Malayalam Poem : പെരുങ്കടല്‍, ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Sep 22, 2022, 9:25 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിതകള്‍
 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

പകല്‍ കടലാവുന്നു.
രാത്രി പെരുങ്കടലാവുന്നു.
തിരമാലകള്‍ വിശപ്പിന്റെ
അലര്‍ച്ചകളാവുന്നു.

തിരകളുയരുമ്പോള്‍
നുരഞ്ഞുവരികയാണ്
വാരിയെല്ലുന്തിയ  വയറുകള്‍,
കുതിക്കുന്ന എല്ലുകാലുകള്‍,
മുകളിലേക്കു വളഞ്ഞ
വൃത്തമെത്താത്ത വാലുകള്‍,
ഉമിനീരൊലിക്കുന്ന
ചോന്നു കത്തുന്ന നാവുകള്‍,
കൂര്‍പ്പിലേക്ക് മുനച്ച 
മാര്‍ബിള്‍ പല്ലുകള്‍.

മനുഷ്യമാംസം മണക്കുന്നു.
തളപ്പഴിഞ്ഞ വിശപ്പിന്
വേട്ടക്കാരന്റെ ശൗര്യമാണ്.

ഒരു കഷണം ഇറച്ചിയില്‍
കുടല്‍ തണുക്കുന്നു.

വീണ്ടും പൊള്ളുന്നു.

തെരുവില്‍ ചോര
പുഴതീര്‍ക്കുന്നു 
കടലിലേക്ക് ചാലിടുന്നു.

കോളാമ്പിച്ചെവികളിലേക്ക്
നാടൊന്നാകെ 
മറ്റൊരു കടലിളക്കുന്നു.

നീണ്ടു വരുമപ്പോള്‍ 
കറന്റ് വളയങ്ങള്‍
കൂര്‍ത്ത ശിരസിലേക്ക് 
ഇറക്കിവിടുമ്പോള്‍ 
ശാന്തമായ കടലൊഴുക്കുന്നു.
ദയനീയ മുരള്‍ച്ചകള്‍.


അപ്പോഴും 
പാചക ശാലകളിലും,
വീടിന്നടുക്കളയിലും,
കടലിനെ കുറുക്കുകയാണ് 

 

 

നിഴല്‍ ശലഭങ്ങള്‍

നാലുപാടും കത്തുമ്പോള്‍ 
തീ ചാടിവന്ന രണ്ടു നിഴലുകള്‍.
കോര്‍ന്നുകോര്‍ന്നു
ഒറ്റയിലേക്ക് ഇഴുകിച്ചേരുന്നു.

ചുറ്റിലെ  തീ ഉയരുന്നു.
മാനം കത്തിക്കുന്നു.
വൈക്കോല്‍ ചൂളപോലെ
മേഘങ്ങള്‍ വെന്തടരുന്നു.

കരിയും കനലും
താഴേക്ക് പെയ്യുന്നു.
നിഴലുകളെ  വിണ്ടകത്തി
കരിക്കൂന പൊന്തുന്നു.
നിഴലുകള്‍ പിരിയുന്നു.
തീയിലും ചാമ്പലാവാതെ
പൊള്ളലേറ്റ് പുണ്ണുപോലും
പൊന്തിക്കുനുത്തുവരാതെ
അവ മഞ്ഞുകുടയുന്നു.

ശീല്‍ക്കാരത്തോടെ
കൈകോര്‍ത്തു പോവുന്നു
പതിയെ പതിയെ
മുളച്ചുതെഴുന്ന
വര്‍ണ്ണച്ചിറകുകളിലേറി 
ഒന്നുമറിയാത്ത പോലെ
പറക്കുന്നു.

തീയിലും കരിയാത്ത നിഴല്‍ശലഭങ്ങള്‍ 
പല പതിപ്പുകളില്‍ പെരുകുന്നുഴ

ഒന്നുരണ്ടെണ്ണം 
എന്റെ കണ്ണിലെ നനുത്ത ശയ്യയില്‍.
ചിറകുതാഴ്ത്തി ശയിക്കുന്നു.
എന്റെ വിരലുകളില്‍
അവയെ പതിയെ നുള്ളിയെടുത്തു
കൈമെത്തയില്‍ കിടത്തി
സാരോപദേശം നല്‍കുന്നു.

ചെവിപൊത്തിയവര്‍ ചൊടിക്കുന്നു
ചിറകുകള്‍ പൊഴിച്ചിട്ടു
നിഴലുകളായി  ഊര്‍ന്നുപോവുന്നു.
ആ ചിറകുകള്‍
പാഴാവരുതെന്നോര്‍ത്ത്
വെറുതെ ഞാന്‍ അണിയുന്നു.

ചിറകടിച്ചൊന്നു നോക്കിയപ്പോള്‍.
അറിയാതെ പറക്കുന്നു.

തീ അതിരെത്തിയപ്പോള്‍
ചിറകുകള്‍ കരിഞ്ഞു...
എന്റെ നിഴല്‍ പോലും
കത്തിമറഞ്ഞു.
എന്നെ തിരഞ്ഞു
എവിടേക്കാണ് നടക്കേണ്ടത്?

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!