Malayalam Poem : ഒറ്റ രാത്രി മതി, ശ്രീജിത്ത് വള്ളിക്കുന്ന് എഴുതിയ കവിത

By Chilla Lit SpaceFirst Published Jan 26, 2022, 2:58 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ശ്രീജിത്ത് വള്ളിക്കുന്ന് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

പാതിരാത്രിയില്‍ 
ആ വീടിന് പോലീസുകാര്‍ മുട്ടുമെന്ന് 
ആരും കരുതിയതല്ല

വീട്ടുകാരന്റെ പേര് വിനയനെന്നായിരുന്നു
പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതന്‍

വൈകുന്നേരമായാല്‍ ഒച്ചയനക്കമില്ലാത്ത വീടാണ്
ആരെങ്കിലും വന്നാലറിയിക്കാന്‍ ബെല്ല് പോലുമില്ല
മുറ്റം നിറയെ പൂത്തുനില്‍ക്കുന്ന ചെടിച്ചട്ടികള്‍.
എല്ലാം ഇളക്കിമറിച്ച് പോലീസുകാര്‍ അട്ടഹാസം മുഴക്കി

കഴുവേറിയെന്നും നാറിയെന്നും വിനയനെ വിളിച്ചു
വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കൂര്‍ക്കംവലി
ഉറക്കമുണരും മുമ്പ് കോണ്‍സ്റ്റബിള്‍ മുഖത്തിനിട്ടിടിച്ചു
അന്തംവിട്ട് കലങ്ങിയ കണ്ണുമായി വിനയനുണര്‍ന്നു.

പോലീസുകാരുടെ പരാക്രമങ്ങള്‍ കേട്ട് കോളനിക്കാരെത്തി
വിനയനെയവര്‍ വലിച്ചിഴച്ച് കൊണ്ടുപോയി
ചെടിച്ചട്ടികള്‍ പൊട്ടിച്ച്,  വീടിന്റെ ഗേറ്റടച്ച് പൂട്ടി,
പോലീസ് ജീപ്പ് വേഗതയില്‍ ഓടിച്ച് പോയി.

മോഷണമായിരുന്നു കുറ്റം, 
രാത്രിക്ക് രാത്രി പൊക്കണമെന്ന് ഉത്തരവ്. 
എല്ലാം സമ്മര്‍ദ്ദങ്ങളുടെ കളി!
ചെടിച്ചട്ടികള്‍ക്കിടയില്‍ നിന്ന് തൊണ്ടി കിട്ടിയത്രേ

ലോക്കപ്പില്‍ പോലീസുകാര്‍ കൈത്തരിപ്പ് തീര്‍ത്തു
മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോഴൊക്കെ തല്ല് കൂടുതല്‍ കിട്ടി
കഷ്ടപ്പെട്ട് മിണ്ടാതിരുന്നപ്പോള്‍ അടി കുറഞ്ഞപോലെ തോന്നി.

കുറ്റമൊന്നും ചെയ്തിരുന്നില്ല, 
ഒരു മോഷണവും നടത്തിയിരുന്നില്ല.

പൂച്ചെടികള്‍ വാങ്ങുന്നത് മാത്രമായിരുന്നു 'ദുശ്ശീലം'!
വീട്ടില്‍ പൂച്ചകള്‍ക്കും കോഴികള്‍ക്കും
നായ്ക്കള്‍ക്കും വന്ന് പോവാമായിരുന്നു.

നാരങ്ങാവെള്ളമോ നന്നാറി സര്‍ബത്തോ കൊടുക്കാതെ
അതിഥികളെ വിടാറുണ്ടായിരുന്നില്ല.
അവര്‍ക്കായി കിഷോര്‍ കുമാറും പി ജയചന്ദ്രനും
മധുരനാരങ്ങ പോലെ പാടുമായിരുന്നു.

എന്തിനാണ് വിനയനെ ശരിക്കും പോലീസ് പിടിച്ചത്?
രാത്രി മുഴുവന്‍ ലോക്കപ്പില്‍ കഴിഞ്ഞു, ആരും ചോദിച്ചില്ല, പറഞ്ഞില്ല!
ആളുമാറിയെന്ന ന്യായം പറഞ്ഞ് പിറ്റേന്ന് പോലീസ് കൈമലര്‍ത്തി
നീരുവന്ന് ചോര പൊട്ടിയ വിനയനെ വീട്ടിലെത്തിച്ചു.

ഹോ! പൂച്ചെടികള്‍ കയ്യും കാലുമൊടിഞ്ഞ് കിടന്നു,
വിനയന് കരച്ചില്‍ വന്നു,
ശരീരത്തിലെ മുറിവുകള്‍ക്ക് വേദനയില്ലെന്ന് തോന്നി.
ദൈന്യതയോടെ പോലീസുകാരെ നോക്കി,
ഒന്നും പറയാനില്ലായിരുന്നു!
 

click me!