തുന്നല്‍ക്കാരി

Web Desk   | Asianet News
Published : Sep 15, 2021, 07:46 PM IST
തുന്നല്‍ക്കാരി

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്മിത എന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



ഞൊറിവുകളിടുമ്പോള്‍
തയ്യല്‍ക്കാരിയുടെ
ചുണ്ടില്‍
സീനിച്ചെടിയുടെ പൂവിതളുകള്‍
വിരിയുന്നത് കണ്ടുവോ?

അന്നേരമവളൊരു
ഗിയര്‍ലസ് സ്‌കൂട്ടറില്‍
വയലുകള്‍ക്കിടയിലെ
പാതയില്‍
വേഗത കുറച്ചോടുന്ന സ്വപ്നത്തില്‍
നിരപ്പില്ലായ്മയുടെ
ബ്രേക്കില്‍ തലോടും
ഇരുപുറങ്ങളിലും
കുറുന്തെന്നല്‍ നെല്ലോലകളില്‍
ഞൊറിയിഴകള്‍
വരച്ചുകാട്ടും

ചിലപ്പോഴവള്‍ കുഞ്ഞോന്റെ
ഒറ്റമുറി പീടികമുററത്ത് വണ്ടിയൊതുക്കി
ഓടിന്‍ നിഴലെറിഞ്ഞ
നുണക്കുഴികള്‍ ചവിട്ടി കയറും

രുചി മണങ്ങള്‍ പറത്തി വിട്ട അടുക്കള വിരിയിലെ
പപ്പടവട്ടങ്ങളിലവള്‍
അളവ്‌കോലിട്ടു രസിക്കും

ഇടയിലെപ്പോഴോ
ആമ്പല്‍ കുളത്തില്‍
നീന്താനിറങ്ങും
ചെറുമീനുകളവള്‍ക്കു ചുറ്റും
വാലിളക്കി 
അളവൊത്ത ഞൊറിവുകള്‍ കാട്ടിക്കൊടുത്തു

മുങ്ങിനിവരുന്ന
ഓരോ തുന്നലും ഇഴയടുപ്പങ്ങളായും
മെരുക്കങ്ങളായും
പടവുകളായും
ചെരിവുകളായും
അവള്‍ക്കു മുന്നില്‍
കറങ്ങി കറങ്ങി വൃത്തം വരക്കുന്നു.

ഞാനപ്പോള്‍
ഞൊറികളില്‍ മുങ്ങി നിവരുന്ന
ഒരു കവിതയെ
ചെവിക്ക് പിടിച്ച് 
അക്ഷരജലത്തില്‍ മുങ്ങുന്നു.

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത