ഒരു ലെസ്ബിയന്‍ പ്രണയകഥയില്‍നിന്ന്,  പ്രിന്‍സി കോട്ടയില്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Jul 15, 2021, 7:04 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രിന്‍സി കോട്ടയില്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

കടല്‍ത്തീരം. 

അവള്‍ തിരമാലകള്‍ നോക്കി അങ്ങനെ ഇരുന്നു. 

കൈവിരലുകള്‍ വിറക്കുന്നുണ്ട്. പല്ലു കടിച്ചു പിടിച്ച് അവള്‍ എഴുന്നേറ്റു. 

ചുറ്റും നോക്കി. ശാന്തമായ അന്തരീക്ഷം. അവള്‍ മരണത്തെപ്പറ്റി ചിന്തിച്ചു. ക്ഷണിക്കപ്പെടാത്ത ആ അതിഥിയെ കുറിച്ച്, ഒരിക്കലും തിരിച്ചു വരാനാവാത്ത ആ സ്വര്‍ഗ കവാടത്തില്‍ വിശ്രമം കൊള്ളുന്ന അതിമനോഹരമായ മുഹൂര്‍ത്തത്തെ കുറിച്ച്. 

തിരമാലകള്‍ അവളെ ആലിംഗനം ചെയ്യാനെന്നവണ്ണം  പുഞ്ചിരിച്ചടുത്തു. 

സന്ധ്യാനേരം. സൂര്യന്‍ കടലിനോട് കിന്നാരം പറയാന്‍ വെമ്പുകയാണ്. മരണമേ... ശ്യാമ പ്രയാണമേ  ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്. 


അവളുടെ കാലുകള്‍ നനഞ്ഞു. മരണത്തിന്റെ ഗന്ധം ചുറ്റും പരന്നു. ഈ ലോകം വിട്ട്, ഭാരങ്ങളെല്ലാം ഒഴിഞ്ഞകലുന്നു. 

സൗഹൃദങ്ങള്‍, കൂടപ്പിറപ്പുകള്‍, പരിചിതര്‍, അപരിചിതര്‍.. ഈ ഭൂമിയില്‍ നിന്നു തന്നെ അവള്‍  മറഞ്ഞകലുന്നു. 

തിരമാലകളെ  എന്നെ ചുംബിച്ചാലും, നിന്നിലലിഞ്ഞ് എനിക്ക് മരണത്തെ പുണരണം.

കീശയില്‍ ഫോണ്‍ ഇട്ട് ഹെഡ്‌സെറ്റ് ചെവിയില്‍ കുരുക്കി അവള്‍ അവസാനത്തെ പാട്ടുകേട്ടു.

'അധരമാം ചുംബനത്തിന്റെ മുറിവു 
നിന്‍ മധുരനാമജപത്തിനാല്‍ കൂടുവാന്‍.. 
പ്രണയമേ 
നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ 
ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍...'

തിരമാലകള്‍ അവളെ ആലിംഗനം ചെയ്തു. 

മരണത്തിന്റെ അവസാന ശ്വാസവും അവള്‍  ആസ്വദിച്ചു. 

ഹൃദയമിടിപ്പ് നിലച്ചു. 

അവള്‍ മരിച്ചിരിക്കുന്നു.

തീരമാകെ വര്‍ണ്ണാഭമാണ്. ആര്‍ത്തുല്ലസിക്കുന്ന കുട്ടികള്‍, ആകാശപട്ടങ്ങള്‍.


'ലക്ഷ്മീ...' 

പെട്ടെന്നൊരു വിളി. ഹൃദയത്തില്‍ നിന്നുതിര്‍ന്നത്ര സാന്ദ്രം.

സ്വപ്നത്തില്‍ നിന്ന്  ചിതറി മാറി അവള്‍ തിരിഞ്ഞു നോക്കി-ജാനകി. മംഗല്യപ്പന്തലില്‍ ഇന്ന് പുതുമണവാട്ടി ആവേണ്ടവള്‍. 

വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ജാനകി  വിവാഹത്തിനൊരുങ്ങുന്ന വിവരം ഇന്നലെ ഞെട്ടലോടെയാണ് ലക്ഷ്മി  അറിഞ്ഞത്. സമനിലതെറ്റിയ ലക്ഷ്മിയെ ആരും കണ്ടില്ല. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. തുടര്‍ജീവിതം നയിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍  ഓര്‍ത്ത് ജാനകി  ഉള്‍വലിയുകയായിരുന്നു. 

ആ ജാനകിയാണ് മുന്നില്‍. സമൂഹം അംഗീകരിക്കാത്ത രണ്ടു പെണ്ണുങ്ങള്‍. ലക്ഷ്മി  തിരിഞ്ഞു നിന്നു. നിര്‍ന്നിമേഷരായി പരസ്പരം നോക്കി, അവര്‍. 

'ലക്ഷ്മീ  വയ്യ, എനിക്ക്  ഒരു പുരുഷന്റെ ജീവിതം തകര്‍ക്കാന്‍. എനിക്ക് നിന്നോട് ആത്മാര്‍ത്ഥ പ്രണയം ആണ്. പുരുഷനും സ്ത്രീയും സ്‌നേഹിച്ചാല്‍ മാത്രമേ ജീവിതം ആവുകയുള്ളോ...? എന്തുകൊണ്ട് സ്ത്രീയും സ്ത്രീയും സ്‌നേഹിച്ചു കൂടാ? എല്ലാവരും മനുഷ്യരല്ലേ... ഏതു ലിംഗം ആണെങ്കിലും സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ..? വീടുവിട്ട് ഇതാ  ഞാന്‍ വന്നിരിക്കുന്നു. ഒരു  പെണ്ണിനും പെണ്ണിനും  ജീവിതം നയിക്കാന്‍ പറ്റുമെന്ന്  നമുക്ക് കാണിച്ചു കൊടുക്കേണ്ടേ ലെച്ചു'

ജാനകി പറഞ്ഞു. 

ലക്ഷ്മിയ്ക്ക്  ജീവന്‍ തിരിച്ചു കിട്ടിയത് പോലെ തോന്നി.

''ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല...'' ആത്മഗതമെന്നോണം പറഞ്ഞപ്പോള്‍ ലക്ഷ്മിയുടെ  കണ്ണു നിറഞ്ഞു. 

അവള്‍ ജാനകിയെ കെട്ടിപ്പുണര്‍ന്നു. ആഴമേറിയ ചുംബനങ്ങളിലേക്ക് ചുണ്ടുകളും നാവും പിണച്ചു. ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഇരുവരും ചേര്‍ന്നലിഞ്ഞു. 

click me!