ലയം,  പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Sep 30, 2021, 07:55 PM IST
ലയം,   പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഒരിക്കല്‍ കൂടി നിന്നിലേക്കെന്നെ
ചേര്‍ത്തു നിര്‍ത്തുക
പിന്നൊരിക്കലും
വിട്ടു പോകാത്തവിധം
മോചനമില്ലാത്ത തടവിന്റെ
അഴികള്‍ക്കുള്ളില്‍
ബന്ധിക്കുക

ഓര്‍മ്മയുടെ
ജീവഞരമ്പുകളിലെല്ലാം
നിന്റെ ഗന്ധം നിറക്കുക
മിഴിയിണകളില്‍
സ്‌നേഹമുദ്ര വയ്ക്കുക
മറ്റൊന്നും കാണാത്ത വിധം
അവയടഞ്ഞു പോകട്ടെ

തകര്‍ത്തു കൊള്‍ക
എന്നാല്‍
നിനക്കൊരിക്കല്‍ കൈമാറിയ
എന്റെ ഹൃദയം
തിരികെ നല്‍കാതിരിക്കുക

പങ്കുവയ്ക്കപ്പെടാത്ത
അതിന്റെ പരിശുദ്ധിയില്‍
ശരണമടയുക 

കാലമെടുത്തുപോകും വരെ
എന്റെ ഉയിരില്‍ കലരുക
നിന്റെ ഭ്രമകല്പനകളില്‍
എന്നെ മാത്രം
വരച്ചുചേര്‍ക്കുക
ഭ്രാന്ത് പൂക്കുന്ന ദിനങ്ങളില്‍
എന്നിലേക്ക് ചേക്കേറുക
ഒരിക്കലുമുറവ വറ്റാത്ത
സ്‌നേഹജലത്തില്‍ മുങ്ങി നിവരുക 

ഉന്മാദികളായ പ്രണയികളെന്നു
പൂക്കള്‍ പരിഭവിക്കട്ടെ
ശലഭങ്ങള്‍ നിറം മാറട്ടെ 
പോകും വഴികളിലെല്ലാം 
കാറ്റ് പറഞ്ഞു പോട്ടെ.

അപ്പോഴും തമ്മില്‍ ലയിച്ച
നമ്മെ കണ്ടെത്താന്‍
കൈകോര്‍ത്തു 
കലഹിച്ചുകൊണ്ടേയിരിക്കാം
ഒടുക്കം നമ്മില്‍ത്തന്നെ
വിലയിക്കാം.

PREV
click me!

Recommended Stories

'ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും'; ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെ.ആര്‍. മീര
Malayalam Poems: ഉരഗം, തസ്‌നി വി എഴുതിയ രണ്ട് കവിതകള്‍