മുയല്‍ച്ചിറകുകള്‍

By Chilla Lit SpaceFirst Published Sep 17, 2021, 8:42 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ കവിത
 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

മുയല്‍ച്ചിറകുകള്‍

സൂര്യന്റെ ജ്വലനത്താല്‍
ആകാശത്തില്‍
ജ്ഞാനദീപങ്ങള്‍
നിരന്നു  

എന്റെ കണ്ണില്‍ നിന്നും
കുരുടന്മാരായ
വെള്ളമുയലുകള്‍
വെളിയിലേക്കു ചാടി
നീണ്ട ചെവികളെ  
ചിറകുകളാക്കി വിരിച്ച്
മേലേക്കുപറന്നു

സൂര്യന്‍ പ്രസാദിച്ചപ്പോള്‍  
വെളുത്തമുയലുകള്‍ക്ക്
വെളിച്ചക്കണ്ണുകള്‍ കിട്ടി .

കാഴ്ചകിട്ടിയതും
അവര്‍ ആകാശം
കുഴച്ചുമറിച്ചിട്ടു
അര്‍മാദിച്ചു.

കളി കൂടിയപ്പോള്‍  
മുയല്‍ ചെവികള്‍
അനക്കമില്ലാതെ
വാടിക്കുഴഞ്ഞുപോയി.

നിലം പതിക്കാതിരിക്കാന്‍
വെപ്രാളപ്പെടുമ്പോള്‍ 
ശടശടാ ചിറകടിച്ചു

ഒരു കഴുകന്‍ 
പറക്കുന്നതു കണ്ടു 
പൊടുന്നനെ ആ  കാലില്‍  
അള്ളിപ്പിടിച്ചുനിന്നു.

മൂര്‍ച്ചിച്ചുവളഞ്ഞ
കാല്‍നഖങ്ങളേറ്റു
തൊലിമുറിഞ്ഞു
ചോരയൊഴുകി
നൊന്തുപുകഞ്ഞപ്പോഴും
മുയലുകള്‍ പിടി വിട്ടില്ല
താഴെ വീഴരുതല്ലോ!

കഴുകന്‍ ഇടയ്ക്കു 
പാറയേറിയപ്പോള്‍;
മുയലുകള്‍
വേര്‍പെട്ടു.  

മുറിവേറ്റ കാലുകള്‍ 
വലിച്ചിഴച്ചു നീങ്ങി. 
മാളം കണ്ടതും 
ഇരുട്ടിന്റെ അഭയത്തിലേക്കു
വെളിച്ചക്കണ്ണുകളുമായി പതുങ്ങി.
കഴുകന്‍ കണ്ടാലോ? 

ആ മാളങ്ങള്‍
എന്റെ കണ്ണുകളാണ്.

പോളകളടച്ചുപിടിച്ചു ഞാന്‍ 
വെളിച്ചക്കണ്ണുകളുള്ള മുയലുകളെ 
കൂടുതല്‍ ഇരുട്ടിലാക്കി!

ഇരുട്ട്..വെളിച്ചം..ഇരുട്ട്...
എന്റെ മുയലുകള്‍
ത്രികോണമൂലയില്‍
ചാടിച്ചാടി എത്രകാലം?

click me!