നിന്നെ  കണ്ടുമുട്ടാത്തതുകൊണ്ടുമാത്രം

Web Desk   | Getty
Published : Oct 21, 2021, 06:28 PM IST
നിന്നെ  കണ്ടുമുട്ടാത്തതുകൊണ്ടുമാത്രം

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സഞ്ജു ജെയിംസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

നിന്നെ കണ്ടുമുട്ടാത്തതുകൊണ്ടുമാത്രം
സംഭവിക്കാത്ത, ആരും
വായിക്കപ്പെടാത്ത കവിതകള്‍ 

അതുകൊണ്ടുമാത്രം ഒരതിര്‍ത്തിയും
മുറിച്ചുകടക്കാതെ റദ്ദ് ചെയ്യപ്പെട്ട 
നമ്മുടെ തീവണ്ടിയാത്രകള്‍,

നമ്മള്‍ 
കണ്ടുമുട്ടാത്തതുകൊണ്ടുമാത്രം
അന്നയും ദസ്തയേവ്‌സ്‌കിയും നിനക്കേറ്റവും
പ്രിയപ്പെട്ടവരുടെ രാജ്യത്ത് 
ജീവിച്ചിരിപ്പില്ലെന്ന് അതുകൊണ്ടുമാത്രം 
ഞാന്‍ വിശ്വസിച്ചുപോരുന്നു

അതുകൊണ്ടു മാത്രം  
ഒരിക്കല്‍ പോലും നീ മൂളാത്ത 
ഗുലാം അലിയുടേയും 
സൈഗാളിന്റേയും ഗസലുകള്‍, 
ആവര്‍ത്തിച്ചു കാണാത്ത 
പത്മരാജന്റെ സിനിമകള്‍ 

നിന്റെ കണ്ണുകള്‍ തിരഞ്ഞു
ചെല്ലാത്ത മിഠായിത്തെരുവിലെ
ഇരിപ്പിടങ്ങള്‍,
അതേ കടല്‍ തീരം  

നമ്മള്‍ 
പ്രണയിച്ചിട്ടില്ലാത്തതുകൊണ്ടുമാത്രം
പിറക്കാത്ത നമ്മുടെ കുട്ടികള്‍,
അവരുടെ പൊട്ടിച്ചിരികളില്ലാത്ത 
നമ്മുടെ വീട്,
നമ്മള്‍ കണ്ടുമുട്ടാത്തതുകൊണ്ടുമാത്രം
ഒറ്റക്കൊറ്റക്കായി പോകുന്നു

തമ്മില്‍ കണ്ടുമുട്ടാന്‍
സാധ്യതയില്ലാത്തവിധം..!

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത