അവിരാമം

By Chilla Lit SpaceFirst Published Jul 27, 2021, 5:22 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഡോ പി കെ ജനാര്‍ദനക്കുറുപ്പ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 


അവിരാമം

നീ നടപ്പതതിന്നൊപ്പമാകിലും
നീയിടയ്ക്കു നടപ്പു നിര്‍ത്തീടിലും
നീളുമീവഴിയെന്നും അവിരാമം
നീങ്ങുകയാണ് കാലമാം യാത്രികന്‍

നെഞ്ചിനുള്ളിലായ് ഉണ്ടൊരലമാര
എത്രയെത്ര ഫയലുകളാണതില്‍
തേടിപ്പോയ സുഖത്തിന്‍ ഫയലുകള്‍
തേടിയെത്തിയ നോവിന്‍ ഫയലുകള്‍

ജീവിതം എന്നാലെന്തെന്ന ചോദ്യത്തി -
നൊറ്റയുത്തരം മൃത്യു എന്നാണെന്നോ
മൃത്യു എന്നാലതെന്തെന്നു ചോദിക്കില്‍
ഉത്തരമില്ലാച്ചോദ്യമെന്നുത്തരം! 

ശാന്തി തേടുകയായിരുന്നോ നിങ്ങള്‍
ജീവിതത്തിന്‍ തുടക്കംതൊട്ടിന്നോളം
ശാന്തി എന്തെന്നോ നോക്കൂ മരണത്തി -
ലേക്കിറങ്ങുന്നയാളിന്റെ കണ്‍കളില്‍

പാവമാണു മരണം നാമെത്രയോ
കാലമായിട്ടതില്‍ പഴി ചാരുന്നു
ദ്രോഹമത്രയും ചെയ്യുന്നു ജീവിതം
സാധു മൃത്യു പ്രതിക്കൂട്ടിലാവുന്നു

സ്‌നേഹമെന്തെന്ന്, തീവ്രത ചോരാത്ത
സ്‌നേഹമെന്തെന്നറിയണോ, ചെല്ലുക
ഒറ്റ വട്ടം മരണത്തിന്‍ പുല്‍കലില്‍-
പെട്ടു നോക്കൂ അയയില്ലൊരിക്കലും

സ്‌നേഹമാകട്ടനുകമ്പയാകട്ടെ 
ജീവനോടെയിരിക്കവേ കാട്ടുക,
പട്ടടയുടെ മുന്നില്‍ കരയുവാന്‍
എത്രപേര്‍ വേറെ വന്നു നിരക്കുന്നു

അന്ത്യയാത്രയ്‌ക്കൊരുങ്ങിയിറങ്ങവെ
തന്റെനേര്‍ക്കൊന്നു -നോക്കുമെന്നോര്‍ത്തുപോയ്
പിന്നെയോര്‍ത്തു ചെറുപ്പത്തിലേ 
പുത്തന്‍ ഷര്‍ട്ടണിഞ്ഞാല്‍
മുഖത്തു നോക്കാത്തവന്‍

ഉള്ളിലാരോ മരിച്ചുകിടക്കുന്നു
എത്ര ശൂന്യത എന്തൊരു മൂകത
ദൂരെ നിന്നൊരു തേങ്ങലിന്നുത്തരം
സത്യം - എന്നേ മരിച്ചുകിടപ്പയാള്‍

click me!