Malayalam Poem : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

Published : Sep 24, 2022, 06:31 PM IST
Malayalam Poem : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


മീന്‍പാച്ചല്‍

കാലില്‍ മസില് കേറി
കോച്ചിപ്പിടിക്കുമ്പോള്‍
സഹിക്കാന്‍ പറ്റാത്തൊരു
അമ്മവിളി എന്നിലേക്കെത്തും.

ഏതു പാതിരായ്ക്കും
ഏത് കോടയിലും
അത് സംഭവിച്ചേക്കാം.

ഏതുറക്കത്തിലും
ഒരുചെവി അമ്മയ്ക്കായ്
തുറന്നുവെച്ചേക്കും.

മോനേയെന്ന ഒറ്റവിളിയില്‍
എല്ലാ ഉറക്കങ്ങളും
പിടഞ്ഞെണീക്കും.

മീന്‍പാച്ചല്* തുടങ്ങിയെന്ന്
കോടിപ്പോയ കാലുകളെ
തടവിക്കൊണ്ടമ്മ 
ഒരു വലിയ നോവിനെ
കടിച്ചമര്‍ത്തും.

മസിലുകേറി പിടയുന്ന
അമ്മയുടെ കാലുകളില്‍
ഇത്തിരി മണ്ണെണ്ണകൂട്ടി
തടവി ചൂട് പിടിപ്പിക്കുമ്പോള്‍
മീനുകള്‍ ഒരു കാലില്‍ നിന്ന്
മറുകാലിലേക്ക് ഓട്ടം തുടങ്ങും.

മണ്ണെണ്ണയുമായി ഞാനും
പിറകേയോടും.

മണ്ണെണ്ണച്ചൂടിനാല്‍
മീനുകള്‍ പതുക്കെ
ഓട്ടം നിര്‍ത്തും.

കാലുകള്‍ പതുക്കെ 
നിവര്‍ന്നുവരും. 

മീനിറങ്ങിപ്പോയ കാലുകളെ
കമ്പിളിപ്പുതപ്പിനാല്‍
ചുറ്റിക്കൂട്ടിവെച്ച്
അമ്മ വീണ്ടും നിദ്രയെ പുല്‍കും.

ചിമ്മിനിവിളക്ക് തിരിതാഴ്ത്തി
പുല്‍പ്പായയില്‍
മണ്ണെണ്ണമണമോടെ
അമ്മവിളികാത്ത് ഞാനുമുറങ്ങും.

ഇന്നെന്‍ കാലുകളില്‍
മീനുകളോടിക്കളിക്കുമ്പോള്‍
മണ്ണെണ്ണ പരതുകയാണ്
ഞാനും കാലവും.

(മീന്‍പാച്ചല് -കാലിന്റെ മസില് പിടുത്തം )

 

ഓലപ്പുര 

പൊളിച്ചിട്ട പുരയില്‍
ആകാശം നോക്കി കിടന്നിട്ടുണ്ടോ?

നിലാവെളിച്ചത്തില്‍ വീടൊരു
നെഞ്ചിന്‍കൂടിന്റെ 
എക്‌സ്‌റെ പോലെ തെളിയുന്നു.

ദ്രവിച്ച കഴുക്കോലുകള്‍ക്കിടയില്‍
തേരട്ടകള്‍ രാത്രിസഞ്ചാരം നടത്തുന്നു.

ഇരതേടിപ്പോയൊരു പക്ഷി
തളര്‍ന്ന ചിറകിനാല്‍
കൂടുതേടിപ്പറക്കുന്നു.

മിന്നിമറയുന്ന നക്ഷത്രങ്ങളെ
കണ്ണെടുക്കാതെ നോക്കി
ഓടിട്ട പുരയെ സ്വപ്നം കാണുമ്പോള്‍ 
മെടഞ്ഞിട്ട ഓല തികയുമോയെന്ന
ആശങ്ക പങ്കുവെക്കുകയായിരിക്കും
അച്ഛനുമമ്മയും.

പൊളിച്ചിട്ട അന്നാണ് പുര
മറയില്ലാതെ ആകാശം കാണുന്നത്,
പുരകെട്ടിത്തീരുമ്പോഴാണ്
അച്ഛനുമമ്മയും
മഴക്കാറ് നീങ്ങിയ 
ആകാശംപോല്‍ ചിരിക്കുന്നത്.
 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത