Malayalam Poem : ഓണ്‍ലൈന്‍ ഡ്രൈവിംഗ് സ്‌കൂള്‍, പ്രമോദ് പി സെബാന്‍ എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jan 08, 2022, 04:53 PM IST
Malayalam Poem :  ഓണ്‍ലൈന്‍ ഡ്രൈവിംഗ് സ്‌കൂള്‍,  പ്രമോദ് പി സെബാന്‍ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രമോദ് പി സെബാന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ശീർഷകം ആവശ്യമില്ലാത്ത ഒന്ന്

അടച്ചിടലിനു ശേഷമാണ്
സുകുമാരേട്ടന്‍
ഡ്രൈവിംഗ് സ്‌കൂള്‍
ഓണ്‍ലൈനാക്കിയത്.
ടൂ വീലര്‍, ത്രീ വീലര്‍,
ലൈറ്റ്, ഹെവി ഒക്കെയും
ഇനിയിതാ വിരല്‍ത്തുമ്പില്‍!

'ഓനല്ലേലും പൂതി
ഇത്തിരി ജാസ്തിയാ,
ആരേലും കേട്ട്‌നോ
വളയം പിടിക്കാനൊര്
സ്മാര്‍ട്ട് ഫോണ്?!'

പൂട്ടിപ്പോയ
ചായപ്പീടികത്തിണ്ണയില്‍
ആളൊഴിഞ്ഞ
മരബെഞ്ചിലിരുന്ന്
മാസ്‌കിന്റെ വിടവിലൂടെ
ഖാദറ് മക്കാറാക്കി.

'ഞ്ഞി അങ്ങനെ
ബര്‍ത്താനം പറയണ്ടാ..'
ഇന്‍ക്വിലാബ് വിളിക്കാതെ
ശബ്ദസാഗരമാകെയടഞ്ഞ്
പ്രാന്തായിപ്പോയ
സഖാവ് കൃഷ്ണന്
അത് മതിയായിരുന്നു.

അനന്തരം
നിശ്ചലമായ
നിരത്തിനെ സാക്ഷി നിര്‍ത്തി
തന്റെ വായനാസമ്പത്ത്
ഖാദറെന്ന നിഷ്ഗുണന്
മുന്നില്‍ ചൊരിഞ്ഞ്
ഒരു വാഗ്വാദത്തിന്
തയ്യാറായി, സഖാവ്.

നീന്തല്
ഫോണില്‍ പഠിച്ച്
അറബിക്കടലില്‍ ചാടിയ
യുവതിയും
ഗ്ലൈഡിംഗ്
യൂട്യൂബില്‍ പയറ്റി
മലമണ്ടയില്‍ നിന്ന്
ചാടിയ സായിപ്പും
സ്‌കേറ്റിംഗ്
തപാലില്‍ പരിശീലിച്ച്
സിനിമയിലെത്തിയ
വില്ലനും
സഖാവ് കൃഷ്ണന്‍
ഉദാഹരിച്ച് വാദിച്ചതും

'ഓന്‍ ഉസ്‌കൂള് നടത്ത്വോ പൂട്ട്വോ
എന്ത് വേണേലും ആക്കട്ട്,
എനക്കെന്താ'
എന്ന് ഉപസംഹരിച്ചു
കെളവന്‍.

അപ്പോള്‍,
ഡിവൈഡര്‍ ഇടിച്ച് തെറുപ്പിച്ച്
ആളില്ലാത്ത റോട്ടിന്റെ
വീതി അളന്ന്
കുതിച്ച് വന്നൊരു
നായക്കുറുക്കന്‍
കിര്‍... ന്ന് ബ്രേക്കിട്ടു
കവലയില്‍.

'പഷ്ട് ഗിയറിലിട്ട്,
ക്ലച്ചീന്ന് കാലെടുത്ത്
ആക്‌സിലേറ്റര്‍
കൊറേശ്ശെ കൊട്ത്ത്...'
ഇറങ്ങിയവന്റെ ഫോണില്‍
സുകുമാരേട്ടന്‍ മുഴങ്ങി.

തലയിലെ വട്ടക്കെട്ടഴിച്ച്
മുണ്ട് ചെരച്ച്
കീശയില്‍ നിന്നും
ഒരു തെറുപ്പനെടുത്ത്
കടിച്ചു പിടിച്ച് വറീതമറി:

'കൊച്ചുങ്ങ പോലും
ഫോണീ പഠിക്ക്ന്ന്, പിന്നാ?!'
 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത