ കലാകാരന്‍. 

എല്ലാവരേയും പോലെ ഈ  61കാരനായ കലാകാരന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത് കൊവിഡ് എന്ന മഹാമാരിയാണ്. കലാകാരന്മാരെ സംബന്ധിച്ച് ഉത്സവ സീസണായിരുന്നു പ്രധാന വരുമാനം. എല്ലാ പ്രതീക്ഷകളും കൊവിഡ് കവര്‍ന്നെടുത്തപ്പോള്‍ ഒന്നു പതറിയെങ്കിലും പിന്നീട് പോരാടാന്‍ രാജൻ തീരുമാനിച്ചു. അങ്ങനെയാണ് ചാരുംമൂട് പാലത്തടത്തില്‍ ജങ്ഷനില്‍ തട്ട് നിര്‍മിച്ച് ലോട്ടറി കച്ചവടം തുടങ്ങിയത്. ക്ഷേത്രങ്ങളില്‍ സപ്താഹ പരിപാടിക്ക് തബല വായിച്ചുകിട്ടുന്ന വരുമാനംകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍, അതും മുടങ്ങിയതോടെയാണ് ഭാഗ്യക്കുറി കച്ചവടത്തിനിറങ്ങിയതെന്ന് രാജന്‍ പറയുന്നു. 

പത്താം വയസ്സിലാണ് രാജൻ തബലയുമായി അരങ്ങത്തെത്തിയത്. രണ്ടുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തബല വായനയില്‍ ഒന്നാംസ്ഥാനം നേടിയ രാജന്‍ ആയിരക്കണക്കിന് വേദികളില്‍ കാണികളെ കൈയിലെടുത്തു. കൊല്ലത്ത് കലാമണ്ഡലം വിഷ്ണു നമ്പൂതിരിയുടെ നൃത്ത സമിതിയില്‍ 19വര്‍ഷം പ്രവര്‍ത്തിച്ചു. 1986ല്‍ പുറത്തിറങ്ങിയ 'എന്നിഷ്ടം നിന്നിഷ്ടം' ചിത്രത്തിലൂടെ സിനിമ പിന്നണി രംഗത്തേക്ക് എത്തി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 'കുറിഞ്ഞി പൂക്കുന്ന നേരത്ത്' സിനിമയിലും പ്രവര്‍ത്തിച്ച ഈ കലാകാരനെ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോയി. 

നൂറനാട് ഗോപാലകൃഷ്ണന്‍, വള്ളികുന്നം ഭരതന്‍, പന്തളം ബാബു എന്നീ ഗുരുക്കന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഇദ്ദേഹം. ആദ്യ ഗുരു പിതാവ് കറുത്തകുഞ്ഞായിരുന്നു. അദ്ദേഹം നല്‍കിയ പിന്തുണയാണ് ഈ രംഗത്ത് തനിക്ക് ഏറ്റവും പ്രചോദനമെന്ന് രാജന്‍ പറയുന്നു. നെയ്യാറ്റിന്‍കര വാസുദേവന്‍, ചെങ്കോട്ട സുബ്രഹ്മണ്യ അയ്യര്‍, കണ്ണൂര്‍ രാജന്‍, കാവാലം ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ശരത്, ആലപ്പി രംഗനാഥ്, അമ്പലപ്പുഴ ബ്രദേഴ്‌സ്, ഭാവന രാധാകൃഷ്ണന്‍, ടി.എന്‍. ശേഷകുമാര്‍, അരുന്ധതി ടീച്ചര്‍, അടൂര്‍ സുദര്‍ശന്‍ തുടങ്ങി ഇന്ത്യയിലെ പ്രശസ്തരായ സംഗീത പ്രതിഭകളുടെ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരുകാലത്ത് രാജന്‍. 

എണ്ണിയാല്‍ തീരാത്തത്ര വേദികളില്‍ തബല വായിച്ച ഇദ്ദേഹത്തിന് സ്വാതി തിരുനാള്‍ സംഗീതസഭ പുരസ്‌കാരം, സ്വാതി തിരുനാള്‍ സംഗീത കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ഹംസധ്വനി പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചു. ചാരുംമൂട് പേരൂര്‍ക്കാരാണ്മ ശ്രുതിയില്‍ ഭാര്യ മേരിക്കുട്ടിയുമായി ജീവിതത്തിന്റെ താളം മായ്ക്കാതെ തബലയില്‍ വീണ്ടും പ്രതീക്ഷകള്‍ നെയ്യുകയാണ് രാജന്‍.

PREV
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം