ജലക്കുപ്പായം, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Oct 26, 2021, 6:43 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ജലക്കുപ്പായം

പോഷകനദിയായ് ചമഞ്ഞെത്തിയ
ദുരയില്‍ മുങ്ങിമരിച്ച പുഴ.

കീറിനരച്ചുപോയ 
അതിന്റെ ജലക്കുപ്പായം

അതിനു കിതപ്പാറ്റാന്‍ 
മുഷിഞ്ഞ, മുലയിടിഞ്ഞ കടവുകള്‍

സ്ഥൂലമാമുടലില്‍
അന്ധമത്സ്യങ്ങളുടെ പലായനം.

മറവിരോഗം ബാധിച്ച ഓളങ്ങളുടെ
കുരുതിക്കളം.

ദാഹത്തിന്റ വിഷാദച്ചിറകുള്ള പറവകള്‍
ഒന്നിനു പത്തായ്,പത്തിനു നൂറായ്
പറന്നിറങ്ങുന്നു.

ക്യാന്‍വാസിലെ സാരിയണിഞ്ഞ പുഴ
'പാലറ്റുകളേ, തുലഞ്ഞുപോ'
എന്നു പൊട്ടിച്ചിരിക്കുന്നു.

കരിഞ്ചിറകടികളേറ്റ് 
ചിത്രകാരന്റെ ആത്മാവു കലങ്ങുന്നു.

മൃതിതന്‍ ചായങ്ങളില്‍ വിരല്‍ മുക്കി
അയാള്‍ തന്റെയവസാനമുദ്ര 
പതിപ്പിക്കാനൊരുങ്ങുന്നു.

 

ഇരുവര്‍

രണ്ടു സഹോദരങ്ങളുണ്ടായിരുന്നു; 
ജനിച്ചപ്പോഴേ വിധിവശാല്‍ 
പിരിഞ്ഞു പോയവര്‍.

പല ക്ലിഷ്ടയുഗങ്ങളിലൂടെയും
വിധിവൈപരീത്യങ്ങളിലൂടെയും 
യാത്ര ചെയ്ത്
ഒടുവിലവര്‍ 
തങ്ങളുടെ മോക്ഷതീരത്ത് 
വന്നണഞ്ഞു;
വന്നടിഞ്ഞു.

തമ്മില്‍ തിരിച്ചറിയാന്‍ 
അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായതേയില്ല

ഒരാളുടെ കാല്‍മടമ്പില്‍ 
അമ്പുകൊണ്ട മുറിവുണ്ടായിരുന്നു

മറ്റേയാളുടെ കൈവെള്ളയിലാകട്ടെ
മനോഹരമായൊരു ആണിത്തുളയും


ആനവണ്ടിയും ചുണ്ണാമ്പും 

കയറ്റം കയറി പോകുന്ന
ചില കെഎസ്ആര്‍ടിസി ബസ്സുകളില്‍നിന്ന്
പാല പൂത്ത മണം വരാറുണ്ട്.

അപ്പോ, ബാക്ക്പാക്കും വലിച്ചെറിഞ്ഞ്
അതിന്റെ പുറകെ 
ചുമ്മാ ഓടിപ്പോകാന്‍ തോന്നും.

ആള് കയറാനുണ്ട് 
എന്നലറി വിളിക്കാന്‍ തോന്നും .

ചുണ്ണാമ്പു പറ്റിയ 
കൈകൊണ്ട് വനിതാ കണ്ടക്ടര്‍ 
ചില്ലറയെണ്ണിത്തരും.

ഒന്നു മുറുക്കിത്തുപ്പാനുളള 
തോന്നല്‍ കലശലായി
ഷട്ടര്‍പാളി പതുക്കെയുയര്‍ത്തുമ്പോള്‍
നിലാവില്‍ കുളിച്ചു നില്‍ക്കുന്ന 
ചുവന്ന മരങ്ങള്‍ കണ്ട് ഞെട്ടിത്തെറിക്കും.  

മറ്റു യാത്രക്കാരെല്ലാം 
അപ്രത്യക്ഷരായതായി 
കണ്ട് നിലവിളി പോലും 
തള(ക)ര്‍ന്നുപോകും.

പുറകിലുള്ള കണ്ടക്ടറുടെ 
സീറ്റില്‍ നിന്നപ്പോള്‍ ചിരി മുഴങ്ങും.

നിര്‍ത്താതെയുള്ള ചിരി.

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!