പാടങ്ങള്‍, പരല്‍മീനുകള്‍

By Chilla Lit SpaceFirst Published Aug 9, 2021, 7:13 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സഞ്ജയ്‌നാഥ് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


 

ദൈവങ്ങളുടെ മണമുള്ള
എന്റെ പൂജാമുറിയില്‍ നിന്നും
ദൈവങ്ങളിറങ്ങി പ്പോയത്
കര്‍ക്കിടകം കലിതുള്ളിയ രാത്രിയിലാണ്

പാടവരമ്പത്ത് പരല്‍മീനിനായി
വലയൊതുക്കി കാത്തിരുന്ന
ചേന്നന്റെയും ചാത്തന്റേയും
മുന്നിലൂടെ ദൈവമൊഴുകി വന്നു.

വിളറിയ മഞ്ഞ വെട്ടത്തില്‍
പാടത്തിലെ വെള്ളത്തില്‍
നീന്തി വന്നൊരു 
വരാലിന്റെ നിഴലിനെ നോക്കി
ചാത്തന്‍ കത്തി വീശി.

ജലംമുറിച്ചാഴങ്ങളിലേക്ക് പോയ 
കത്തി 
മണ്ണിലുറച്ചുവെന്ന് ചാത്തന്‍
ദൈവമൊഴുകി വന്ന ജലമല്ലേ
ഒരു വലംപിരിയന്‍ കാറ്റ്
ചാത്തനെ ജലത്തിലേക്ക് കമഴ്ത്തി.

ഭയം കൊണ്ട് മുറിവേറ്റ ചേന്നന്‍
ഇരുളാഴങ്ങളിലൂടെ ജീവിതത്തിലേക്കോടി
വട്ടം ചുറ്റി പെയ്യുന്ന കര്‍ക്കിടകത്തിന്റെ
രൗദ്ര വേഷത്തില്‍
ചേന്നന്‍ വെളിപാടുകളുടെ
ലോകത്തേക്ക് എറിയപ്പെട്ടു
ചേന്നന് മുന്നില്‍ ദൈവം
അതിരുകളില്ലാത്ത ജല സ്പര്‍ശമായി.

കാലംമുറിച്ചിട്ടൊരു പല്ലിവാല്‍
തുണ്ട് പോലെ പിടച്ചു
കലിതുള്ളിയ കര്‍ക്കിടകത്തിന്റെ
ശമന താളമായി.
ദൈവം ചേന്നനോട് പുരാവൃത്തങ്ങളുടെ
പുഴവെള്ളത്തിലൂടൊഴുകാന്‍പറഞ്ഞു

കഥപറയുന്ന പുഴയിലൂടങ്ങനെ
കഥകള്‍ കൊണ്ട് നനഞ്ഞ് ചേന്നനൊഴുകി
സ്‌നേഹം കൊണ്ടൊരു ജലശയ്യ
തീര്‍ത്ത് പരല്‍ മീനുകള്‍ പുളഞ്ഞു.
ചേന്നന്റെ കാതില്‍ മുത്തുകിലുങ്ങുന്ന
ശബ്ദത്തില്‍ പറഞ്ഞു
വിഷമേല്‍ക്കാത്ത സ്‌നേഹമാണിത്
പകരം ഞങ്ങള്‍ക്ക് ജീവനെത്തരിക.

കത്തി വേഷങ്ങള്‍ നിര്‍മ്മിച്ച
മരണസൌധങ്ങളില്‍ ഞങ്ങളുടെ
മൗനം നിലവിളിക്കുന്നുണ്ട്.
പകുതി വളര്‍ച്ചയില്‍ മൂടപ്പെട്ടൊരു
നെല്ലിന്‍ തണ്ടിലുടെ ചേന്നനൊഴുകി
നിലവിളിക്കാനിടമില്ലാതെ പായുന്ന തവളകള്‍
അന്ത്യ ചുംബനം പോലെ 
ചേന്നനെ സ്പര്‍ശിച്ചു.

കടലെടുത്ത് പോയ സ്‌നേഹങ്ങളുടെ.   
തുരുത്തുകളില്‍ ചേന്നന്റെ മുത്തച്ഛന്‍മാരുടെ
ചേറ് നിറഞ്ഞ ഉടുമുണ്ടുകള്‍
തിരിയാത്ത ചക്രങ്ങളുടെ  ചവിട്ടുപടികളില്‍
മഴനനയുന്ന യൗവ്വനവുമായി ചേന്നന്റെയച്ഛന്‍
ചുവടു തെറ്റാതെ ചെളിവരന്‍്ിലൂടെ
കറ്റച്ചുവടുമായി പോകുന്നയമ്മ.
ഒഴുകിയെത്തുന്ന സ്‌നേഹത്തിന്റെ കാറ്റില്‍
ചേന്നന്റെ ബാല്യം.

ഒരുറക്കത്തിന്റെ  ഉണര്‍ച്ചയില്‍
സ്വപ്നം കൊണ്ട് മുറിവേറ്റ
മനസ്സുമായി ചേന്നന്‍   
ദൈവങ്ങളിറങ്ങിപ്പോയ       
പൂജാമുറികളില്‍, 
നിലവിളിക്കുന്ന  പാടങ്ങളുടെ   
പരല്‍മീനുകളുടെ,
പോക്കാച്ചിത്തവളകളുടെ
ആയുസ്സിനായി പ്രാര്‍ത്ഥിക്കുന്നു.

click me!