Latest Videos

Malayalam Poem: നീലോന്മാദിനി, ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

By Chilla Lit SpaceFirst Published Mar 11, 2023, 3:42 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

നീലിമകള്‍
നിറഞ്ഞൊഴുകുന്ന
നിമിഷത്തിലാണ്
നീ വന്നത്.

ഓര്‍മ്മകളിലെ നീ
മഴവില്‍ നിറമുള്ള
കപ്പലിലെ കപ്പിത്താനായിരുന്നു.

നിന്‍റെ കപ്പല്‍
കടലിലൊഴുകുന്ന
കൊട്ടാരമായിരുന്നു.
തിരകളെ വെട്ടി
തീരങ്ങള്‍ വെന്നി
നീ കപ്പലോട്ടുമ്പോള്‍

തീരത്ത്
തുരുതുരാ കയ്യടിച്ച
ആരാധികയായിരുന്നു,
അനുരാഗിയായിരുന്നു
ഞാന്‍.

നീ
അരികിലണച്ചിരുന്നു,
ഇത്തിരി നാളുകള്‍
പിന്നെയീ
മങ്ങിയ  നിറങ്ങള്‍
നിന്‍റെ തെളിച്ചക്കണ്ണുകളില്‍
നാരുകോര്‍ത്തെന്ന് കയര്‍ത്തപ്പോള്‍
പതുങ്ങി നിന്നതല്ലേ ഉള്ളൂ.

നീ ആട്ടിയിട്ടും  
നിന്നെ പിണഞ്ഞിരുന്നില്ലേ?

നീ പിഴുതകത്തുമ്പോള്‍
നോവേകാതെ നീങ്ങിയില്ലേ?

എല്ലാ ആനന്ദങ്ങള്‍ക്കും
എല്ലാ ആകുലതകള്‍ക്കും
എല്ലാ ആരവങ്ങള്‍ക്കും
നീല വീശി
അന്ന്
നടക്കല്ലിറങ്ങിയതാണ്.

ഇന്നിപ്പോള്‍.

നീ
അരികിലെത്തി
എല്ലാം ചെമപ്പിച്ചുതരട്ടേന്ന്
ചോദിക്കുമ്പോള്‍;

നീരസത്തോടെ
വാതിലടക്കുകയാണ്,
നീലയില്‍ ഉന്മാദിനിയായി  
നീന്തിത്തുടിക്കുകയാണ്.

നീല കര്‍ട്ടന്‍
നീല ബെഡ് ഷീറ്റ്
നീല സാരി
നീല വെളിച്ചം
നീല കാന്‍വാസും ചായങ്ങളും
നീലമയത്തിലൊഴുകി
നിര്‍വാണമറിയുകയാണ്.


വാതില്‍ കൊട്ടി
നീ വീണ്ടും വിളിക്കുന്നൂ
പരിതപിക്കുന്നൂ
ആരായുന്നൂ.

മടുക്കുന്നില്ലേ?
തിരികെ വന്നൂടെ?

നീ
തരാനെടുത്ത
വെക്കം വാടുന്ന
ചെമന്നപൂനിറത്തേക്കാള്‍

വിഷലിപ്തമായ
ചുംബന ചെമപ്പിനേക്കാള്‍

എന്നും കൂട്ടിരിക്കുന്ന
നിഗൂഢരാഗങ്ങളണിഞ്ഞ
ഈ നീല മതി.

നീല നിലാവിനെ
നെഞ്ചില്‍ പുതച്ച്
നൂറുസ്വരമുതിരും ചിലങ്കയില്‍
നൃത്തം വെക്കട്ടെ.

നീ വരാതിരിക്കുക!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!