'വിവാദങ്ങളിൽ മാത്രം സുഖം കാണുന്നവർ ആ ശീലം മാറ്റേണ്ടതാണ്; 'കിഫ്ബി' ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published May 4, 2020, 8:17 PM IST
Highlights

നമ്മുടെ നാട്ടിൽ വിവാദങ്ങളിൽ മാത്രം സുഖം കാണുന്നൊരു കൂട്ടരുണ്ട്. എങ്ങനെയെങ്കിലും വിവാദങ്ങളുണ്ടാക്കണമെന്നേ അവർക്ക് ചിന്തയുള്ളു. ഈ മനോഭാവവും ശീലവും മാറേണ്ടതാണെന്നും മുഖ്യമന്ത്രി .

തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച വിവാദങ്ങളുടെ പേരിൽ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്ടിൽ വിവാദങ്ങളിൽ മാത്രം സുഖം കാണുന്നൊരു കൂട്ടരുണ്ട്. എങ്ങനെയെങ്കിലും വിവാദങ്ങളുണ്ടാക്കണമെന്നേ അവർക്ക് ചിന്തയുള്ളു. ഈ മനോഭാവവും ശീലവും മാറേണ്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകൾ....

എനിക്ക് കാര്യമായി അഭ്യർത്ഥിക്കാനുള്ളത്, ഞാൻ നേരത്തെ നമ്മുടെ നാടിന്റെ അവസ്ഥ പറഞ്ഞതാണ്. നമ്മുടെ പ്രത്യേക സാഹചര്യവും പറഞ്ഞു. ഇവിടെ നമ്മൾ ഒന്നായി ശ്രമിച്ചാൽ കുറേക്കൂടി പല പുതിയ കാര്യങ്ങളും ഉണ്ടാക്കാൻ കഴിയും. ഇത് ഏതെങ്കിലും ഒരു വിഭാ​ഗത്തിന്റേതായിട്ടല്ല, നമ്മുടെ നാടിനാണ് ​ഗുണമായിട്ട് വരുന്നത്. നമ്മുടെ വ്യവസായസ്ഥാപനങ്ങളുടെ കാര്യം ഞാൻ പറഞ്ഞു. ലോകത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ മറ്റ് പലയിടങ്ങളിലുമുള്ള വ്യവസായങ്ങൾ കേന്ദ്രീകരിച്ചു നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതിൽ നിന്ന് മാറി ഇന്നത്തെ അവസ്ഥയിൽ വികേന്ദ്രീകരിച്ചു പോണം പലയിടത്തു പോകണം എന്ന അവസ്ഥ വ്യവസായ സ്ഥാപനങ്ങൾക്കു തന്നെ വന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ തന്നെ വന്നിട്ടുണ്ട്. ആ അവസരങ്ങളൊക്കെ നമുക്ക് നല്ലതുപോലെ ഉപയോ​ഗിക്കാനുള്ള വിഭവശേഷി ഇവിടെയുണ്ട്, എല്ലാത്തരത്തിലും. അത് നാം ഉപയോ​ഗിക്കേണ്ട ഘട്ടമാണിത്. അങ്ങനെയൊരു ഘട്ടത്തിൽ നാം ചെയ്യേണ്ടത് അതിനുള്ളൊരു സാഹചര്യം ഉണ്ടാക്കലാണ്. അക്കാര്യത്തിൽ ഏറ്റവും പ്രധാന പങ്കു വഹിക്കാൻ കഴിയുന്നത് മാധ്യമങ്ങൾക്കാണ്.

നമ്മള് പണ്ടുപണ്ടേ ശീലിച്ചുവന്നൊരു ശീലമുണ്ട്. ആ ശീലത്തിൽ തന്നെ നിൽക്കേണ്ട ഘട്ടമല്ല ഇത്. കൊവിഡ് മൂലം പല നല്ല ശീലങ്ങളും നമ്മള് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയൊരു പുതിയ ശീലത്തിലേക്ക് നമ്മളെത്തണം. നാടിന്റെ അഭിവൃദ്ധിക്കുവേണ്ടി, നാടിനെതിരായിട്ട് ഉള്ള ഒരു കാര്യവും ഉയർത്തിക്കൊണ്ടുവരാതിരിക്കുക. അതാണ് നാം ശ്രദ്ധിക്കേണ്ടൊരു കാര്യം. നമ്മുടെ നാട്ടിൽ വിവാദങ്ങളിൽ മാത്രം സുഖം കാണുന്നൊരു കൂട്ടരുണ്ട്. എങ്ങനെയെങ്കിലും വിവാദങ്ങളുണ്ടാകണമെന്ന് ചിന്തിക്കുന്നവരുണ്ട്. ഇവിടെ എന്തു കാര്യം വന്നാലും അത് നാടിന്റേതായിട്ടല്ല ചിലര് കാണുന്നത്. അത് ഏതേലും ഒരു കൂട്ടരുടെ മെച്ചപ്പെടലായിട്ട് പോകും. ഇപ്പോ ഒരു കാര്യം വന്നാൽ അത് ഇന്ന് അധികാരത്തിലിരിക്കുന്നത് എൽഡിഎഫ് സർക്കാരാണ് അതുകൊണ്ട് സർക്കാരിന്റെ വകയായിപ്പോകും അതുകൊണ്ട് വേണ്ട. അങ്ങനെ ഒരു പ്രത്യേക മാനസികാവസ്ഥ ഉള്ളവരുണ്ട്. ആ പ്രത്യേക മാനസികാവസ്ഥയോടൊപ്പമല്ല നിൽക്കേണ്ടത്. അവരും ആ മാനസികാവസ്ഥ തിരുത്തുകയാണ് വേണ്ടത്.

നമുക്ക് ഇത്തരം കാര്യങ്ങൾ ഒന്നിച്ചു നിന്ന് കൊണ്ട് നേടേണ്ടതാണ്. നമ്മുടെ നാടിനാണ് ഇത് ​ഗുണകരമായിട്ട് മാറുന്നത്. നാടിന്റെ ഭാവിയെയാണ് അത് ശക്തിപ്പെടുത്തുക. മറ്റ് പലയിടത്തും ഇല്ലാത്ത ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരു മണ്ണിലാണ് നാം ജീവിക്കുന്നത്. നമ്മളത് തെളിയിച്ചും കഴിഞ്ഞു. ഇപ്പോ കിഫ്ബി, കിഫ്ബി എന്ന് പറയുന്നത് നമ്മുടെ ഇന്നത്തെ ഇന്ത്യാ രാജ്യത്ത് നാം അനുഭവിക്കുന്ന പ്രയാസങ്ങൾ വലുതാണ്. സംസ്ഥാനം അനുഭവിച്ച പ്രയാസം വലുതാണ്. അത്തരമൊരു സാഹചര്യത്തിൽ നമുക്ക് നാടിന്റെ വികസനം ഉറപ്പുവരുത്തണം. അതിന് ബദൽ മാർ​ഗങ്ങൾ സ്വീകരിച്ചേ മതിയാകൂ. ആ ബദൽ മാർ​ഗങ്ങൾ സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചപ്പോഴാണ് കിഫ്ബി എന്നത് ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. 50000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും എന്ന് പറഞ്ഞിട്ട് അതിനെക്കാൾ കൂടുതൽ പദ്ധതികൾ തയ്യാറാകുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. അത്രയും പദ്ധതികൾ നാം നടപ്പാക്കുകയാണ്. നമ്മളിപ്പോ ആരോ​ഗ്യരം​ഗത്തിന്റെ മേന്മയെക്കുറിച്ച് പറയുന്നില്ലേ. ആരോ​ഗ്യരം​​ഗത്ത് ഈ കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികള്, അതിനുപയോ​ഗിച്ച കിഫ്ബിയുടെ ഫണ്ടില്ലേ. നമ്മുടെ പശ്ചാത്തലസൗകര്യത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ കിഫ്ബിയുടെ ഫണ്ടില്ലേ. ചിലരുടെ പ്രത്യേക മാനസികാവസ്ഥ വച്ച് ഇതിനെയൊക്കെ വിവാദത്തിലാക്കണോ.നേരത്തെ ഇത്തരത്തിലൊരു വർത്തമാനം കേട്ടിരുന്നു. ഇങ്ങനുള്ള കാര്യങ്ങള് ഉയർത്തിക്കൊണ്ടുവരാൻ പോകുകയാണെന്ന്. അത് പ്രത്യേകം ഉദ്ദ്യേശത്തോട് കൂടിയാണ്. ആ ഉദ്ദേശ്യം തിരിച്ചറിയണം.


"

click me!