ദൈവത്തിന്റെ  വൈകുന്നേര നടത്തങ്ങള്‍

By Chilla Lit SpaceFirst Published Aug 11, 2021, 5:56 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മൃദുല രാമചന്ദ്രന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


 

ദൈവത്തിന്റെ 
വൈകുന്നേര നടത്തങ്ങള്‍

വൈകുന്നേരച്ചായ കുടിച്ചു കഴിഞ്ഞ്,
ചില ദിവസങ്ങളില്‍,
ദൈവം മനുഷ്യരുടെ തെരുവുകളില്‍
നടക്കാനിറങ്ങാറുണ്ട് !

പകല്‍പ്പകുതിയില്‍
അഴക്കോലുകളില്‍ കഴുകി വിരിച്ച ഉടുപ്പുകള്‍
വെയിലിലുണങ്ങി മടങ്ങുന്ന
മണമുള്ള നേരങ്ങളാണത് !

ഊതിപൊടിപ്പിച്ച കനല്‍ത്തുമ്പില്‍ 
കായുന്ന ഇരുമ്പ് തവയില്‍
നെയ്മണമുള്ള ദോശകള്‍
മൊരിയുന്ന സ്വരം കേട്ട്,
ദൈവത്തിന് കൊതി വരുന്നു.


തെരുവിലൊരുവള്‍ 
തക്കാളി വിലപേശി വാങ്ങുന്നു,
കച്ചവടപ്പലക മടക്കിയൊരാള്‍ 
മകള്‍ക്ക് പ്രിയമുള്ള 
മധുരപ്പൊതി തിരയുന്നു!

പൊടുന്നനെ ഒരു മഴ പെയ്യുന്നു!
നിവര്‍ത്തിയ കുടയിലേക്ക്,
ആരോ ദൈവത്തെ ചേര്‍ത്തു നിര്‍ത്തുന്നു.
ദൈവത്തിന്റെ കണ്ണു നിറയുന്നു.

വഴികളൊക്കെ വിളക്ക് കത്തിച്ച
ഒരു വീട് തേടി ഓടുന്നു.
വഴിയിലേക്ക് മിഴി നീട്ടുന്ന
അത്താഴമേശയില്‍ ,
പുളിയും, മുളകും കൂട്ടിയരച്ച രുചി
വെപ്രാളം കൊള്ളുന്നു!

സന്ധ്യാപ്രാര്‍ത്ഥന ചൊല്ലുന്ന
നക്ഷത്രങ്ങള്‍ക്കരികെ കൂടി,
ദൈവം മടങ്ങുന്നു!

മനുഷ്യരുടെ വഴിയിലെ പൊടി പുരണ്ട,
ദൈവത്തിന്റെ കാലുകളിലേക്ക്,
ഭൂമി മിഴി പായിക്കുന്നു.

അതാ, ദൈവം കുനിഞ്ഞ്
ഭൂമിയുടെ മൂര്‍ദ്ധാവില്‍-
ഉമ്മ വയ്ക്കുന്നു !

click me!