വെളുത്ത മുയലുകളുടെ ആകാശം, സുധീഷ് പി ജി എഴുതിയ കവിത

By Chilla Lit SpaceFirst Published Jun 24, 2021, 6:08 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുധീഷ് പി ജി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ആകാശമിപ്പോള്‍
വെളുത്ത 
മുയലുകളുടേത്
മാത്രമാണ്.

കയ്പ്പിനാല്‍
തമ്മില്‍ മറന്നെന്ന്
വിശ്വസിച്ചും
വിശ്വസിപ്പിച്ചും,
കറുത്ത മഴയുറുമ്പുകളെ
നനുത്ത ചിരി കൊണ്ട് 
പിന്നെയും
തണുപ്പിച്ചും
വെളുത്ത മുയലുകള്‍
മാലാഖമാര്‍ക്കൊപ്പം
സഞ്ചരിക്കുകയാണ്.

നിശാഗന്ധിയെ
തല്ലിക്കൊഴിച്ച കൊടുങ്കാറ്റ്
നടുക്കടലില്‍
കാണാതായതില്‍പ്പിന്നെയാണ്,

നിനയ്ക്കാത്ത നേരത്ത്
മുന്നിലേക്ക് ചാടിവീഴുന്ന,
ഭ്രാന്തന്‍ പൂച്ചയുടെ
ശല്യമൊഴിഞ്ഞതില്‍പ്പിന്നെയാണ്,

കാടന്റെ
ചൂരേറ്റ
കൂരമ്പുകളുടെ
മുനയടര്‍ന്നതില്‍പ്പിന്നെയാണ്,

പാവമാമൊരൊറ്റയിതളിനെ
പലവട്ടം കൊത്തിയ
കരിനാഗമൊടുവിലാ-
വയലോരക്കല്ലില്‍
തലതല്ലിച്ചത്തതില്‍പ്പിന്നെയാണ്,

അതേ,
അതില്‍പ്പിന്നെയാണ്
കറുത്ത മഴകളത്രയും
പെയ്‌തൊഴിഞ്ഞ്
ആകാശം
വെളുത്ത മുയലുകളുടേത്
മാത്രമായത്.

click me!