Malayalam Short Story| പെട്ടിമുടി, ലിസ ലാലു എഴുതിയ കഥ

By Chilla Lit SpaceFirst Published Nov 4, 2021, 7:37 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ലിസ ലാലു എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഇരുട്ടിന്റെ കൈകളെ വകഞ്ഞുമാറ്റി വാഹനങ്ങള്‍ ശീഘ്രം മലയടിവാരത്തേക്ക് പാഞ്ഞു. വഴുക്കലുകളില്‍ തെന്നിയും പാതയോരമിടിഞ്ഞും ചക്രങ്ങള്‍ക്ക്  അനുസരണയില്ലാത്തത് രവി ശ്രദ്ധിച്ചു.

'എത്രേം വേയ്ഗത്തിലെത്താമോ അത്രേം നല്ലത്'

മാരിയപ്പന്‍ വഴിയോരത്തിന്റെ ആഴങ്ങളിലേക്ക് നോക്കി പറഞ്ഞു. ജീപ്പിന്റെ വശങ്ങളില്‍ തെറിച്ചുകൊണ്ടിരിക്കുന്ന ചളിവെള്ളത്തിന്റെ ദിശകളിലേക്ക് വെളിച്ചം എത്തിനോക്കികൊണ്ടിരുന്നു. കുറുന്തോട്ടിയും മുള്ളും വരയുന്ന വഴിയില്‍ എത്തിയതോടെ ചുവന്നവെള്ളം ചക്രങ്ങളെ മുക്കി.

'യായ്.. അടിവാരമെത്തി'

അയാളില്‍ നിന്നൊരു കൂകലുണര്‍ന്നു.

ഇരുട്ടില്‍ വെളിച്ചങ്ങളുടെ മിന്നാമിനുങ്ങുകളാല്‍ ദൂരെ പെട്ടിമുടിയുടെ തല കണ്ടു.

'മഴ കണക്കുന്നത് പ്രശ്‌നാവൂലോ.'

മാരിയപ്പന്‍ നിര്‍ത്തുന്നില്ല.

വൈകിട്ട് പട്ടചാരായവും കുടിച്ചു നരച്ചു വളഞ്ഞ മീശയും തടവി 'നാളെ പാക്കലാം' എന്നു പറഞ്ഞു പോയ ആളാണ് പുലര്‍ച്ചയുടെ നിലവിളികള്‍ കേട്ട് ആദ്യം ഓടിയെത്തിയത്.

'പോകാം'

ഉറക്കച്ചടവില്‍ വണ്ടിയിലേക്ക് ചാടിക്കയറി അയാള്‍ പറഞ്ഞു.

രവിയ്ക്ക് അയാളോട് സ്‌നേഹം തോന്നി. പ്രായത്തെ വെല്ലുന്ന മനുഷ്യരുടെ മനസ്സ് ആര്‍ക്കറിയാനാകും! ഇങ്ങനെ ഒരു പൊട്ടലിലാണ് രവി അയാളുടേതായതും അയാളുടെ സീതമ്മയും ജാനുവും മണ്ണില്‍ ലയിച്ചതും.

ചുവന്ന പശ്ശിമയാര്‍ന്ന മണ്ണിനൊപ്പം ഉരുളന്‍ കല്ലുകളും റോഡില്‍ കൂടി വരുന്നത് രവി ശ്രദ്ധിച്ചു. ഇനിയും നെഞ്ചുപൊട്ടി ഭൂമി അലറിക്കരയാനിടയുണ്ട്. മഴയിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് അപകടസാധ്യത കൂടുതലാണ്.

'നേരം വെളുത്തിട്ട് പോയാ പോരെ?'-നിറവയറും താങ്ങി മീനമ്മ ചോദിച്ചത് അയാളോര്‍ത്തു.

'വരാം'

അവളെ നോക്കി ദീര്‍ഘനിശ്വാസമയയ്ക്കുമ്പോള്‍ ഇരുപത്തിയഞ്ചു കൊല്ലം മുന്‍പത്തെ ഒരു മഴ വൈകുന്നേരമായിരുന്നു രവിയുടെ മനസ്സില്‍. അഞ്ചുവയസ്സുകാരന്‍ ഇറയത്തു നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളത്തില്‍ ഒരു കടലാസ് തോണി അയക്കാന്‍ ശ്രമിക്കുകയായിരുന്നു. തേയിലയിട്ട വെള്ളം തിളച്ചു കൊണ്ടിരുന്ന ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. അമ്മ കുനിഞ്ഞു ലെയ്‌നിലെ കൊച്ചുമുറിയില്‍ അടുപ്പൂതുന്നുണ്ടായിരുന്നു. അമ്മയ്ക്കരികില്‍ കിന്നരിപല്ലുകള്‍ കാണിച്ചു അക്കു പാത്രത്തില്‍ കൊട്ടി കളിച്ചുകൊണ്ടിരുന്നു.

പിന്നെയെന്താണ്. മറക്കരുത് എന്നാഗ്രഹിച്ചിട്ടും മറവിയുടെ ചുഴികള്‍ വലിച്ചെടുക്കുന്ന ആ ഓര്‍മ്മകള്‍.

നിലത്തു അറ്റം കീറിയ ഒരു പായ അക്കുവിന്റെ മൂത്രത്തില്‍ കുതിര്‍ന്ന പുതപ്പിന്റെ വെള്ള നൂലുകള്‍. അലക്കാന്‍ കെട്ടി വച്ച തുണിയുടെ ഒരു ഭാണ്ഡം. കഴുകി കമിഴ്ത്തി രണ്ടു കലങ്ങള്‍. മണ്ണെണ്ണ സ്റ്റവ്..ചുവന്ന സാരിത്തലപ്പ് ഊര്‍ന്നു കിടക്കുന്ന മങ്ങിയ ഓര്‍മ്മകളാല്‍ കണ്ണു നിറഞ്ഞു.

കടലാസ് തോണിയ്ക്ക് പുറകേ പായുന്ന കുട്ടിയ്ക്ക് പുറകില്‍ മണ്ണിന്റെ ദുര്‍ഗന്ധം പരന്നു. തിരിഞ്ഞു നോക്കിയിടത്തു ചുവന്ന മണ്ണ് പുതഞ്ഞു കിടന്നു. മഴ നനഞ്ഞോടികയറുമ്പോള്‍ ചന്തിയ്‌ക്കൊരു പിച്ചു തന്നു കരിവളകള്‍ കിലുക്കി പതംപറഞ്ഞു സാരിതലപ്പുകൊണ്ടു തലത്തുവര്‍ത്താന്‍ അമ്മയില്ല. ചായഗന്ധത്തിനു മുകളില്‍ ചേറുമണം പരന്നു. പിന്നീട് ഒരിക്കലും രവിയ്ക്ക് ചായകുടിക്കാനായില്ല. മൂക്കില്‍ തുളച്ചു കയറുന്ന ചേറിന്റെ വാസനയില്‍ അനുജത്തിയെ കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയ്ക്ക് മുന്‍പില്‍ ഏങ്ങലടിച്ചു നിന്ന കുഞ്ഞുരവി ഉള്ളില്‍ ശ്വാസോച്ഛ്വാസം കൂട്ടി.

കല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ചായകാച്ചുന്ന അമ്മയുടെ ഓര്‍മ്മകളില്‍ രവി പരതി നടന്നു. വിതുമ്പലുകളില്‍ സമാശ്വസിപ്പിക്കാന്‍ മഴത്തുള്ളികള്‍ എണ്ണമെഴുക്കുള്ള മുടിയിഴകളില്‍ പതിഞ്ഞു.

'പയ്യാ'

തോളില്‍ ഒരു കൈപ്പടം പതിഞ്ഞു. അയാള്‍ അവനെ ചേര്‍ത്തു പിടിച്ചു.

'എനക്കും ഇനി ഇങ്കെ ആരും ഇല്ലൈ'

അയാള്‍ വിതുമ്പി.

'ഒരു നാള്‍ ആച്ചാലും ജീവനോടെ കിട്ടുംന്നൊരു കേള്‍വി കേട്ട്..'

'എന്‍ സീതമ്മ...ജാനു..എന്‍ കൊളന്ത..'

അയാള്‍ കൈയിലെ പാവയെ നോക്കി  പൊട്ടിക്കരഞ്ഞു.

വലിയ പാറക്കല്ലുകള്‍ വന്നടിഞ്ഞ ഇടം വരെ വണ്ടിയെത്തിയില്ല. ആകാശം ഗര്‍ജനം മുഴക്കുന്നതിനിടയിലും അലമുറകള്‍ മുഴങ്ങി. ചെറുവെട്ടങ്ങള്‍ക്കിടയില്‍ ഉറ്റവരെ തേടുന്നവര്‍.

ചളിയില്‍ പുതഞ്ഞ കാലുകള്‍ വലിച്ചെടുത്തു പാറകള്‍ക്കും ചെളിയ്ക്കും ഇടയില്‍ നിന്നു വലിച്ചെടുക്കുന്ന ജീവനുകള്‍.
തേയില എസ്റ്റേറ്റ് ജീവനക്കാരുടെ ലെയ്‌നിന്റെ മുക്കാലും മണ്ണ് തിന്നിരുന്നു. കുത്തിയൊലിക്കുന്ന മലവെള്ളത്തില്‍ ഒലിച്ചു പോയവരുടെ കണക്കുകള്‍ ആകാശത്തിനും ഭൂമിയ്ക്കും ഇടയില്‍ മലവെള്ളം രേഖപ്പെടുത്തി.

ജീപ്പിലേക്ക് വലിച്ചിട്ട ജീവനുകളുമായി തിരിച്ചു പായുമ്പോള്‍ മാരിയപ്പനെ കണ്ടില്ല. നിര്‍ത്തിയ ജീപ്പില്‍ നിന്നും അയാളിറങ്ങി ഓടിയിരുന്നു. അയാള്‍ക്കതൊരു പതിവായിരുന്നു. ജീപ്പിന് പിറകില്‍ ഞരക്കങ്ങള്‍ക്കൊപ്പം നിലച്ച ശരീരങ്ങളും നിറഞ്ഞു.

 

.............................
Read More: രൂപാന്തരം, ലിസ ലാലു എഴുതിയ കഥ
.............................

 

കുഞ്ഞിന്റെ കരച്ചില്‍ അകമുറിയില്‍ മുഴങ്ങി. നേരം വെളുക്കും മുന്‍പ് വേദനയിളകി മീനമ്മ ആശുപത്രിയില്‍ എത്തിയിരുന്നു. കുഞ്ഞിനെ കാണാന്‍ ഒത്തില്ല. ശ്വാസതടസ്സം മൂലം അവന്‍ ഒബ്‌സര്‍വേഷനില്‍ ആണ്. രാത്രി കൊണ്ടുവരുമ്പോള്‍ തന്നെ ബുദ്ധിമുട്ടില്‍ ആയിരുന്നുവെന്നു അടുത്ത വീട്ടുകാര്‍ പറഞ്ഞു.

മരുന്നു ഗന്ധങ്ങളുടെ മുഷിച്ചിലിനൊടുവില്‍ ഇരിപ്പിടത്തില്‍ കിടന്ന പത്രം അയാള്‍ കൈയിലെടുത്തു. രവിയുടെ കണ്ണുകളിലൂടെ പത്രവാര്‍ത്തകള്‍ ഓടിമറഞ്ഞു.

 

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍: മരണം അറുപത് കവിഞ്ഞു 

പശ്ചിമഘട്ടം ഭീഷണിയില്‍; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുന:പരിശോധന നടത്തണമെന്ന് മന്ത്രി.

ഉരുള്‍പൊട്ടല്‍: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കിടയില്‍ രക്ഷപ്രവര്‍ത്തകരും

 

രണ്ടാമത് ഉണ്ടായ ഉരുള്‍പൊട്ടലാണ് നാട്ടുകാരായ ചിലരുടെ മരണത്തിനു കാരണമായത് എന്ന വാര്‍ത്തയില്‍ അയാള്‍ ഉടക്കി നിന്നു. വായിക്കുന്നവര്‍ക്ക് ഇതൊരു വാര്‍ത്ത മാത്രം ആണ്. ഇന്ന് സഹതപിക്കുകയും നാളെ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന ഒന്ന്.

നരച്ച മീശയുള്ള വാ കോടിയ മാരിയപ്പന്‍ ചെറിയ കോളത്തിലെ ചിത്രത്തില്‍ തുറിച്ചു കിടന്നു. രവിയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി നിലത്തു വീണു ചിതറി.

തിരികെ വരാന്‍ അയാള്‍ ഉണ്ടായിരുന്നില്ല.

'എല്ലാവരെയും കാപ്പാത്ത് പയ്യാ' എന്നു പറഞ്ഞു പെയ്യുന്ന മഴമുറിച്ചു അയാളോടിയിരുന്നു.

ചേറിന്റെ ഗന്ധം മൂക്കിലെത്തുമ്പോള്‍ അയാള്‍ ചുറ്റും നോക്കി. പ്രസവമുറിയില്‍ നിന്നു കൈകളിലേക്ക് നീട്ടിയ കുഞ്ഞിനെ നോക്കി അയാള്‍ വിളിച്ചു.

'മാരിയപ്പാ..'

ഭൂമിയുടെ ഗര്‍ഭഗൃഹത്തില്‍ അലിഞ്ഞ മാരിയപ്പനെപ്പോലെ കുഞ്ഞ് കൈകള്‍ ചുരുട്ടി കണ്ണുകള്‍ തുറക്കാന്‍ മടിച്ചു കൊണ്ട് ഗര്‍ഭഗൃഹത്തിലെന്ന പോലെ ഒന്നു കൂടി ചുരുണ്ടു.

.........................................................................
*വേയ്ഗം- വേഗം (നാട്ടുഭാഷ വകഭേദം)
*കണക്കുക-കനക്കുക.

 

 

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!