
തിരുവനന്തപുരം: നാളത്തെ (12-2- 26) കാരുണ്യ പ്ലസ് നറുക്കെടുപ്പ് തീയതി മാറ്റി. അഖിലേന്ത്യ അടിസ്ഥാനത്തിൽ തൊഴിലാളികൾ പണിമുടക്കുന്നതിനാലാണ് നാളത്തെ കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തൊട്ടടുത്ത ദിവസമായ 13-ാം തിയതിയിലേക്ക് മാറ്റിയത്. മറ്റന്നാള്‍ ഉച്ചയ്ക്ക് 1.30-ന് കാരുണ്യ പ്ലസിന്‍റെ നറുക്കെടുപ്പ് നടക്കും. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായാണ് തീരുമാനം.
കേന്ദ്രസംസ്ഥാന നയങ്ങൾക്കെതിരായ സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ നടത്തുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ ഹര്‍ത്താലാകാൻ സാധ്യത. സംസ്ഥാനത്ത് സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. നിയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോജിച്ച സമരം വേണ്ടെന്നാണ് ഐഎൻടിയുസിക്കുള്ള കെപിസിസി നിർദ്ദേശം. പാൽ, പത്രം, ആശുപത്രി,മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ പണിമുടക്കുമന്നാണ് യൂണിയനുകൾ അറിയിച്ചത്. ഓട്ടോ, ബസ് , ലോറി,ടാക്സി തൊഴിലാളികൾ എന്നിവർ പണിമുടക്കും. സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടന സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലും കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ് ടിഎയെയും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേ സമയം എൻജിഒ അസോസിയേഷൻ പണിമുടക്കും.