Onam Bumper 2022 : തട്ടിപ്പുകാർ പടിക്ക് പുറത്ത്; സുരക്ഷ കർശനമാക്കി ഓണം ബമ്പർ ലോട്ടറി, വിൽപ്പന 18 മുതൽ

By Web TeamFirst Published Jul 15, 2022, 4:34 PM IST
Highlights

ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി 90 ജിഎസ്എം പേപ്പറിലാണ് ടിക്കറ്റുകൾ അച്ചടിക്കാൻ പോകുന്നത്.

രുനേരത്തെ അന്നത്തിന് വേണ്ടിയാണ് ഭാ​ഗ്യവുമായി ലോട്ടറി(Kerala Lottery) കച്ചവടക്കാർ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്. വെയിലും മഴയും വകവയ്ക്കാതെ കച്ചവടക്കാർ ഓരോരുത്തരുടെയും മുന്നിൽ കൈനീട്ടുന്നു. പക്ഷേ പലപ്പോഴും ഇവരെ പറ്റിച്ച് കടന്നുകളയുന്ന വിരുതന്മാരുടെ വാർത്തകളാണ് പുറത്തുവരാറ്. കാഴ്ചയില്ലാത്ത, വൈകല്യമുള്ളവരെയാണ് ഇത്തരക്കാർ പറ്റിക്കുന്നത്. ഇതിനൊരു ശാശ്വത പരി​ഹാരം ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ  മുന്നോട്ടുവന്നിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് പുതിയ സുരക്ഷയോടെയാണ് ഇത്തവണത്തെ തിരുവോണ ബമ്പർ ലോട്ടറി(Onam Bumper 2022) വിൽപ്പനയ്ക്ക് എത്തുന്നത്. 

വ്യജ ടിക്കറ്റുകൾ, കളർ ഫോട്ടോ സ്റ്റാറ്റുകൾ, നമ്പർ തിരുത്തുക തുടങ്ങിയവ ലോട്ടറി മേഖല നേരിടുന്ന വലിയൊരു ആശങ്കയാണ്. ഇവ തടയാനായി ടിക്കറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി വേര്യബിൾ ഡാറ്റാ പ്രിന്റിങ്ങുമായാണ് ഓണം ബമ്പർ എത്തുന്നതെന്ന് കേരള സ്റ്റേറ്റ് ലോട്ടറി ഡയറക്ടർ എബ്രഹാം പറഞ്ഞു. ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ടിക്കറ്റുകളുടെ ഡിസൈനെല്ലാം ഒരുപോലെ ആണെങ്കിലും നമ്പർ എഴുതുന്നത് വ്യത്യസ്തമായിരിക്കും. സാധാരണ ടിക്കറ്റുകളുടെ ഒരു ഭാ​ഗത്ത് മാത്രമാണ് ഈ വേര്യബിൾ ഡാറ്റ പ്രിന്റ് ചെയ്തിരുന്നത്. പുതിയ സുരക്ഷാ ആവശ്യങ്ങൾ പരി​ഗണിച്ച് ഒരു ലോട്ടറി ടിക്കറ്റിൽ ഒന്നിലധികം സ്ഥലത്ത് ഈ സംവിധാനം രേഖപ്പെടുത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഓണം ബമ്പറിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. 

അതുപോലെ തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പേപ്പറിന്റെ കാര്യത്തിലും വ്യത്യാസം വന്നിട്ടുണ്ട്. മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി 90 ജിഎസ്എം പേപ്പറിലാണ് ടിക്കറ്റുകൾ അച്ചടിക്കാൻ പോകുന്നത്. മറ്റൊരു മാറ്റം ടിക്കറ്റുകളിൽ ഉപയോ​ഗിക്കുന്ന മഷിയാണ്. സാധാരണ ടിക്കറ്റുകൾ അച്ചടിക്കുന്ന മഷി ഉപയോ​ഗിച്ചാൽ കളർ ഫോട്ടോ കോപ്പിയെടുത്ത് വ്യജടിക്കറ്റുകൾ തയ്യാറാക്കാറുണ്ട്. ഇതിനെ പ്രതിരേധിക്കാൻ ഫ്‌ളൂറസെന്റ് മഷിയാണ് ഇത്തവണ ഉപയോ​ഗിക്കുന്നത്. ഓണം ബമ്പറിൽ ഇതുണ്ടായിരിക്കും. ഫ്‌ളൂറസെന്റ് ആയതിനാൽ ഫോട്ടോ കോപ്പി എടുത്ത് കച്ചവടക്കാരെ കബളിപ്പിക്കാൻ സാധിക്കില്ല. നിലവിൽ ഉള്ളതിൽ നിന്നും ഏറെ വ്യത്യസ്തമായൊരു സുരക്ഷാ ക്രമീകരണമായിരിക്കും ഇതെന്നും ഡയറക്ടർ വ്യക്തമാക്കി.  

Onam Bumper 2022 : 'അഞ്ഞൂറ് രൂപ മുടക്കൂ, 25 കോടി നേടൂ' ! ഓണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു

അതേസമയം, 25 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബമ്പർ ഭാ​ഗ്യക്കുറി ടിക്കറ്റിന്റെ വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബറില്‍ ആകും നറുക്കെടുപ്പ് നടക്കുക. 500 രൂപയായാണ് ടിക്കറ്റ് വില. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. 

click me!