ശ്രീകാര്യം ഫ്ലൈഓവർ: കെആർടിഎല്ലിന് ആദ്യ ഗഡു തുക കിഫ്ബി കൈമാറും, യാഥാർത്ഥ്യമാകുന്നത് സ്വപ്ന പദ്ധതി

By Web TeamFirst Published Jun 19, 2020, 6:41 PM IST
Highlights

നാലുവരി ഫ്ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്ത് ഉയരുക. 15 മീറ്ററാണ് ഫ്ലൈ ഓവറിലെ നാല് വരിപ്പാതയുടെ വീതി (Road width). ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. 535 മീറ്ററാണ് ഫ്ലൈഓവറിന്റെ മൊത്തം നീളം. 

തിരുവനന്തപുരം: നഗരത്തിലേക്കുള്ള കവാടമായ ശ്രീകാര്യം കാലങ്ങളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രികർക്ക് ഏറെ സമയനഷ്ടം ഉണ്ടാക്കുന്നതാണ് ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക്. ഇതിനൊരു ശാശ്വത പരിഹാരമായി ഏറെ നാളായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഫ്ളൈ ഓവർ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. 

നിർദ്ദിഷ്ട ഫ്ളൈ ഓവറിന് വേണ്ടിയുളള സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു 35 കോടി രൂപ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി), എസ് പി വി ആയ കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷന് (കെആർടിഎൽ) കൈമാറും.  

സ്ഥലമേറ്റെടുക്കൽ പ്രക്രിയയ്ക്കൊപ്പം പദ്ധതിയുടെ വിശദമായി സാങ്കേതിക പഠനവും ടെൻഡർ നടപടി ക്രമങ്ങളും പുരോഗമിക്കുകയാണ്. നാലുവരി ഫ്ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്ത് ഉയരുക. 15 മീറ്ററാണ് ഫ്ലൈ ഓവറിലെ നാല് വരിപ്പാതയുടെ വീതി (Road width). ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. 535 മീറ്ററാണ് ഫ്ലൈഓവറിന്റെ മൊത്തം നീളം. 

ശ്രീകാര്യം ജം​ഗ്ഷണിന്റെ സമഗ്ര വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. നിർദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ലൈഓവർ രൂപകല്പന ചെയ്തിരിക്കുന്നത്. 135. 37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. സ്ഥലമേറ്റെടുക്കലിനുള്ള തുകയും ഇതിൽ ഉൾപ്പെടും. 1.34 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. തലസ്ഥാന നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി വരയ്ക്കുന്ന പ്രധാന വികസന പദ്ധതികളിൽ ഒന്നാണ് ശ്രീകാര്യം ഫ്ലൈഓവർ പദ്ധതി. മറ്റു രണ്ടു പ്രധാന പദ്ധതികളായ പട്ടം, ഉള്ളൂർ ഫ്ലൈ ഓവറുകളുടെ പ്രവർത്തികളും താമസമില്ലാതെ ആരംഭിക്കും.

click me!