Thiruvonam Bumper : നിങ്ങൾ ഷെയറിട്ട് ലോട്ടറി എടുക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Aug 1, 2022, 1:10 PM IST
Highlights

നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല.

രോ ദിവസവും നിരവധി ഭാ​ഗ്യശാലികളെ സമ്മാനിക്കാൻ കേരള ലോട്ടറിക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യമെത്തി ജീവിതം തന്നെ മാറിമറിഞ്ഞ നിരവധി പേരുടെ വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആയ 25 കോടിയാണ് തിരുവോണം ബമ്പർ ഭാ​ഗ്യശാലിക്ക് നൽകുന്നത്. വിൽപ്പന ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ മികച്ച വിൽപ്പനയാണ് ഓണം ബമ്പറിന്(Thiruvonam Bumper) ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ടിക്കറ്റ് വില 500 ആക്കിയതും ഷെയറിട്ട് ലോട്ടറികൾ എടുക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവർക്ക് സമ്മാനമടിച്ചാൽ എന്ത് ചെയ്യും?.

നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. ആയതിനാൽ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരിൽ ഒരാൾക്കാകും സമ്മാനത്തുക കൈമാറുക.  

Thiruvonam Bumper : 'ഞാനിടാം, നീയിടുമോ?' ടിക്കറ്റ് നിരക്ക് കൂട്ടിയതോടെ ഓണം ബമ്പര്‍ പങ്കുകച്ചവടം ഉഷാര്‍!

ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. ഇല്ലായെങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

അതേസമയം, 90 ലക്ഷം തിരുവോണം ബമ്പര്‍ ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണ് സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് തിരുവോണം ബമ്പറിന്‍റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും. സെപ്തംബര്‍ 18നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഓണം ബമ്പര്‍ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 57 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. 

click me!