'അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം': മൂന്ന് തവണ ലോട്ടറിയടിച്ച ഭാ​ഗ്യശാലി പറയുന്നു

By Web TeamFirst Published Sep 24, 2022, 3:32 PM IST
Highlights

തകഴി സ്വദേശിയാണ് മനോഹരൻ. 2016,17, 18 വർഷങ്ങളിലായിരുന്നു ഇദ്ദേഹത്തെ തേടി ഭാ​ഗ്യമെത്തിയത്.

കേരള ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ പ്രഖ്യാപിച്ചപ്പോൾ ആർക്കാകും 25 കോടി ലഭിക്കുക എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ആ ഭാ​ഗ്യവാനെന്ന വിവരവും പുറത്തുവന്നു. ലോട്ടറി അടിച്ചപ്പോൾ സന്തോഷിച്ച അനൂപ് ഇപ്പോൾ ധർമ്മസങ്കടത്തിലാണ്. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തി ഉപദ്രവിക്കുകയാണെന്ന് അനൂപ് പറയുന്നു. സ്വന്തം കുഞ്ഞിനെ പോലും കാണാൻ ആശുപത്രിയിൽ പോകാൻ കഴിയാത്ത സാഹചര്യമാണ് അനൂപിന് ഇപ്പോൾ. ഈ അവസരത്തിൽ അനൂപിന്റെ വിഷമങ്ങൾ ഇവിടം കൊണ്ട് തീരാൻ പോകുന്നില്ലെന്ന മുന്നറിയിപ്പ് നൽകുകയാണ് മൂന്ന് തവണ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച മനോഹരൻ.

തകഴി സ്വദേശിയാണ് മനോഹരൻ. 2016,17, 18 വർഷങ്ങളിലായിരുന്നു ഇദ്ദേഹത്തെ തേടി ഭാ​ഗ്യമെത്തിയത്. ലോട്ടറി അടിച്ച് കഴിഞ്ഞാൽ മനസമാധാനം പോകുമെന്നാണ് മനോഹരൻ പറയുന്നത്. 'അനൂപിന്റെ കാര്യമൊക്കെ എന്താവുമെന്ന് ദൈവത്തിനറിയാം. ആൾക്കാര് സഹായം ചോദിച്ച് വന്നോണ്ടിരിക്കുമ്പോൾ നമ്മുടെ കൺട്രോൾ പോകും. ആകപ്പാടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാകും. നൂറായിരം ആളുകൾ ഓരോ ആവശ്യം പറഞ്ഞ് ഇപ്പോൾ അനൂപിനെ സന്ദർശിക്കുന്നുണ്ടാകും', എന്നാണ് മനോഹരൻ പറയുന്നത്. ഒരു ഓൺലൈ മാധ്യമത്തോട് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

മനോഹരന്റെ വാക്കുകൾ ഇങ്ങനെ

'ലോട്ടറി അടിച്ച പണം കൊണ്ട് സ്ഥലം വാങ്ങി, കുട്ടികളെ വിവാഹം കഴിച്ച് അയപ്പിച്ചുവെന്നും മനോഹരൻ വ്യക്തമാക്കി. ഒന്നാം സമ്മാനം അടിച്ചപ്പോൾ പൈസ കടം ചോദിച്ചും ഓരോ ആവശ്യം പറഞ്ഞും ആളുകൾ വരും. ശരിക്കും വട്ടായി പോകുന്ന അവസ്ഥയിലാകും. സഹായം ചോദിച്ച് വരുന്നവരെ ഓരോന്ന് പറഞ്ഞ് വിടും. ദൂരെ നിന്നുള്ളവരാണ് വരുന്നത്. ടൈം പാസ് എന്ന നിലയ്ക്കാണ് ഇപ്പോൾ ലോട്ടറി എടുക്കുന്നത്. മൂന്ന് പ്രാവശ്യം അടിച്ചിട്ട് വീണ്ടും കിട്ടണമെന്ന് പറയുന്നത് ശരിയല്ലല്ലോ. പൈസ ഡെപ്പോസിറ്റ് ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ബന്ധുക്കളും പലരും വന്ന് സഹായം ചോദിക്കും. അത് ശത്രുക്കളെ ഉണ്ടാക്കാൻ വരെ കാരണമാകും. മനസമാധാനം പോകും. നമ്മൾ പൈസ കൊടുത്താൽ തന്നെ ലോട്ടറി അടിച്ച കാശല്ലേ അതുകൊണ്ട് തിരിച്ച് തരില്ല. ആദ്യ തവണ രണ്ട് മാസവും രണ്ടാം തവണ 30 ദിവസവും കഴിഞ്ഞപ്പോൾ പണം ലഭിച്ചു. ഭാര്യയ്ക്ക് ഞാൻ ടിക്കറ്റ് എടുക്കുന്നത് ഇഷ്ടമല്ല. അവൾ അറിയാതെയാണ് ടിക്കറ്റ് എടുക്കുന്നത്. നാട്ടുകാരോ സുഹൃത്തുക്കളോ ഒന്നും പൈസ ആവശ്യപ്പെട്ട് വന്നിട്ടില്ല.സ്ഥിരമായി ആരെയെങ്കിലും കൈയ്യിൽ നിന്നോ അല്ല കാണുന്ന നമ്പറോ ഒറ്റയടിക്ക് ചുമ്മാതങ്ങ് എടുക്കുകയല്ല. നമ്മുടെ ഒരു കണക്ക് കൂട്ടൽ വെച്ചാണ് ലോട്ടറി എടുക്കുന്നത്. പൈസ ഉള്ളത് അനുസരിച്ച് എടുക്കാറുള്ളത്. കുറെ ടിക്കറ്റ് എടുത്തിട്ടുണ്ട്. സാധാരണക്കാരൊക്കെ ഒന്നോ രണ്ടോ ടിക്കറ്റേ എടുക്കൂ. എന്നെ സംബന്ധിച്ച് ടിക്കറ്റ് അടിച്ചത് കൊണ്ട് വലിയ പ്രശ്നമില്ല. പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഒരു 100 രൂപ അടിക്കണമെങ്കിൽ മഹാഭാഗ്യമാണ്. പെൻഷൻ ഉള്ളത് കൊണ്ട് ജീവിച്ച് പോകുന്നു.

ഉപദ്രവിക്കരുത് പ്ലീസ്... സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വലഞ്ഞു, വീട്ടിൽ കയറാനാകാതെ 'ഭാഗ്യവാൻ' അനൂപ്

click me!