അശുദ്ധനായൊരു മനുഷ്യന്‍

Chilla Lit Space   | Asianet News
Published : Sep 23, 2021, 06:57 PM IST
അശുദ്ധനായൊരു മനുഷ്യന്‍

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് . ഗോകുല്‍ തുവ്വാര എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

അശുദ്ധനായൊരു മനുഷ്യന്‍

എന്റെ ഉടയാടകള്‍ അവര്‍ 
അഴിച്ചെടുത്തോട്ടെ
എന്റെ തുണിസഞ്ചിയിലെ
അവസാനത്തെ അണയും 
അവര്‍ പങ്കിട്ടെടുത്തോട്ടെ

ദൈവമേ
വിശുദ്ധിയുടെ തീരത്ത് ഇതാ
അശുദ്ധനായൊരു മനുഷ്യന്‍ നില്‍ക്കുന്നു
എന്നെ രക്ഷിക്കൂ 

അല്ലെങ്കില്‍ ഇവര്‍ എന്നെ
മരകുരിശില്‍ തറച്ച്
മറ്റൊരു ദൈവമാക്കും 
നിന്നെ പോലെ
ജീവിക്കാന്‍ എനിക്ക് വയ്യ
ദൈവമായതിന്റെ വിഷമം 
അറിഞ്ഞവനാണ് നീ

എന്റെ
ചില്ല് കുപ്പിയിലെ വീഞ്ഞിലേക്ക് 
ഞാന്‍ മടങ്ങിപോകുന്നു
നീ സമ്മതിച്ചാലും ഇല്ലെങ്കിലും

മനുഷ്യനാവണമെങ്കില്‍ 
നിനക്ക് വരാം
എന്റെ ചില്ല് കുപ്പിയുടെ മൂടി 
തുറന്ന് തന്നെ ഞാന്‍ വെച്ചിട്ടുണ്ട്.


ദൈവത്തിന്റെ ഡയറി

മഴവില്ലില്‍ നിന്ന് നിറങ്ങള്‍ അഴിച്ചെടുക്കണം.
മരത്തില്‍ നിന്ന് ശ്വാസവും
പൂവില്‍ നിന്ന് മധുരവും
ഒപ്പിയെടുത്ത്   മാറ്റണം .
മണ്ണില്‍ നിന്ന് മണത്തെ
മേഘങ്ങളില്‍ നിന്ന് ജലത്തെ
കുറുക്കിയെടുക്കണം .
ശബ്ദതവും സൗന്ദര്യവും മൃഗങ്ങളില്‍ നിന്ന്
വായുവില്‍ നിന്ന്  അഗ്‌നിയെ വേര്‍തിരിക്കണം
മനുഷ്യനില്‍ നിന്ന് ?
ദൈവത്തിന്റെ കൈവിറച്ചു
അടുത്ത വരിയില്‍  ദൈവം കുറിച്ചു
'ഓര്‍മ്മകള്‍  പൊലും അരുത്'
അങ്ങനെ
പുതിയ സൃഷ്ടിയുടെ ജനിതകരേഖ
ദൈവം തന്റെ ഡയറിയില്‍ കുറിച്ചുവെച്ചു.

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത