
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കടലാകുന്നവള്‍
വരൂ..,
ഞാന്‍ നിന്റെ കൈകള്‍
പിടിച്ചു നടക്കട്ടെ.
ഒരുപാടടുക്കാതെ,
ഒട്ടുമകലാതെ,
ഏറെ ദൂരം
പോകണം നമുക്ക്.
ഒരു മഴയുടെ
തുടക്കത്തില്‍ നിന്നും
ഒടുക്കത്തിലേക്ക് നീളുന്ന
ഇടവഴിയില്‍ കൂടി,
നീരിറക്കുന്ന
കുന്നുകളിലേക്ക്
ഒറ്റ നോട്ടത്തില്‍
എത്തിപ്പെടണം.
കനമില്ലാത്തൊരു
വെയില്‍ പകുത്തെടുത്ത്
തണുക്കുന്ന
പൂവുകള്‍ക്ക്
കുപ്പായം തുന്നണം.
വിരിഞ്ഞിറങ്ങിയ
പൂവുകളില്‍
പ്രണയമെഴുതി
വരണ്ടണങ്ങിയ
ഉച്ചയിലേക്ക്
ഇറങ്ങിചെല്ലണം.
കടുത്ത
വേനലുകടന്നുവരുന്ന
ആദ്യ മഴയില്‍
നനഞ്ഞു നിവരണം.
പിന്നീടുള്ള മഞ്ഞില്‍
പുതച്ചുമൂടാതെ
തണുപ്പിലേക്കിറങ്ങണം,
വരണ്ട സൂചിക്കാറ്റും കടന്ന്
സൂര്യനെയുമ്മ വയ്ക്കണം.
പറയാന്‍ മറന്ന
പ്രണയത്തിന്‍
വാക്കുകള്‍
ഇനിയുമത്രമേല്‍
ബാക്കിയാവുന്നെങ്കില്‍,
പറയാതെ പോകരുത്.
കേള്‍ക്കുന്ന മാത്രയില്‍
ഒരു കടലാകുന്നവള്‍
ഈ തീരത്തെ മുറുകെ
പിടിക്കുന്നുണ്ട്.
പെരുമഴ പെയ്‌കെ
പെരുമഴ പെയ്യുമ്പോള്‍
ചിമ്മിനി കരയും,
കറുത്തകണ്ണീര്‍ വീണ
അടുപ്പിലെ ചാരം
തവികൊണ്ട്
മാറ്റുമ്പോള്‍
അമ്മയും.
മണ്ണെണ്ണയില്ലാത്ത
വിളക്കിനരുകില്‍
ചെറിയൊരു തിരി
പാമോയിലില്‍
കുതിര്‍ന്ന്
കറിക്കിണ്ണത്തില്‍
തെളിഞ്ഞു നില്‍ക്കും.
പുകഞ്ഞു പുകഞ്ഞു
കത്തുന്ന അടുപ്പില്‍
വാടിവെന്ത
ചോറ്.
പുകമണക്കുന്ന
കാപ്പി.
ഉണരുമ്പോഴേ കളിക്കാന്‍
വെമ്പുന്ന രണ്ട് ബാല്യങ്ങള്‍.
അളന്നളന്നു വിളമ്പിയ
പുഴുക്കലരി ചോറും
അടികൂടി പകുത്ത
ചുമന്ന ചമ്മന്തിയും.
തേഞ്ഞ് തേഞ്ഞു
സോപ്പുപെട്ടിയില്‍
ഒട്ടിപ്പിടിച്ച ലൈഫ് ബോയ്
സോപ്പിന്‍ കഷ്ണം.
എനിക്കും നിനക്കും
പകുത്തെടുത്താല്‍
ഒന്ന് പതഞ്ഞാല്‍
തീരുന്നത്രമാത്രം.
വര്‍ഷം മുഴുവനും
ചവിട്ടേറ്റു തുളകള്‍വീണ
റബ്ബര്‍ ചെരുപ്പ്.
അത് നോക്കി
ചിരിച്ചവന്റെ
മുഖവും ഭാവവും,
ഇന്നും ആ സ്‌കൂള്‍
മരചുവട്ടില്‍
ഇലകള്‍ മൂടി
കിടക്കുന്നു.
ഇസ്തിരിയിടാത്ത നീലപ്പാവാട
ഞൊറി വീണ്
ഞൊറി വീണ്
വിടരാതെ പിഞ്ചിപ്പോയ
കുഞ്ഞ് സ്വപ്നങ്ങള്‍.
ഇല്ലായ്മയുടെ
ഇന്നലെകളില്‍
നിന്നും കൂടെകൂട്ടിയ
വേദനകളിലൂടെ
വിശക്കുന്നവന്റെ
മുഖവും
കഷ്ടപ്പാടിന്റെ
കറുത്ത വരകളും
എത്രയകലത്തില്‍
നിന്നാലും
എത്തിപ്പിടിക്കാറുണ്ട്.
അപ്പോള്‍ മാത്രം
ഹൃദയം പുഞ്ചിരിക്കും
നീയും മനുഷ്യനാണെന്ന്
പറഞ്ഞത് ചേര്‍ത്തുനിര്‍ത്തും
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...