Malayalam Love Poems; ആസക്തിയുടെ പാനപാത്രങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Jun 1, 2022, 12:55 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

നദി 

പ്രണയമേ സ്വീകരിക്കുക നീയെന്നെ,
കവര്‍ന്നെടുക്കുക എന്നിലെ ദാഹത്തെ.

എന്റെ അഭിനിവേശങ്ങള്‍ 
ശൈത്യത്തിന്റെ മഞ്ഞിലേക്ക് മറയുന്ന 
പര്‍വ്വതനിരകളില്‍ വിറകൊള്ളുന്നു.

വന്മരങ്ങളെ ചുറ്റിയവയൊരു 
ചുഴലിക്കൊടുങ്കാറ്റ് കണക്കെ 
ഇറങ്ങി വരുമ്പോള്‍ 
ഈ വരള്‍ച്ചയില്‍ നിന്നും 
നിന്നിലേക്കെന്നെ ചേര്‍ത്തെടുക്കുക,
എന്റെ കണ്ണിലൂടെ നീ പ്രണയത്തെ 
നോക്കി കാണുക!

വേര്‍പെടുത്താതെ ചൊരിയുക
എന്നിലുടനീളം 
നിന്റെ കൈമുദ്രകള്‍, ചുംബനങ്ങള്‍.

കാലവര്‍ഷത്തില്‍ കുത്തിയൊഴുകുമൊരു 
നദി പോലെയാകുന്നു ഞാന്‍.
ആഴങ്ങളില്‍ താഴ്ന്ന് പോകും വരെ 
നീയതില്‍ നീന്താനിറങ്ങുക,
പേരറിയാത്തൊരു നിര്‍വൃതി മാത്രം 
നീയെന്റെ വെയില്‍ മറയാകുന്നു


കാലാവസ്ഥ 

പ്രണയം
ഒരു കാലാവസ്ഥയാണോ?
ഉണരുമ്പോള്‍ വസന്തം 
ഉള്ളില്‍ വര്‍ഷം, 
അകലെയാകുമ്പോള്‍ ഗ്രീഷ്മം
ഓര്‍മ്മകളില്‍ ശിശിരം , 
അതെ ഏതെങ്കിലുമൊരു 
ഋതുവിലല്ലാതെ 
എങ്ങിനെ പ്രണയിക്കും?


ഉന്മാദിനി

രക്തത്തില്‍
ജ്വരം ബാധിച്ചൊരു 
വിറയല്‍ പോലെ 
പ്രണയത്തില്‍ 
മുങ്ങി നിവരുമ്പോള്‍
ഞാനൊരുന്മാദിനിയാവുന്നു. 

പെയ്ത്തിന് മുന്നേയുള്ള
മുന്നൊരുക്കം പോലെ
ചില കുതിപ്പുകള്‍, 
ഈ മാത്രകള്‍, 
എന്തൊരു തിടുക്കമാണവയ്ക്ക്. 

ഋതുക്കളെല്ലാം 
ഒരൊറ്റ ഉടലായി എന്നില്‍, 
ഞാനോ 
നനഞ്ഞ മണ്ണില്‍
തളിര്‍ത്തു കിടന്നു. 

ശരീരം വസന്തമായുലഞ്ഞു, 
രക്തം തേനായി കിനിഞ്ഞു.
രതിയുടെ ഉടല്‍ക്കാടുകളില്‍  
ജലസര്‍പ്പങ്ങളിഴഞ്ഞു. 
                         
ആസക്തിയുടെ 
പാനപാത്രങ്ങളൊഴിയുമ്പോള്‍ 
എന്റെ പ്രണയത്തിന് 
വിയര്‍പ്പ് പൂത്ത് 
മദിപ്പിക്കുന്ന ഗന്ധമാണ്.
 

click me!