Malayalam Poem : പഴങ്കഥ, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

Published : Jun 14, 2022, 03:28 PM IST
Malayalam Poem : പഴങ്കഥ,   പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.     പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

 

കേട്ടുമടുത്ത ഒന്ന്

ഒലിവിന്നിലകള്‍ പോലെ
പ്രണയം തളിര്‍ത്തു 
ഒരു മഴ പെയ്ത്തില്‍
പൂത്തുലഞ്ഞു 
കൊടും വേനലില്‍
വാടിക്കരിഞ്ഞു.

പരാജയത്തിന്റെ
വക്ക് പൊട്ടിയ
പാത്രം പോലെ ജീവിത -
മെന്ന മൂന്നക്ഷരം
മുഖം ചളുങ്ങി
കിടന്നു

വാക്കുകള്‍
വാക് ശരങ്ങളാകുന്നു
എഴുതപ്പെടുന്ന
പുതിയ  നാമപദങ്ങള്‍,

മറവിയില്‍
അരണയെ തോല്‍പ്പിക്കുന്നവള്‍
വേണ്ടാത്ത ഇടങ്ങളിലേക്കു 
പുഴുവിനെപോലെ,
വലിഞ്ഞു കേറുന്നവള്‍
ആവശ്യം ഉള്ളപ്പോഴും,
ഇല്ലാത്തപ്പോഴും
വെറുതെ ചിലക്കും
വീണിടത്തു വാല്‍
മുറിച്ചു രക്ഷ പെടും
പല്ലിയെപ്പോലെ.

പുലര്‍ച്ചെ അലാറം അലറി
ആളെക്കൂട്ടുന്നു,
പുതപ്പിനുള്ളിലേക്ക് 
അരിച്ചെത്തിയ  തണുപ്പിനെ 
വട്ടം പിടിച്ചു
നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു, 
ഒരിത്തിരി നേരം

ശകാര  വര്‍ഷത്തില്‍
തണുപ്പ് ഓടി ഒളിക്കും
ഷവറിന്‍ താഴേക്ക്.

വൈകുവോളം ആടി തീര്‍ക്കാന്‍
അടുക്കളയെന്ന അരങ്ങിലേക്ക്
അവിടെ പുളിക്കാത്ത ദോശമാവും
പഴം കഞ്ഞിയും വരെ
പുരാണം പറഞ്ഞു തുടങ്ങും.

മഴ നനഞ്ഞ പത്രം
പാല്‍ക്കാരന്‍ വെച്ച പാല്‍ കവര്‍
കൊത്തി പൊട്ടിച്ച് 
പാലരുവി തീര്‍ത്ത കാക്ക
പ്രതിഷേധം  കാണിച്ചു
കോക്കര്‍ സ്പാനിയല്‍
താമസിച്ചതിനുള്ള
പ്രബന്ധം  എഴുതിവായിക്കുന്ന
ജോലിക്കാരി 

തീരാത്ത  പകയുടെ 
പുകതുപ്പി അടുപ്പ്
ഇന്നിനി തിളക്കില്ലെന്ന വാശിയില്‍,
കലത്തിലെ  വെള്ളത്തില്‍ 
മുങ്ങിക്കിടക്കുന്ന 
വാടിയ അരി മണികള്‍

നാഴികമണിയിലെ 
മൂന്നു സൂചികള്‍ 
എന്നോട് വാശി തീര്‍ത്തോടുകയാണ്
ചുളിവുകള്‍ നിവര്‍ത്തില്ലെന്ന്
ഇസ്തിരിപ്പെട്ടിയും വാശിയിലാണ് 

ഇന്‍സുലിന്‍, പാല്‍ കഞ്ഞി
ഹൈപ്പര്‍ ടെന്‍ഷന്‍  ഗുളിക 
മകളുടെ വെള്ള യൂണിഫോം
പച്ച റിബ്ബണ്‍, സ്‌നാക്ക്‌സ് ബോക്‌സ്

അലക്കു കല്ലിന്റെ കോണില്‍
കൂടുന്ന മുഷിപ്പുകള്‍
അരകല്ലിന്‍ ചുറ്റും 
വരിതീര്‍ത്തു 
ചോണനുറുമ്പുകള്‍ 

കനല്‍ എരിച്ചു പുക തുപ്പി
പുകയാതെ  പുകയുന്ന അടുപ്പ്  
കവിളില്‍ കറുത്ത രാശിയുമായി
പകയില്ലാതെ ഒരുവള്‍!
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത