Poem : ആകസ്മികമായി ചെസ് ബോര്‍ഡില്‍ കുടുങ്ങിയ ഒരു പെണ്‍ കാലാള്‍, താരാനാഥ് ആര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Dec 30, 2021, 4:48 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് താരാനാഥ് ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ആകസ്മികമായി ചെസ് ബോര്‍ഡില്‍ കുടുങ്ങിയ ഒരു പെണ്‍ കാലാള്‍! 

സാധ്യതകളുടെ അറുപത്തിനാല് കളങ്ങളിലൊന്നില്‍
ഒരു ദിവസം 
ഒരു പെണ്‍ കാലാള്‍ വന്നു പെട്ടു 

കറുപ്പും വെളുപ്പുമെന്ന് 
അതിനിശിതം വേര്‍തിരിക്കപ്പെട്ട സമചതുരങ്ങളില്‍ 
ചാരവര്‍ണ്ണത്തിന്റെ രാഷ്ട്രീയം 
തൊട്ടുതീണ്ടിയിട്ടില്ലെന്ന് 
വന്നമാത്രയില്‍ അവള്‍ തിരിച്ചറിഞ്ഞു. 

പടച്ചട്ടയും തൊപ്പിയും ധരിച്ചു 
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത,
ഒരടി മാത്രം വെക്കാന്‍ വിധിക്കപ്പെട്ടതില്‍ 
പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നാത്ത,
ചെരിച്ചു വെട്ടാമെങ്കിലും 
ഒരിക്കലും പിന്നില്‍ നിന്നു കുത്താത്ത, 
ഒരടി പോലും പിന്നോട്ടു വെക്കാത്ത
കാലാളുകളില്‍ ഒരാളായി അവളും.

യുദ്ധതന്ത്രങ്ങളുടെ  നീക്കങ്ങളില്‍
ബാഹ്യശക്തിയാല്‍
കരുവാക്കപ്പെട്ട,
പ്രത്യക്ഷത്തില്‍ സമാനരായ 
ഏഴു പേര്‍ക്കൊപ്പം.

പലരും വീണു 
ചിലര്‍ രാജാവിനെ രക്ഷിക്കാന്‍ 
ഒന്നിടവിട്ട സിസിലിയന്‍ പ്രതിരോധകരായി.

ഏഴു പേരില്‍ ആരെ അനുകരിക്കണമെന്നറിയാതെ 
അവള്‍ ആശങ്കാകുലയായി.
എതിര്‍ പക്ഷത്തെ കറുത്ത കുതിരകളില്‍ ഒന്ന്, 
അവളിലെ ആ സംശയം തിരിച്ചറിഞ്ഞ പോല്‍ ലക്ഷ്യം വെച്ചു.

മുന്നോട്ടാഞ്ഞു വലത്തു മാറി തന്നെ വെട്ടുമെന്ന ഭയത്താല്‍ 
പ്രാണരക്ഷാര്‍ത്ഥം 
ആറു കളം മുന്നോട്ട് നീങ്ങിയതും 
അവള്‍ പ്രേതാവേശിതയായി 

മരിച്ചു വീണ പടത്തലവന്റെ അധികാരവും 
സ്വത്വവും പേറി 
സഞ്ചാരസ്വാതന്ത്ര്യത്താല്‍ മദിച്ചു 

പക്ഷേ ഉള്ളാലെ ആത്മാവു മന്ത്രിച്ച 
തത്വസംഹിതകളാല്‍ 
രൂപാന്തരപ്പെട്ട പടത്തലവന്‍ 
വാളു താഴെ വെച്ചു 
സ്വന്തം രാജാവിനോടും
ശത്രുവിനോടും ഒരേ സ്വരത്തില്‍ 
യുദ്ധമില്ലായ്മയുടെ ശാന്ത തന്ത്രങ്ങള്‍
ഓതി 

കറുപ്പും വെളുപ്പും കലര്‍ന്ന കളം
ശോക സാമ്രാജ്യത്തിന്റെ വെണ്ണീറില്‍ 
ചാരനിറം പൂണ്ടു
കളങ്ങള്‍ക്കു നടുവില്‍ 
സ്ത്രീബുദ്ധനായി നിലകൊണ്ടു.
 

click me!