Malayalam Poem : ഒറ്റച്ചിറകുള്ള തുമ്പികള്‍, ശ്രീകല മനോജ് എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Mar 02, 2022, 04:28 PM IST
Malayalam Poem : ഒറ്റച്ചിറകുള്ള തുമ്പികള്‍,  ശ്രീകല മനോജ് എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീകല മനോജ് എഴുതിയ കവിത    

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഒറ്റച്ചിറകുള്ള തുമ്പികള്‍

എന്റെ മൗനങ്ങളിലേക്ക് അമ്പെയ്യരുത്.
നിന്റെ ഓര്‍മ്മകള്‍ മറന്നു വച്ച
തുലാവര്‍ഷ മേഘമവിടെ 
തിമര്‍ത്തു പെയ്യുകയാണ്.

പ്രണയത്തിന്റെ മഴച്ചുഴികളെ ഇനി
എന്നിലേക്കൊഴുക്കാതിരിക്കുക.

ഗ്രീഷ്മാതപത്തില്‍ ആവിയായിപ്പോയ പെരുംകടലില്‍
വെറും ഉപ്പുപരലുകള്‍ മാത്രമേ ബാക്കിയുള്ളൂ.

വിരഹത്തിന്റെ വിഷാദ തീരങ്ങളിലിപ്പോള്‍
ഒറ്റച്ചിറകുള്ള തുമ്പികള്‍ പുനര്‍ജനിക്കാറില്ല.

വെയില്‍ച്ചില്ലകളില്‍ ചേക്കേറാന്‍
വസന്തം വീണ്ടും വിരുന്നെത്തും വരെ

ഉള്‍ക്കാട് അതിന്റെ പച്ചകളെ 
തിരികെച്ചേര്‍ത്തു പുണരുന്ന നാള്‍ വരെ

ഈ ഏകാന്തതയിലേക്കൊരുപിടി
ഗന്ധരാജന്‍ പൂക്കളെ മാത്രമിറുത്തിടൂ.

ഓര്‍മ്മകളുടെ വസന്തകാലത്തെ ചേര്‍ത്തു പിടിക്കാന്‍ ,
മറ്റൊരു പൗര്‍ണമി നീയെനിക്കു കടം തരേണ്ടതില്ല.


വസന്തം മറന്നു വച്ച സുഗന്ധങ്ങള്‍

നീ
കൊടും മഞ്ഞിലും ഉരുകി-
യൊടുങ്ങുന്ന കരിനീല നിറമുള്ള ദുഃഖം.

തുള്ളിനീരിനായ് ആകാശത്തോളം
വേരാഴ്ത്തി വിയര്‍ക്കുന്ന ഒറ്റമരം.

എന്റെ നിശബ്ദതയിലേക്കാഞ്ഞു തറയ്ക്കുന്ന
മിന്നല്‍പ്പിണര്‍ പോലുള്ള വാക്ക്.

കണ്ണീരുകൊണ്ടീ വിരല്‍ത്തുമ്പിലുറവ
തീര്‍ത്ത മണല്‍പ്പാടു വറ്റിയ പുഴ

ഓര്‍മ്മയില്‍ നിന്നും പറയാ-
തിറങ്ങി പോയൊരു മാങ്ങാക്കാലം

വസന്തം മറന്നു വച്ച സുഗന്ധങ്ങളുമായൊരിക്കലീ
കുളിര്‍ക്കാറ്റ് അരികത്തണയാതിരിക്കില്ല.

നിന്റെ പൊക്കിള്‍ചുഴിയിലേക്ക് ചുറ്റിപടരാന്‍ മാത്രം
പാത്തുവയ്ക്കട്ടെ
മിടിപ്പു വറ്റാന്‍ തുടങ്ങുമൊരിത്തിരി പച്ചയെ.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത