ഇതര സംസ്ഥാന ലോട്ടറി ചെറുക്കും; ഒറ്റക്കെട്ടായി സര്‍ക്കാരും ട്രേഡ് യൂണിയനുകളും

By Web TeamFirst Published Jan 1, 2021, 7:24 AM IST
Highlights

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുളള ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് ഇതര സംസ്ഥാന ലോട്ടറികള്‍ വാങ്ങുകയോ വില്‍ക്കുകയോ ഇല്ലെന്ന് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ഇതരസംസ്ഥാന ലോട്ടറികളുടെ വില്‍പന നിയന്ത്രണം ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍ ഇതര സംസ്ഥാന ലോട്ടറികളള്‍ക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി സര്‍ക്കാരും ട്രേഡ് യൂണിയനുകളും. ഇതര സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ അതിര്‍ത്തി കടന്നെത്തിയാല്‍ ശക്തമായി ചെറുക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കി.

ഇതര സംസ്ഥാന ലോട്ടറികളുടെ വില്‍പന നിയന്ത്രിക്കാനായി സംസ്ഥാനം കൊണ്ടു വന്ന നിയമഭേധഗതി കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. നാഗാലാന്‍ഡ് സര്‍ക്കാരിന്‍റെ ലോട്ടറി വില്‍ക്കുന്നത് ലോട്ടറി വില്‍ക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹര്‍ജ്ജിയിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഈ ഉത്തരവ്. ഇതിനു പിന്നാലെയാണ് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുളള ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് ഇതര സംസ്ഥാന ലോട്ടറികള്‍ വാങ്ങുകയോ വില്‍ക്കുകയോ ഇല്ലെന്ന് പ്രഖ്യാപിച്ചത്.

തൊട്ടുപിന്നാലെ ലോട്ടറി വില്‍പന തൊഴിലാളികളുമായും ഏജന്‍റുമാരുാമയും ചര്‍ച്ച നടത്തിയ ധനമന്ത്രി തോമസ് ഐസക് നാഗാലാന്‍ഡ് ലോട്ടറി അടക്കമുളള ഇതര സംസ്ഥാന ലോട്ടറികള്‍ അതിര്‍ത്തി കടന്നെത്തുന്നത് ചെറുക്കുമെന്ന് വ്യക്തമാക്കി. ജിഎസ്ടി നിയമ പ്രകാരം അതിര്‍ത്തി കടന്നെത്തുന്ന ലോട്ടറികള്‍ സംസ്ഥാന സര്‍ക്കാരിന് പരിശോധിക്കാം. കര്‍ശന പരിശോധന വഴി ഇതര സംസ്ഥാനലോട്ടറികളുടെ കടന്നുവരവ് നിയന്ത്രിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
 

click me!