Malayalam Poem : അക്ഷരവടിവ്, ടോബി തലയല്‍ എഴുതിയ കവിത

Published : Jul 19, 2022, 03:09 PM IST
Malayalam Poem :  അക്ഷരവടിവ്,  ടോബി തലയല്‍ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ടോബി തലയല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

'അ' എന്നാദ്യാക്ഷരം 
കണ്ഠത്തില്‍ മുറിയുമ്പോള്‍ 
പൊള്ളുന്ന കനലില്‍ നി-
ന്നോര്‍മ്മ കൈ വലിക്കുന്നു 

'ആ'യുടെ കാതില്‍ നീണ്ട
തോട്ടിയാല്‍ വലിക്കുമ്പോള്‍ 
നീറുന്ന സ്വരവുമായ്
ആനയൊന്നെണീക്കുന്നു  
 
'ഇ'താരാ? ചോദ്യം കേട്ട്
ഇരുട്ടില്‍ പതുങ്ങുന്നു 
എലിയെ പിടിക്കാനെ-
ന്നൊരു പൊയ് പറയുന്നു

'ഈ'യെന്ന് പല്ലുകാട്ടി
ആര്‍ത്തൊന്നു ചിരിച്ചിട്ട് 
ഈച്ചയെപ്പോലെ 
ചുറ്റിപ്പറക്കുന്നൊരക്ഷരം 

'ഉ'രുള കഴിക്കാത്ത 
കുട്ടിയൊന്നുറക്കത്തില്‍ 
മുട്ടിന്മേലിരിക്കുന്നു
ഉറക്കെ കരയുന്നു 

'ഊ' എന്നാരോ ഊതി 
വേദനയകറ്റുന്നു 
ഊഞ്ഞാലൊന്നിടാന്‍ വാക്കിന്‍
കൊമ്പിന്മേല്‍ കയറുന്നു

'ഋ'ണഭാരത്താല്‍ കൂനി-
പ്പോയൊരു കര്‍ഷകന്റെ
കഴുത്തില്‍ കുരുക്കായി 
മാറരുതൊരിക്കലും   

'എ'ങ്കിലും നീയോ? പിന്നില്‍ 
കത്തിമൂര്‍ച്ചയില്‍ കോര്‍ത്ത് 
നില്‍ക്കുന്നു മുറിച്ചിട്ട 
വാക്കുപോലനങ്ങാതെ  

'ഏ'തു ശബ്ദമാണതില്‍ 
കെട്ടിയ മണികളാല്‍
മധുരം, പ്രണയാര്‍ദ്രം 
ഈണത്തില്‍ വിളിക്കുന്നു

'ഐ'ക്യമെന്നൊരു മുദ്രാ-
വാക്യവും വിളിച്ചുകൊ-
ണ്ടെപ്പോഴും ചുരുട്ടിയ
മുഷ്ടിയോ നീ നീട്ടുന്നു 

'ഒ'രിക്കല്‍ നീ സമ്മതം
മൂളിയതാണെന്നാലും 
ചുരുണ്ടോരില പോലെ
മിണ്ടാതെ മടങ്ങുന്നു

'ഓ'ര്‍മകളുണ്ടാവണ-
മെന്നൊരു വിഷുപ്പക്ഷി,  
ഓണത്തിനെത്താമെന്ന
പഴമ്പാട്ടുമായ് കുയില്‍  

'ഔ'ചിത്യം വേണം ഓരോ
വാക്കിലും നോക്കിലുമെ -
ന്നെപ്പോഴും മൊഴിയുന്ന 
മുത്തശ്ശിയാണല്ലേ നീ?

'അം'ബരം ചുംബി,ച്ചെന്നാല്‍ 
അമ്മ തന്‍ ആനന്ദമായ് 
സാകല്യം നുകരുന്ന 
കണ്ണനായ് മയങ്ങുന്നു 

'അ'മ്മയെന്നൊരു വാക്കിന്‍ 
മടിയിലല്ലോ അര്‍ത്ഥം 
തേടി അക്ഷരക്കൂട്ടം
ഓടിവന്നിരിക്കുന്നു!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത