Malayalam Poem : മുറിവ്, രമ്യ തുറവൂര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Nov 29, 2022, 6:11 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രമ്യ തുറവൂര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ബസ്സില്‍ യാത്ര ചെയ്യവെ
അടുത്തിരുന്ന പെണ്‍കുട്ടിയുടെ
കൈത്തണ്ടിലെ മുറിവിലേയ്ക്ക്
ഞാന്‍ ഒളികണ്ണിട്ട്
നോക്കിക്കൊണ്ടേയിരുന്നു.

എന്റെ നോട്ടമറിഞ്ഞിട്ടെന്ന പോലെ
അവള്‍ മുറിവിനെ ഒളിപ്പിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ കണ്ണുകള്‍ക്കിടയില്‍
മിന്നലു പോലെയൊന്ന്
തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു.

അവളെ ഒരു ജഡത്തിലേയ്ക്ക് 
ഞാന്‍ ആവാഹിച്ചു കൊണ്ടിരുന്നു.

അവളുടെ മുറിവില്‍ ചോരമണത്തു കൊണ്ട്
ഒരമ്മത്തുമ്പി കഴിഞ്ഞ ജന്മങ്ങളില്‍ നിന്നും
അവളുടെ കൈവെള്ളയില്‍
ചേക്കേറിയിട്ടുണ്ടാകാം

അവളുടെ കാല്‍ച്ചുവട്ടില്‍
ഇറ്റുവീണ ചോരത്തുള്ളിയില്‍ നിന്നും
അകാലത്തില്‍ പുറപ്പെട്ടു പോയ
ഒരു ദുര്‍മന്ത്രവാദിനി
ഉറങ്ങിയുണര്‍ന്നിട്ടുണ്ടാകാം

ഒരു നിമിഷം  കൊണ്ട്
അവള്‍ ചുരണ്ടിയിട്ട ഓര്‍മ്മകളത്രയും
നരകവാതിലിനു മുന്നിലെ
മുണ്ഡനം ചെയ്യപ്പെട്ട ചിരികള്‍ പോലെ
അവളുടെ കാഴ്ചകള്‍ക്കു  ചുറ്റും
പറന്നു  നടക്കുന്നുണ്ടാകാം

ഒരൊറ്റ രാത്രി കൊണ്ട്
അവള്‍ വിഭജിച്ച പുഴ
പരാജിതന്റെ കുപ്പായമണിഞ്ഞ്
അവളുടെ വെള്ളിയാഴ്ചകളിലേയ്ക്ക്
നൂണ്ടിറങ്ങിയിട്ടുണ്ടാകാം

ആത്മഹത്യയ്‌ക്കൊരുങ്ങും മുന്‍പ്
അവളുടെ ചോരയുടെ പരിചിതമായ
ഭൂപടത്തിലേയ്ക്ക്
പലവട്ടം യാത്രപോയിട്ടുണ്ടാകാം

അവളോട് സന്ധി ചെയ്യാത്ത
വേദനകളില്‍ നിന്നും
പാതി  പൊട്ടിയൊരു ഘടികാരം
ജീവിതമേയെന്ന് ഉറക്കെ വിളിച്ച്
അവളില്‍ നിന്നിറങ്ങിയോടിയിട്ടുണ്ടാകാം.

സ്റ്റോപ്പെത്തിയപ്പോഴേയ്ക്കും
ബസ്സില്‍ നിന്നിറങ്ങുന്നതിനിടെ
അവളെ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി..

പൊടുന്നനെ,
ആരോ ഒരാള്‍ 
എന്റെ നിഴലിനെ
വകഞ്ഞിറങ്ങി
എന്നെ നോക്കി നിറുത്താതെ
ചിരിച്ചു കൊണ്ടേയിരുന്നു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!