Malayalam Poem : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത

By Chilla Lit SpaceFirst Published Dec 12, 2022, 7:33 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ദു കൃഷ്ണ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ആണുങ്ങളില്ലാത്ത
ലോകത്തേക്ക്
കാലെടുത്തു വെച്ചപ്പോള്‍
ഒറ്റപ്പെണ്ണുങ്ങളെയും
കാണാന്‍ എടുപ്പുള്ള
ഒരു ഭംഗിയും തോന്നീലാ.

ചിരി മാഞ്ഞ മുഖവും
കിനാവു വറ്റിയ 
കണ്ണുകളുമായി
നിസ്സംഗമായൊരു
നില്‍പ്പ്.

ആരും കാണാനില്ലാത്തോണ്ട് 
തെക്കേലെ സുലുവും
വടക്കേലെ അമ്മിണിയും
ഉടുത്തൊരുങ്ങി നടക്കുന്നില്ല!

താഴ്ത്തി വെട്ടിയ
ബ്ലൗസുകളൊക്കെ
ആറ്റില്‍ മുങ്ങി ചത്തു.
ബിക്കിനികളൊക്കെ
കാറ്റില്‍ പറന്നു പോയി.
കടല്‍ കാറ്റ് കൊള്ളാന്‍
കരേത്ത് വിരിച്ചിട്ട
പെണ്ണുങ്ങളില്ലാതെ
മണല്‍ തരികള്‍
പായാരം പറഞ്ഞു.

മേലേതിലെ ക്ലാര 
ജീന്‍സിനൊപ്പം ഇട്ടിരുന്ന 
വയറു കാണിക്കുന്ന ബ്ലൗസ്
ഊരിയെറിഞ്ഞ്
പഴേ ഷര്‍ട്ടിടാന്‍ തുടങ്ങി;
ആരു കാണാനാ...!

ആരാനാണിന്റെ പൈസക്ക്
ആര്‍ഭാടം കാട്ടിയിരുന്ന
ആനന്ദവല്ലിയിനി
എന്തു ചെയ്യും?

ആണൊരുത്തനില്ലാത്തോണ്ട് 
അടുക്കും ചിട്ടയും
മറന്നു പോയൊരുവീട് 
തലയും കുമ്പിട്ടു നില്‍പ്പുണ്ട്,
തെളിച്ചമില്ലാതെ !

പകല്‍
രാത്രിയിലേക്കു
ചേക്കേറുന്നതോ
രാത്രികള്‍
പുലരിയെ
പുണരുന്നതോ
അറിയാതെ വീടകങ്ങള്‍!

കലം വെച്ചരിയിടാന്‍
നേരത്ത്
അരിയില്ലെന്ന്
കെട്ട്യോനോട് 
കെറുവിക്കാന്‍ 
പറ്റാത്ത വിഷമം 
അങ്ങേലെ മാധവിയും കാണിക്കുന്നു.

കടം മേടിച്ച് 
ഓണക്കോടിയെടുത്തു തന്ന ശങ്കരേട്ടന്റെ
മുഖം മനസില്‍ വന്നപ്പോഴാണ്
ശങ്കരേട്ടന്‍ 
തനിക്കായൊരിക്കലും
ഓണക്കോടി വാങ്ങിക്കാറില്ലല്ലോന്ന് 
നാണിയേട്ത്തിക്ക്
ഓര്‍മ്മ വന്നത്!

ത്യാഗം ചെയ്തവനായിരുന്നു!

പെരുന്നാളിന്
പുതിയ കുപ്പായത്തിനു ചേരണ 
മുടിപ്പൂവിന് പുറമേ 
വളേം മാലേം 
സെറ്റു കമ്മലും വേണന്ന്
വാശി പിടിച്ചപ്പഴാ
നിസാറിക്ക
പറഞ്ഞത്, 
പെണ്ണേ ജമീലാ
ഈ മാസത്തെ 
ലോണടക്കാതെയാ
നമ്മളീ പെരുന്നാളു 
കൊള്ളണെ,
അനക്കത്ര
പൂതിയാച്ചാ
കൊറച്ചു പണി
കൂടുതലെടുത്തിട്ടായാലും
ഞാന്‍ വാങ്ങി തരാന്ന്!

നനവുള്ള സ്‌നേഹം!

ഇന്നിപ്പോ
എടുത്തു തരാനും
പുന്നാരിക്കാനും
ആളില്ലാത്തോണ്ട്
ഓണോമില്ല
പെരുന്നാളുമില്ല!

പ്രണയിക്കാനും
ചതിക്കാനും 
ഇനി പെണ്ണുങ്ങള്‍ക്ക്
ആണുങ്ങളെ
കണികാണാന്‍
കിട്ടൂല.

ചതിയായി പെയ്ത കണക്കുകള്‍!

ഒറ്റക്കിരുന്നു നരച്ച പെണ്ണുങ്ങളാണങ്കിലോ
എത്ര പെട്ടെന്നാണ് 
വാക്കുകള്‍ കൊണ്ട്
യുദ്ധം വെട്ടി
മരിച്ചുവീഴാന്‍ തുടങ്ങിയത്...!
 

click me!