മൂന്നാര്‍, ഫമിത അനില്‍കുമാര്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Jul 16, 2021, 7:32 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രിന്‍സി കോട്ടയില്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

'ഋതുക്കളുടെ സഹായമില്ലാതെ വളരുകയും വിടരുകയും ചെയ്യുന്ന ഒരേയൊരു പുഷ്പം പ്രണയമാണ്.'

ഖലീല്‍ ജിബ്രാന്റെ കാവ്യാത്മകമായ വാചകങ്ങളെ  ഓര്‍ത്ത്, അയാള്‍ തന്റെ കട്ടിഫ്രെയിമുള്ള കണ്ണട മുഖത്ത് നിന്നും എടുത്ത് തൂവാലകൊണ്ട് തുടച്ചു. 

'എന്താ സര്‍, എന്ത് പറ്റി? നല്ല ക്ഷീണം തോന്നുന്നുവല്ലോ'

പ്രളയം കൊണ്ട് പകുതിനശിച്ച റോഡിലൂടെ പോകുന്ന ഇന്നോവയുടെ സ്റ്റിയറിംഗില്‍ താളത്തില്‍  കൈചലിപ്പിച്ചുകൊണ്ട് കൈമള്‍ ഹരിയോട് ചോദിച്ചു .

'ഏയ്, ഒന്നുമില്ല. താന്‍ ശ്രദ്ധിച്ചു വണ്ടിയോടിക്കടോ' മുഖം പ്രസന്നമാക്കികൊണ്ട് ഹരി പറഞ്ഞു.

എല്ലാ വര്‍ഷവും നാട്ടില്‍  വരുമ്പോള്‍ ഹരിയുടെ മൂന്നാര്‍ യാത്ര കൈമളിന്റെ കൂടെയാണ്. ശീലങ്ങളൊക്കെ കൈമളിനറിയാം. 
ഇത്തവണ നീലകുറിഞ്ഞി പൂത്തിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

പ്രളയകാലമായതിനാല്‍, യാത്ര മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിപിടിച്ചാലോ എന്ന് ഹരി ചിന്തിച്ചിരുന്നതായിരുന്നു. എങ്കിലും നാട്ടില്‍ വരുമ്പോള്‍ മുന്നാറിലേക്ക് വരാതിരിക്കാനാവില്ലല്ലോ. അയാളുടെ മനസ്സ് തന്റേതുമാത്രമായ ആ നിശ്ശബ്ദതയിലേക്ക് തറഞ്ഞുപോയി. അവിടെ മീരയുടെ നീണ്ട മിഴികള്‍ തെളിഞ്ഞുവന്നു. കവിത ഒളിപ്പിച്ച കണ്ണുകള്‍. 

കവിതകളും കഥകളും പുസ്തകങ്ങളുമായിരുന്നു മീരയുടെ ലോകം. ഹരിയില്‍നിന്നും തികച്ചും വിഭിന്നമായ ലോകം. കാമ്പസില്‍, പല ഡിബേറ്റുകളിലും കുറിക്ക് കൊള്ളുന്ന ചോദൃങ്ങളിലൂടെ ഹരിയുടെ മുനയൊടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇടയിലെപ്പോഴോ അവര്‍ക്കിടയില്‍ ഒരദൃശ്യബന്ധം ഉടലെടുത്ത് കഴിഞ്ഞിരുന്നു . ആലയിലിട്ടുരുക്കി പൊന്ന് വിളയിച്ചെടുക്കുന്നപോലെ തീവ്രമായ ഒന്ന്. ആത്മീയമായ ഒരടുപ്പം.  

'എന്തിനാ സര്‍ ഓരോ വര്‍ഷവും നേര്‍ച്ച പോലെ ഈ മൂന്നാര്‍ യാത്ര? വേറെ ഏതെല്ലാം സ്ഥലങ്ങളുണ്ട്. കുറഞ്ഞ പക്ഷം ഇത്തവണയെങ്കിലും ഒഴിവാക്കാമായിരുന്നു.'- പ്രളയം മുറിച്ചെടുത്തു ബാക്കിയായ റോഡിന്റെ ഇത്തിരിയിടങ്ങളിലൂടെ കഷ്ടിച്ച് വണ്ടിയോടിക്കുമ്പോള്‍ കൈമള്‍ ചോദിച്ചു .

'ഒന്നു  പോ കൈമളെ, എത്ര കണ്ടാലും മതിയാകാത്ത സീനിക്ബ്യൂട്ടി അല്ലേ ഇവിടെ'

മഞ്ഞിന്റെ വെളുത്ത മേലങ്കിയുടുത്ത് ഹരിതാഭയണിഞ്ഞ മലയടിവാരങ്ങള്‍, ഗൂഢ സൗന്ദര്യം ഉള്ളിലൊളിപ്പിച്ച  താഴ ് വാരങ്ങള്‍. നിശ്ശബ്ദതയുടെ തുരുത്തുകള്‍. ഇത്തവണ നീലക്കുറിഞ്ഞികളും. ഹരി കണ്ണടച്ച് സീറ്റില്‍ ചാരിക്കിടന്നു.

'മീര, നീ എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്?' ഹരി ഒരിക്കല്‍ ചോദിച്ചു. അവളുടെ കണ്ണാടിപോലുള്ള മിനുത്ത കവിളില്‍ നിന്നും അടരുവാന്‍ മടിച്ച്  ഒരു കണ്ണുനീര്‍തുള്ളി അക്ഷരങ്ങളുടെ മഷിയില്‍ വിലയം പ്രാപിച്ചു.

'പിന്നെ ഞാനെന്താണ് ചെയ്യേണ്ടത് ഹരി? എത്ര തവണ നിന്നെ വിളിച്ചു. നിയെന്നെ ഒഴിവാക്കുകയാ..ഹരി.''

'നോക്കൂ മീര, പ്രകാശമുണ്ടെങ്കിലെ സൂര്യന് വെളിച്ചമുണ്ടാവൂ.  ഞാന്‍ ഇരുണ്ടിരിക്കുമ്പോള്‍ എനിക്കെങ്ങനെ നിന്നെ പ്രകാശിപ്പിക്കാന്‍ പറ്റും' -അയാള്‍ പറഞ്ഞു. എന്നിട്ട് തുടര്‍ന്നു, ആ വാചകങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ടോണില്‍. ജീവിതത്തിന്റെ പരുപരുപ്പായിരുന്നു അതിന്. 

''വൈഫിന് നല്ല പനി, മോള്‍ ആകെ വാശി. ഇപ്പോള്‍  സന്തോഷമായിരുന്ന് നീ ആ നോവല്‍ പൂര്‍ത്തിയാക്കൂ. നമുക്ക്  കാണാം''

ഇപ്പോഴാലോചിക്കുമ്പോള്‍ അറിയാം,  അവളുടെ വാതില്‍ തുറന്ന് അയാള്‍ കാറ്റുപോലൊഴുകിയ ദിനങ്ങള്‍. അവളുടെ മോഹങ്ങള്‍ക്ക് അയാള്‍ നല്‍കിയ സ്വരങ്ങള്‍. ആ കാന്തികവലയത്തില്‍ അവളൊരു സ്വപ്നാടകയെ പോലെ വീണ നേരം, മേഘങ്ങള്‍ക്കിടയില്‍ അയാള്‍ മറഞ്ഞ വഴിത്താര. സങ്കടം വന്നു, അയാള്‍ക്ക്. 


'സര്‍  റോഡ്  മുഴുവന്‍ കുണ്ടും കുഴിയും'-കൈമള്‍ ഹരിയെ യാഥാര്‍ത്ഥൃത്തിലേക്ക് കൊണ്ട് വന്നു.

ചൂഷണങ്ങള്‍ കൂടുതല്‍ ആയതിനാലാവാം പ്രകൃതി ഇത്രവേഗം മൂന്നാറില്‍ നിന്നും അടര്‍ന്നത്. 

'കൈമളെ, വണ്ടി ഒന്നു ഒതുക്കിനിര്‍ത്തൂ.' '

'ഓ ഞാന്‍ മറന്നു. സാറിന്റെ സ്ഥലമെത്തി. ഇനി  ഒരു സിഗററ്റ്. ഒരു കവിത . ഇതെല്ലാം പതിവല്ലേ.'

'ചിലതങ്ങനെയാ കൈമളെ...'

പറഞ്ഞു നിര്‍ത്തിയശേഷം അയാള്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു പുക മുകളിലേക്ക് ഊതിവിട്ടു.

ഹരി, ഞാന്‍ ഹസ്ബന്റിന്റെ ജോലിസ്ഥലത്തേക്ക് പോകുന്നു. കുട്ടികളുടെ ടീസീ വാങ്ങി. ഇനിയുള്ളകാലം രവിയേട്ടനോപ്പം അവിടെ കഴിയാനാണ് തീരുമാനം. ഇനി നമ്മള്‍ക്ക് കാണാന്‍ കഴിയുമോ എന്നറിയില്ല. പക്ഷെ  എവിടെയാണെങ്കിലും എനിക്ക് നിന്നെ നഷ്ടപ്പെടില്ല. കാരണം നീ എന്നില്‍ തന്നെയുണ്ട്.''

അവളുടെ വാക്കുകള്‍ അയാള്‍ വീണ്ടും ഓര്‍ത്തു, ഒരാവര്‍ത്തനം പോലെ.  

'ഉരുകിയ രാത്രിയോട് മധുരമായി പാടുന്ന ഒരു കാറ്റായീ നീയെന്നിലുണ്ട്, മീരാ.  മൂന്നാര്‍ ഉള്ളിടത്തോളം നമ്മളുമുണ്ട്.' അയാള്‍ മന്ത്രിച്ചു.

പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു.

''ഹലോ, ഞാനാണ് മീര, ഞാന്‍ ഇവിടെ തന്നെയുണ്ട്.'' 

നിശ്ശബ്ദത. 

'ആള്‍ത്തിരക്കിനിടയില്‍ അപരിചിതരെപോലെ നമുക്ക്  കാണാം. ആരും കാണാതെ നമുക്ക്  യാത്ര ചെയ്യാം. ആരുമറിയാതെ, കാരണം ഭംഗിയുള്ളതിനെയെല്ലാം മനുഷ്യര്‍ നശിപ്പിക്കും.'

ആ വാക്കുകളിലേക്ക് പെട്ടെന്ന് മഞ്ഞുപുതച്ചൊരു വഴി വന്നുനിറഞ്ഞു. സണ്‍റൈസ് ഹോട്ടലിലേക്ക് കൈമള്‍ സ്റ്റിയറിംഗ് തിരിച്ചു. അയാളന്നേരം, മറഞ്ഞുപോവുന്ന കുറിഞ്ഞിപ്പുക്കളിലേക്ക് കണ്ണുനട്ടു. 

 

click me!