Malayalam Poem : ഒറ്റയാന്‍, കെ. ആര്‍ ലാലു എഴുതിയ കവിത

By Chilla Lit SpaceFirst Published Nov 28, 2022, 3:34 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ. ആര്‍ ലാലു എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


ആനപ്പാതകളുണ്ട്
അതിലേ പൊക്കോളണം,
അപ്പനപ്പൂപ്പന്മാര്‍
നടന്ന വഴികളാണത്രേ.

ചുറ്റിത്തിരിയാന്‍
ചില പരിധികളുണ്ട്
ആനത്തലവന്‍
നിശ്ചയിച്ചതാണത്രേ.

കേറണ്ടാത്ത
ചില കാട്ടുപച്ചപ്പുകളുണ്ട്,
വനസംരക്ഷകരുടെ
തീട്ടൂരമുണ്ടത്രേ,

നീന്തരുതെന്ന് കല്‍പിച്ചിട്ടുള്ള
ചില പുഴകളുണ്ട്,
വിശുദ്ധരുടെ
കുടിവെള്ളമാണത്രേ.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

പാലിച്ച് പാലിച്ച്
മടുത്തപ്പോളാണവന്‍
ഒറ്റയാനായത്.

ആനപ്പാതകളില്ല,
ഒരു പരിധികളുമില്ല,
കേറണ്ടാത്ത
കാട്ടുപച്ചപ്പുകളില്ല,
നീന്തരുതാത്ത പുഴകളില്ല.

ഇതെന്റെ കാടാണ്,
ഇതെന്റെ കാടാണ്.

ചുറ്റി നടന്നു
ചിന്നം വിളിച്ചു,
ദിക്കുകള്‍ പൊട്ടുമാറുച്ചത്തില്‍.

പച്ചിലക്കാടുകള്‍ വലിച്ചൊടിച്ച്,
പൂഴിമണ്ണ് വാരിയെറിഞ്ഞ്,
ചവിട്ടി ഉന്മാദനൃത്തം.

തല്ലിത്തകര്‍ത്തു,
വിശുദ്ധ വചനങ്ങള്‍
കൊത്തിവെച്ച
കരിങ്കല്‍ മാളികകളെല്ലാം.

ഇതെന്റെ കാടാണ്
ഇതെന്റെ കാടാണ്.

മദം പൊട്ടിയതാണത്രേ
വിദഗ്ധര്‍ വിധിയെഴുതി

തുടരെത്തുടരെ
മൂന്ന് വെടിയൊച്ചകള്‍.

ഒറ്റയാന്‍ സ്വാതന്ത്ര്യത്തിന്
ചുവപ്പന്‍ അരുവി കൊണ്ടൊരടിവര.

ഞങ്ങള്‍ കൊന്നിട്ടില്ല,
ഞങ്ങളാരെയും കൊല്ലില്ല,
സ്വയരക്ഷാര്‍ത്ഥം 
വെടിവെച്ചതാണത്രേ.

ഒറ്റയാന്‍മാര്‍
മേലാളരുടെ
'സ്വയരക്ഷ' യ്ക്ക്
എന്നുമൊരു
വെല്ലുവിളിയാണത്രേ.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!