Malayalam Poem : വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Published : Aug 02, 2022, 05:19 PM IST
Malayalam Poem :  വീട് ഉറങ്ങുന്നു,   ഹേമാമി എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    ഹേമാമി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

കുന്നിറങ്ങുന്നു മഴ
കുടചൂടി ഞാനും
മുളയിലകള്‍ നിറഞ്ഞ
വിണ്ടുകീറിയ
മെല്ലിച്ച വഴിതേടി,
നാട്ടിന്‍പുറം തേടി,
നാട്ടുപച്ച കാണാന്‍.

തോടും പരല്‍മീനുകളും
തെളിഞ്ഞും നിറഞ്ഞു-
മൊഴുകും പുഴയും
ദേശപ്പെരുമയോതും കഥകളും
വിസ്മയം കൊള്ളിച്ച,
ഊരിലുറങ്ങുന്ന എന്റെ വീടുകാണാന്‍.

ഓലക്കാറ്റാടിയുമായി ഓടിയ
പാമ്പുപോല്‍ പുളയുന്ന വരമ്പും
പച്ചയില്‍ കുളിച്ച വയലും
വെയിലുപൂത്ത്
വര്‍ണ്ണം ചാര്‍ത്തിയ
കതിരും കണ്ടില്ല.
പകരം കാറ്റ് പുറത്തുപാഞ്ഞുകേറിയ
പ്ലാസ്റ്റിക് കാറ്റാടിമാത്രം.

പടിപ്പുരയിലെ ഉത്തരത്തില്‍ നിന്നും
ഒളിഞ്ഞുനോക്കി 
പല്ലി വാലിട്ടിളക്കി
കളിയാക്കി ചിലച്ചു
പരദേശിയായ നീ ഇപ്പൊ എന്തിനുവന്നു എന്ന ഭാവത്തില്‍.

കാട്ടുപൊന്തകള്‍ നിറഞ്ഞ തൊടിയില്‍
അവിഹിത ബന്ധത്തിലേര്‍പെട്ടപോലെ
മരങ്ങള്‍ മൂടോടെ മറിഞ്ഞുകിടക്കുന്നു.

കാറ്റൊന്നമറിയപ്പോള്‍
കരിയിലകള്‍
തെറിപറഞ്ഞെന്റെ മുഖത്ത് പാറിവീണു.

കാവ്, കാഞ്ഞവെയിലില്‍
കലിതുള്ളി
'കുറച്ചു നൂറും പാലുമെങ്കിലും കരുതാമായിരുന്നു'
എന്റെ മനസ്സ് പൊള്ളി.


കുളക്കടവിലേക്കിറങ്ങിയ
എന്നെക്കണ്ടതും
'ഞങ്ങടെ അമ്മമാരൊക്കെ പോയി കുട്ട്യേ' എന്നുംപറഞ്ഞു 
മീനുകള്‍ വെള്ളത്തിലേക്ക് ഊളിയിട്ടുപോയി.

ഉമ്മറത്തിണ്ണയിപ്പോള്‍
ചിതലിനും പഴുതാരക്കും കളിസ്ഥലം.
മുന്‍പ് കൈസറും കുറിഞ്ഞിയും
കളിതമാശ പറഞ്ഞു,
മണപ്പിച്ചും ചൂടുപറ്റിയും
കിടന്ന സ്ഥലം.

അകായില്‍ വവ്വാലുകളാണ്
അന്തേവാസികള്‍.

വൃദ്ധരായ ഗോവണിപ്പടികള്‍
ചരമഗീതം പാടുന്നുണ്ട്.
അടഞ്ഞ ജനല്‍ തൊട്ടതും
വയ്യാതായി 
വേദനിക്കുന്നുവെന്ന കരച്ചില്‍.

ഞാനും കൂടപ്പിറപ്പുകളും
ഓടിനടന്ന വീട്
നെടുവീര്‍പ്പിട്ട് പതിയെ
പടിയിറങ്ങി.

തൊടിയില്‍നിന്നും ചന്ദനമണമൊഴുകി വന്നു
അമ്മൂമ്മയുടെ മണം
ഒന്നൂടെ തിരിഞ്ഞു നോക്കി.

'ഇവിടെ അപ്പടി പൊടിയും മണ്ണുമാണ്
കുട്ടി പൊയ്‌ക്കോളൂ.
ഇവിടെയൊക്കെയിനിയാര്‍ക്കാണ് വേണ്ടത്.'

അലഞ്ഞുതിരിഞ്ഞ കാലുകളെ കൂട്ടി
മെല്ലെ പടിപ്പുര കടന്നു.

ഒരുകാലത്ത്
പരാതികളില്ലാതെ
തുറന്നിട്ട വാതിലുകളുമായി
എന്നും കാത്തിരുന്ന വീട്.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത