Malayalam Poem : മഞ്ഞവെളിച്ചത്തില്‍ കവിത വായിക്കുന്നവന്‍, വെങ്കിടേശ്വരി കെ എഴുതിയ കവിത

By Chilla Lit SpaceFirst Published Aug 10, 2022, 3:14 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വെങ്കിടേശ്വരി കെ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

മഞ്ഞ വെളിച്ചത്തില്‍
എന്റെ ചുണ്ടുകള്‍
നോക്കി
നീ കവിത
വായിക്കുന്നു.


ചുംബനങ്ങളേക്കാളും
മേലേക്ക് കനലു പാറി
നെഞ്ചു പൊള്ളുന്നു.

നിന്റെ മുഖം 
പരതി ഞാന്‍ തളരുന്നു.

കവിതയോളം
വേവുന്നു.

കണ്ണില്‍
കവിതകള്‍ നൃത്തം
വരയ്ക്കുന്നു.

 

.............................

Read Also: ജോസേപ്പേന് , വെങ്കിടേശ്വരി കെ എഴുതിയ കവിത

.............................

 

ഞാന്‍
നിര്‍ത്താതെ കിതച്ചു.
എനിക്ക് ശ്വാസം
മുട്ടുന്നുണ്ടായിരുന്നു.

എന്നാല്‍,
നിര്‍ത്തൂ...
കവിത വായിക്കുന്നത്
ഒരല്പം നേരത്തേക്ക്
നിര്‍ത്തൂ... എന്ന്
പറയാന്‍ എനിക്ക്
ആവില്ലായിരുന്നു.

കവിതകള്‍ കൊണ്ട്
കൊല്ലുന്ന മനുഷ്യന്‍.

കവിതകളുടെ ഓരോ
ഇടവേളകളും
കിടപ്പു മുറികളിലെ
കാത്തിരുപ്പുകളെ
ഓര്‍മിപ്പിച്ചു.

ഞാന്‍
ചലനമറ്റിരുന്നു.

 

.....................

Also Read : നെറയെ നെറയെ പെണ്ണുങ്ങള്‍

.....................

 

ഇടവേളകളുടെ ദൂരം
മരിച്ചു പോയ
പ്രിയപ്പെട്ടവളുടെ
കല്ലറയില്‍
പൂക്കള്‍ നിറച്ച്
സ്‌നേഹം പങ്കുവെയ്ക്കുമ്പോള്‍
ജഡമായി തീര്‍ന്നതില്‍
നിരാശ പൂണ്ട
ശവത്തെപ്പോലെ ഞാന്‍
കുണ്ഠിതപ്പെട്ടു.

നീ കവിത
വായിക്കുമ്പോള്‍
നഗരങ്ങള്‍
നിര്‍മ്മിക്കപ്പെടുകയും
ചാമ്പലാവുകയും
ചെയ്തു .

എനിക്കിഷ്ടമല്ലാത്ത
മഞ്ഞ വെളിച്ചം,
കവിതയുടെ നിറമായി.

നീ വായിക്കുന്നതിനാല്‍
മാത്രം
മഞ്ഞവെളിച്ചം
മാഗ്മയോളം
കത്തിനില്‍ക്കുന്നു.

കവിതകള്‍ എന്നെ
തിന്നുകയും
പുനര്‍ജീവിപ്പിക്കയും
ചെയ്തു.

കവിത വായിക്കുമ്പോള്‍
നോട്ടം കൊണ്ട്
നീയെന്നെ
വിഘടിപ്പിക്കുന്നു.

ഞാന്‍ വിയര്‍ക്കുന്നു.

നീ കവിത
നിര്‍ത്തുന്നതേയില്ല.

എന്റെ ചുണ്ടുകള്‍
നോക്കി
നീ പിന്നെയും
കവിത വായിക്കുന്നു.
കവിത കൊണ്ട്
എന്റെ ചുണ്ടുകള്‍
വരളുകയും
വിണ്ടു കീറുകയും
കത്തിപോകുകയും
ചെയ്യുന്നു.

നീ ഇറങ്ങിപ്പോയിട്ടും
മുറി മുഴുക്കെ
കവിത
മുഴച്ചു നില്‍ക്കുന്നു.
ചലിക്കാനാവാതെ
ഞാന്‍ തടഞ്ഞു
നില്‍ക്കുന്നു,

മരിച്ചോ ജീവിച്ചോ എന്ന്
ഞാന്‍ നറുക്കെടുക്കുന്നു?

ശ്വാസം ആസ്വസ്ഥമാവുന്നു.

നിന്റെ
ജനല്‍ചില്ലുകളില്‍
എന്റെ പ്രതിബിംബം
വീഴുന്നു.

 

..........................

Also Read : പെണ്‍മുറി, വെങ്കിടേശ്വരി കെ എഴുതിയ കവിതകള്‍

..........................


നിന്റെ നെറ്റിയിലെ
വിയര്‍പ്പു ചാലില്‍
നീന്തല്‍ അറിയാത്ത
കുഞ്ഞായി
ശബ്ദമില്ലാതെ ഞാന്‍
മുങ്ങിതാഴുന്നു.

ഉണരാനാവുമ്പോള്‍
മുറിയില്‍ പിന്നെയും
നീ മഞ്ഞവെളിച്ചം
കൊളുത്തുന്നു.

കവിത
വായിക്കുന്നു,
 
എന്നെ കൊന്നിടുന്നു.

വീണ്ടും വീണ്ടും
മരിക്കാനും
ജീവിക്കാനും
ഞാന്‍ ശീലിക്കുന്നു.

നീയെന്റെ മുടി
അടര്‍ത്തി
അക്ഷരങ്ങള്‍ക്ക്
തീറ്റിയിടുന്നു,

ഞാന്‍ ഞാവല്‍ പഴം
തിന്നുന്ന പക്ഷിയാവുന്നു.

എലി തിന്ന
മച്ചിലൂടെ
കവിതകളോടോപ്പം

നിന്റെ ഭ്രമണപഥത്തില്‍
കുരുങ്ങി ഒരു
ധൂമകേതു
ഞെട്ടറ്റു വീണ്
മുറി നിറയുന്നു.

എന്റെ കണ്ണടയുന്നു.

 

.......................

Also Read: മരിച്ചതില്‍ പിന്നെ

.......................

 

മഞ്ഞവെളിച്ചത്തില്‍
നീ പക്ഷികള്‍ക്ക്
കൂടു നെയ്യുന്നു,
ഉറക്കത്തിലും
പ്രിയപ്പെട്ടവനെയെന്ന് 
എന്റെ ശബ്ദം തൊണ്ടയില്‍
കുരുങ്ങുന്നു,

കാമുകനെ പോലെ
നീ ചിരിക്കുന്നു.
നിന്റെ കവിതയില്‍
എന്റെ നഗരം
വിശുദ്ധമാക്കപ്പെടുന്നു.

നഗരം മുഴുക്കെ 
മഞ്ഞ ചിത്രശലഭങ്ങള്‍
പെറ്റു പെരുകുന്നു.

 

Also Read: തേരട്ടകള്‍, വെങ്കിടേശ്വരി കെ എഴുതിയ കവിത

click me!